ഫാക്ട് ചെക്ക്: മെയ് 1 മുതൽ ഫാസ്ടാഗിന് പകരം ജിപിഎസ് ടോളിങ്ങോ?
ഫാസ്ടാഗ് സംവിധാനത്തിന് പകരമായി രാജ്യവ്യാപകമായി ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം നടപ്പിലാക്കുകയാണെന്നാണ് പ്രചാരണം

Claim :
മെയ് 1 മുതൽ ഫാസ്ടാഗിന് പകരം ജിപിഎസ് ടോളിങ്Fact :
മെയ് ഒന്ന് മുതൽ ജിപിഎസ് ടോളിങ്ങിലേക്ക് മാറുന്നത് സംബന്ധിച്ച് തീരുമാനമില്ലെന്ന ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ടോൾ പ്ലാസകളിൽ ANPR-FASTag-അധിഷ്ഠിത ബാരിയർ-ലെസ് ടോളിംഗ് സിസ്റ്റം നടപ്പിലാക്കും
2019 ഡിസംബര് ഒന്നുമുതലാണ് ഇന്ത്യയിൽ ഫാസ്റ്റ് ടാഗ് സംവിധാനം നിർബന്ധമാക്കുന്നത്. ടോൾബൂത്തുകളിൽ പണമടയ്ക്കാതെ പ്രീ പെയ്ഡ് സംവിധാനത്തിലൂടെ ഓട്ടോമാറ്റിക്കായി അക്കൌണ്ടിൽ നിന്ന് പണമടയ്ക്കുന്ന രീതിയാണ് ഫാസ്ട് ടാഗ്. 2025 ഫെബ്രുവരി 17 മുതൽ ഇന്ത്യയിലുടനീളം പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ നിലവിൽ വന്നു. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, റോഡ് ഗതാഗത - ഹൈവേ മന്ത്രാലയവും ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഫാസ്റ്റ് ടാഗ് ഉപയോഗത്തിൽ വീഴ്ച വരുത്തുന്ന ഉപയോക്താക്കൾക്കെതിരെ പിഴ ചുമത്തുന്നത് കർശനമാക്കുന്നുതാണ് പുതിയ നിയമം. അതിനിടെ ഫാസ്റ്റ് ടാഗ് സംവിധാനത്തിന് പകരമായി രാജ്യവ്യാപകമായി ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം നടപ്പിലാക്കുകയാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. 2025 മെയ് 1 മുതൽ കേന്ദ്ര സർക്കാർ ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനത്തിലേക്ക് മാറുമെന്നാണ് പോസ്റ്റ്.
ഫാസ്റ്റ് ടാഗുകൾ ഇനി വേണ്ടേ?
മെയ് 1 മുതൽ ഇന്ത്യ ഉടൻ തന്നെ ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനത്തിലേക്ക് മാറും.
⚡നിങ്ങൾ ഓടിക്കുന്ന കിലോമീറ്ററിന് മാത്രം പണം നൽകിയാൽ മതി
⚡സാറ്റലൈറ്റ് ജിപിഎസ് വഴിയുള്ള റിയൽ-ടൈം ട്രാക്കിംഗ്.
⚡ടോൾ ബൂത്തിൽ ഇനി കാത്തിരിക്കേണ്ടതില്ല
ഈ പുതിയ സംവിധാനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
എന്ന വിവരണത്തോടെയാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ


വസ്തുത പരിശോധന:
മെയ് ഒന്നുമുതൽ രാജ്യം ജിപിഎസ് ടോൾ സംവിധാനത്തിലേക്ക് മാറുകയാണെന്ന പ്രചാരണം വ്യാജമാണ്. രാജ്യവ്യാപകമായി ജിപിഎസ് ടോൾ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ കീ വേഡ് പരിശോധനയിൽ എൻഡിടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭിച്ചു. ദേശീയപാതകളിലെ ടോൾ പ്ലാസകൾ നിലവിലുള്ള ഐസിഡി 2.5 പ്രോട്ടോക്കോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും തടസ്സമില്ലാത്ത ടോൾ അടവുകൾക്കായി ഉപയോക്താക്കൾ ഫാസ്റ്റ് ടാഗ് വാലറ്റുകൾ യുപിഐയുമായോ ബാങ്ക് അക്കൗണ്ടുകളുമായോ ഓട്ടോ റീചാർജ് ഓപ്ഷനുകളുമായി ബന്ധിപ്പിക്കാൻ ഗതാഗത മന്ത്രാലയം നിർദേശിച്ചതായാണ് റിപ്പോർട്ട്.
കൂടുതൽ പരിശോഝ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 2025 ഏപ്രിൽ 18ന് പ്രസിദ്ധീകരിച്ച വാർത്ത കുറിപ്പ് ലഭിച്ചു. 2025 മെയ് 1 മുതൽ സാറ്റലൈറ്റ് ടോളിംഗ് സംവിധാനം ആരംഭിക്കുമെന്നും നിലവിലുള്ള ഫാസ്റ്റ് ടാഗ് ടോൾ പിരിവ് സംവിധാനത്തിന് പകരമാകുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരമൊരു നീക്കത്തിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമോ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്ത വരുത്തിയാണ് പിഐബി വാർത്ത കുറിപ്പ്. ടോൾ പ്ലാസകളിലൂടെ വാഹനങ്ങളുടെ സുഖമമായ സഞ്ചാരം ഉറപ്പാക്കാനും യാത്രാ സമയം കുറയ്ക്കുന്നതിനുമായി തെരഞ്ഞെടുത്ത ടോൾ പ്ലാസകളിൽ 'ANPR-FASTag-അധിഷ്ഠിത ബാരിയർലെസ് (തടസ്സരഹിത) ടോളിങ് സംവിധാനം ഒരുക്കുമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
തെരഞ്ഞെടുത്ത ടോൾ പ്ലാസകളിൽ സ്ഥാപിക്കുന്ന ‘ANPR-FASTag-അധിഷ്ഠിത ബാരിയർ-ലെസ് ടോളിംഗ് സിസ്റ്റം’ നടപ്പിലാക്കുന്നതിനായി ദേശീയ പാത വികസന അതോറിറ്റി ബിഡ് ക്ഷണിച്ചിട്ടുണ്ട്. ഈ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിച്ച് രാജ്യവ്യാപകമായി നടപ്പിലാക്കുന്നത് പരിഗണിക്കുമെന്നുമാണ് വാർത്ത കുറിപ്പിലുള്ളത്.
മെയ് ഒന്നുമുതൽ രാജ്യം ഫാസ്ടാഗിന് പകരം ജിപിഎസ് ടോൾ സംവിധാനത്തിലേക്ക് മാറുകയാണെന്ന പ്രചാരണം വ്യാജമാണ്. രാജ്യവ്യാപകമായി ജിപിഎസ് ടോൾ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുത്ത ടോൾ പ്ലാസകളിൽ ANPR-FASTag-അധിഷ്ഠിത ബാരിയർ-ലെസ് ടോളിംഗ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

