ഫാക്ട് ചെക്ക്: മുസ്ലിംകൾക്ക് യുഎസിൽ നിരോധനമേർപ്പെടുത്തണമെന്ന് ട്രംപ്? വാസ്തവമെന്ത്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മുസ്ലിംകളെ

Claim :
മുസ്ലിംകൾ യുഎസിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ട്രംപ്Fact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. 2015ലെ ട്രംപിന്റെ പരാമർശമാണ് പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നത്
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ ആരംഭിച്ചു. 1960-ലെ സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചു. അട്ടാരി-വാഗ ചെക്ക്പോസ്റ്റ് അടച്ചുപൂട്ടും. സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല (SPES വിസയിൽ നിലവിൽ ഇന്ത്യയിലുള്ള ഏതൊരു പാകിസ്താൻ പൗരനും ഇന്ത്യ വിടാൻ 48 മണിക്കൂറാണ് സമയം നൽകിയത്). ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ജീവനക്കാരെ പിൻവലിച്ചു. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ അംഗബലം 30 ആയി കുറയ്ക്കും എന്നിവയാണ് സുരക്ഷാ യോഗത്തിലെ നടപടി. പിന്നാലെ പാകിസ്താനും നടപടി ആരംഭിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത പൂർണമായും അടച്ചു. 1972ലെ ഷിംല കരാർ മരവിപ്പിച്ചു. വാഗാ അതിർത്തി അടച്ചു. ഇന്ത്യൻ പൌരൻമാർക്കുള്ള വിസ റദ്ദാക്കി. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
അതിനിടെ പഹൽഗാം ആക്രമണത്തിന് പിന്നാലെ മുസ്ലിംകൾക്കെതിരെ അമേരിക്കയുടെ നടപടി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. മുസ്ലിംകൾക്ക് യുഎസിൽ പൂർണ നിരോധനമേർപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. നമ്മുടെ രാജ്യത്തെ പ്രതിനിധികൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നതുവരെ മുസ്ലംകൾ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് പൂർണ്ണമായും നിർത്തണമെന്ന് ഡൊണാൾഡ് ജെ ട്രംപ് ആഹ്വാനം ചെയ്യുന്നു എന്ന് ട്രംപ് പറയുന്ന 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മുസ്ലിംകൾ അമേരിക്കയിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. 2015ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് നടത്തിയ പരാമർശമാണ് പ്രചരിക്കുന്നതെന്നും കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷമമായി പരിശോധിക്കുമ്പോൾ ട്രംപിന് പിന്നിൽ ഗ്രേറ്റ് എഗൈൻ എന്നും Donaldjtrump.com എന്നും എഴുതിയതായി കാണാം. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നിന്നുള്ള വീഡിയോ ആകാമെന്നും മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന ട്രംപിന്റെ പ്രചാരണ വാചകമാണ് പിന്നുള്ളതെന്നും സൂചന ലഭിച്ചു. വസ്തുത അറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ ബിബിസി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. 2015 ഡിസംബർ 8ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രംപിന്റെ പ്രസ്താവനയും ചേർത്തിട്ടുണ്ട്. കാലിഫോർണിയയിൽ ഉണ്ടായ വെടിവെപ്പിന് പിന്നാലെ മുസ്ലീംകൾ യുഎസിലേക്ക് പ്രവേശിക്കുന്നത് തടയണമെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തെന്നാണ് വാർത്ത. യുഎസിനോടുള്ള മുസ്ലീകളുടെ മനോഭാവം കണ്ടെത്താൻ കഴിയുന്നത് വരെ സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്നാണ് ട്രംപിന്റെ ആഹ്വാനം. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ട്രംപിന്റെ പ്രസ്താവന. സൌത്ത് കാരലൈനയിലും ട്രംപ് പ്രസ്താവന ആവർത്തിച്ചതായും റിപ്പോർട്ടിലുണ്ട്.
മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന ഡോണൾഡ് ട്രംപ് ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിദ്വേഷ പരാമർശം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പള്ളികളിൽ പരിശോധന നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടെന്ന് ദ ഗാർഡിയൻ റിപ്പോർട്ടിലുണ്ട്.
വൈറൽ വീഡിയോ സ്കൈ ന്യൂസ് യൂട്യൂബിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മുസ്ലിംകൾ അമേരിക്കയിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. 2015ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പ്രസ്താവനയാണ് പ്രചരിക്കുന്നത്. കാലിഫോർണിയയിൽ ഉണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവനയെന്നും കണ്ടെത്തി.

