ഫാക്ട് ചെക്ക്: ഓടുന്ന ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല
ബംഗ്ലാദേശിൽ നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

Claim :
ഓടുന്ന ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിക്കുന്ന റോഹിംഗ്യൻ / ബംഗ്ലാദേശിFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല, ബംഗ്ലാദേശിൽ നിന്നുള്ളതാണ്.
ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയാൽ അവരെ നാടുകടത്തും. നാടുകടത്തൽ വരെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും പിന്നാലെയാണ് മെയ് 19 ന് കേന്ദ്രം നിർദേശം നൽകിയത്. മെയ് 7 നും ജൂൺ 11 നും ഇടയിൽ ഏകദേശം 2,500 ബംഗ്ലാദേശി പൗരന്മാരെ നാടുകടത്തിയെന്നാണ് കണക്ക്.
അതിനിടെ ഓടുന്ന ട്രയിനിൽ ട്രാക്കിൽ നിന്ന് കൊള്ളയടിക്കുന്ന റോഹിംഗ്യൻ / ബംഗ്ലാദേശ് സ്വദേശികളെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. ട്രാക്കിൽ നിന്ന് ഒരാൾ വടി ഉപയോഗിച്ച് ട്രെയിനിലെ യാത്രക്കാരുടെ കൈകളിൽ അടിച്ച് മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റെയിൽവെ ട്രാക്കിന്റെ സമീപം കുടിലുകളിൽ കെട്ടി താമസിച്ച് ട്രെയിൻ യാത്രക്കാരെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ബംഗ്ലാദേശി / റോഹിംഗ്യൻ എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ വൈറലാവുന്നത്.
പോസ്റ്റും ലിങ്കും ചുവടെ:
വസ്തുത പരിശോധന:
ഇന്ത്യൻ റെയിൽവെ ട്രാക്കുകൾക്ക് സമീപം കുടിലുകൾ കെട്ടി താമസമാക്കി ട്രെയിൻ യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ള മോഷ്ടിക്കുന്ന റോഹിംഗ്യക്കാർ / ബംഗ്ലാദേശികൾ എന്ന വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോയിലുള്ളത് ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ അല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയാഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് പരിശോധനയിൽ വീഡിയോയുടെ കൂടുതൽ വ്യക്തമായ പതിപ്പ് ഞങ്ങൾ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയുടെ മിറർ വീഡിയോയാണ് ലഭിച്ചത്. വീഡിയോയ സൂക്ഷമമായി പരിശോധിക്കുമ്പോൾ പച്ചയും ക്രീമും നിറത്തിലുള്ള ട്രെയിനിന്റെ ഓരോ ബോഗിയിലും ബംഗ്ലാ ലിപിയിലുള്ള വാചകങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിൽ പ്രധാനമായും പ്രാദേശിക ഭാഷകളിലല്ല മറിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് എഴുത്തുകൾ ഉണ്ടാവാറുള്ളത്.
കൂടുതൽ കീ ഫ്രേമുകൾ പരിശോധിച്ചപ്പോൾ ബോഗി നമ്പറും മറ്റൊരു ബോഗിയിൽ ടെക്സ്റ്റും ശ്രദ്ധയിൽപ്പെട്ടു. 2319 എന്ന നമ്പറാണ് ബോഗിയിലുള്ളത്. ബോഗിയിൽ BR എന്ന് എഴുതിയതും കാണാം. ഇന്ത്യൻ റെയിൽവേയുടേതല്ല ട്രെയിനെന്ന സൂചന ലഭിച്ചു.
ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ ആകെ 18 സോണുകളാണ് ഉള്ളത്. റെയിൽവേ ചാർട്ട് പരിശോധിച്ചപ്പോൾ ഒരു സോണുകൾക്കും BR എന്ന ചുരുക്കപ്പേര് ഇല്ലെന്ന് കണ്ടെത്തി. ഇതോടെ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് സൂചന ലഭിച്ചു.
ലഭ്യമായ വിവരം പ്രകാരം "BR 2319" എന്ന കീവേഡുകൾ ചേർത്ത വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്സ് ഇമേജിലൂടെ വീണ്ടും പരിശോധിച്ചു. അലാമി വെബ്സൈറ്റിൽ ബംഗ്ലാദേശ് റെയിൽവേയുടെ ഇന്റർസിറ്റി ട്രെയിനിന്റെ ചിത്രം നൽകിയതായി കാണാം. ട്രയിനിന് മുകളിൽ ജീവൻ കയ്യിൽ പിടിച്ചുള്ള യാത്രയെന്ന വിവരണത്തോടെയാണ് ചിത്രം നൽകിയിരിക്കുന്നത്. ബംഗ്ലാദേശ് തലസ്ഥാനമായി ധാക്കയിൽ നിന്നുള്ളതാണ് ചിത്രം.
ചിത്രത്തിലെ ട്രെയിനും വൈറൽ വീഡിയോയിലെ ട്രയിനും സാമ്യമുള്ളതായി കാണാം. ഇരു ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോൾ രണ്ട് ട്രെയിനും ഇന്റർസിറ്റിയാണെന്ന് വ്യക്തമാകും. താരതമ്യം ചുവടെ
ഇതോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഇന്ത്യൻ റെയിൽവേയുടെ ട്രെയിനല്ലെന്ന് വ്യക്തമായി.
ഇന്ത്യൻ റെയിൽവേ ട്രാക്കുകൾക്ക് സമീപം കുടിലുകൾ കെട്ടി താമസമാക്കി ഓടുന്ന ട്രെയിനിൽ യാത്രക്കാരെ വടി ഉപയോഗിച്ച് ആക്രമിച്ച് മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന റോഹിംഗ്യക്കാർ / ബംഗ്ലാദേശികൾ എന്ന വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. വൈറൽ വീഡിയോയിലുള്ളത് ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ അല്ല മറിച്ച് ബംഗ്ലാദേശ് റെയിൽവേയുടെ ഇന്റർസിറ്റി ട്രെയിനാണ്. വീഡിയോയുടെ ഉറവിടം കണ്ടെത്താനായില്ലെങ്കിലും പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും ധാക്ക ഇന്റർസിറ്റി എക്സ്പ്രസിന്റേതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

