ഫാക്ട് ചെക്ക്: പ്രചരിക്കുന്നത് വിജയ് രൂപാണിയുടെ ഭൗതികാവശിഷ്ടങ്ങളുടെ ചിത്രമല്ല
ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ ഭൌതികാവശിഷ്ടങ്ങളെന്ന വിവരണത്തോടെയാണ് പ്രചാരണം

Claim :
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭൗതികാവശിഷ്ടങ്ങൾFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. ഈജിപ്തിലെ മമ്മിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. 2025 ജൂൺ 15ന് രാവിലെ 11.10 ന് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു വിജയ് രൂപാണി. 2016 ഓഗസ്റ്റ് മുതൽ 2021 സെപ്റ്റംബർ വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്ന് അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ പറഞ്ഞു. 2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI 171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് പുറത്ത് അപകടത്തിൽപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 1:30ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. ടേക്ക് ഓഫിന് നിമിഷങ്ങൾക്കകം വിമാനം തകർന്ന് വീണു. അപകടത്തിൽ ഇതുവരെ 270 പേർ മരിച്ചു. മരിച്ചവരിൽ 241 പേർ യാത്രക്കാരും 29 പേർ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികളും സമീപവാസികളുമാണ്.
അതിനിടെ വിജയ് രൂപാണിയുടെ ഭൌതികാവശിഷ്ടങ്ങളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുകയാണ്.
1206 — വിജയ് രൂപാണിയുടെ അവസാന വിമാന തീയതി
AI171 വിമാനത്തിൽ അഹമ്മദാബാദിൽ നിന്ന് വിജയ് രൂപാണി പറന്നുയർന്നു, അത് തന്റെ അവസാന വിമാനമാകുമെന്ന് അറിയാതെ. ബിസിനസ് ക്ലാസിൽ അദ്ദേഹം ലണ്ടനിൽ ഭാര്യയെയും മകളെയും കാണാൻ പോവുകയായിരുന്നു. വിജയ് രൂപാണിയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളിൽ "1206" എന്ന നമ്പർ രൂപാണിയുടെ ഭാഗ്യ നമ്പറായിരുന്നു 2025 ജൂൺ 12 ന് അദ്ദേഹത്തിന്റെ ജീവനെടുത്ത എയർ ഇന്ത്യ ഫ്ലൈറ്റ് AI 171 ദുരന്തം വരെ.
ദുരന്തത്തിൽ 279 പേർ മരിച്ചു, ഒരു രാജ്യം ഞെട്ടലിലാണ്, അത്ഭുതകരമായി ഒരാൾ മാത്രം അതിജീവിച്ചു. അദ്ദേഹത്തിന്റെ മരണം സി.ആർ. പാട്ടീലാണ് സ്ഥിരീകരിച്ചത്. ബിജെപിക്കും ഗുജറാത്തിനും ഇരുണ്ട ദിനമായി അടയാളപ്പെടുത്തി.
എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭൌതികാവശിഷ്ടം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്നത് ഈജിപ്ഷ്യൻ മമ്മിയുടെ ചിത്രമാണെന്ന് വ്യക്തമായി
പ്രചാരണത്തിന്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ സമാന വീഡിയോ ഒരു യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. @oasifKhan എന്ന യൂട്യൂബ് ചാനലിൽ നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുരാതന ഈജിപ്തിലെ രാജാക്കന്മാരുടെ സ്ഥാനപ്പേരായ ഫറോവ എന്നതിന്റെ അറബി പദമാണ് ഫിറൗൻ എന്ന തലക്കെട്ടോടെയാണ് വീഡിയോ.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ നിരവധി മാധ്യമ റിപ്പോർട്ടുകൾ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. ഈ റിപ്പോർട്ടുകൾ പ്രകാരം അഹ്മോസ് മമ്മി അല്ലെങ്കിൽ അഹ്മോസിന്റെ മമ്മി എന്നറിയപ്പെടുന്ന ഭൌതികാവിശിഷ്ടങ്ങളുടെ ചിത്രമാണിത്. ഈജിപ്തിലെ ലക്സർ മ്യൂസിയത്തിലാണ് പ്രസ്തുത മമ്മി സൂക്ഷിച്ചിരിക്കുന്നത്. പ്രശസ്തമായ 45 പുരാതന ഈജിപ്ഷ്യൻ മമ്മികളുടെ പട്ടിക എന്ന തലക്കെട്ടോടെ ഈജിപ്ത് ടൂർസ് പോർട്ടൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അഹ്മോസ് മമ്മിയെ കുറിച്ച് വിശദമായി പറയുന്നുണ്ട്. അതിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രമാണെന്ന് കണ്ടെത്തി. പതിനെട്ട്, പത്തൊൻപത് രാജവംശങ്ങളിലുള്ളവരുടെ മമ്മികൾക്കൊപ്പം 1881-ൽ ദെയ്ർ എൽ-ബഹ്റിയിൽ നിന്നാണ് അഹ്മോസ് ഒന്നാമന്റെ മമ്മി കണ്ടെത്തിയതെന്ന് റിപ്പോർട്ടിലുണ്ട്.
നിരവധി ഈജിപ്ഷ്യൻ ടൂർ ഗൈഡുകളും ഇതുമായി ബന്ധപ്പെട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മഹ്മൂദ് ഹമാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ മമ്മിയുടെ നിരവധി ഫോട്ടോകളും കണ്ടെത്തി. മമ്മി ലക്സർ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ശവപ്പെട്ടി കെയ്റോയിലെ തഹ്രീർ സ്ക്വയറിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിലാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭൌതികാവശിഷ്ടം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് ഈജിപ്ഷ്യൻ ഈജിപ്തിലെ ലക്സർ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന അഹ്മോസ് ഒന്നാമന്റെ മമ്മിയുടെ ചിത്രമാണെന്ന് വ്യക്തമായി

