വസ്തുത പരിശോധന: ടോൾ ബൂത്തിന്റെ 60 കി.മീ പരിധിയിലുള്ളവർക്ക് സൌജന്യയാത്ര?
ടോൾ ബൂത്തിന്റെ 60 കി.മീ പരിധിയിൽ താമസിക്കുന്നവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് സൌജന്യമായി റോഡ് ഉപയോഗിക്കാമെന്നാണ് പ്രചാരണം

Claim :
ടോൾ ബൂത്തിന്റെ 60 കി.മീ പരിധിയിലുള്ളവർക്ക് സൌജന്യയാത്രFact :
60 കിലോമീറ്റർ പരിധിയിൽ ഒന്നിലധികം ടോൾ ബൂത്തുണ്ടാവില്ലെന്നാണ് 2022ൽ കേന്ദ്രമന്ത്രി പറഞ്ഞത്
സംസ്ഥാനത്തെ ദേശീയപാത വികസന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പണി പൂർത്തിയാക്കി ദേശീയപാത തുറക്കുമ്പോൾ വിവിധയിടങ്ങളിൽ പണം പിരിക്കാൻ ദേശീയപാത വികസന അതോറിറ്റി ടോൾ ബൂത്തുകളും സജ്ജമാക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 821.43 കിലോമീറ്റർ ദേശീയപാത 66 ആണ് ആറ് വരി പാതയായി വികസിപ്പിക്കുന്നത്. ഈ വർഷാവസാനം പണി പൂർത്തിയാക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ ദേശീയപാത തുറക്കുമ്പോൾ വരുന്ന ടോൾ ബൂത്തുകളും ടോൾ സംഖ്യയെക്കുറിച്ചും ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. ഇതിനിടെയാണ് ഒരോ ടോൾബൂത്തിന്റെയും 60 കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ടോൾ നിരക്ക് ഒഴിവാക്കുമെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. ഒരു ടോൾബൂത്തിന്റെ 60 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് സൌജന്യമായി റോഡ് ഉപയോഗിക്കാമെന്നും ടോൾ നൽകേണ്ടതില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞെന്ന് അവകാശപ്പെട്ടാണ് പ്രചാരണം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ
വീട്ടിൽ നിന്ന് 60 കി.മീ ദൂരത്തിൽ ടോൾബൂത്തുണ്ടെങ്കിൽ ടോൾ അടയ്ക്കേണ്ടെന്നും ആധാർ കാർഡ് ഉപയോഗിച്ച് പാസ് ചെയ്യാമെന്നും കേന്ദ്ര സർക്കാർ നിർദേശമെന്നാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. ടോൾബൂത്തിനടുത്തുള്ളവർക്ക് ആധാർ ഉപയോഗിച്ച് പാസ് നൽകുന്ന കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറയുന്നതും കാണാം.
വസ്തുത പരിശോധന:
ദേശീയപാത വികസനത്തിന് ശേഷം ടോൾബൂത്തിന്റെ 60 കി.മീ ചുറ്റളവിൽ താമസിക്കുന്നവർക്ക് ടോൾ ഒഴിവാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി പറഞ്ഞിട്ടില്ല. പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്.
ടോൾ ബൂത്തിന് 60 കി.മീ ചുറ്റളവിൽ താമസിക്കുന്നവർക്ക് ടോൾ നൽകേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി പറഞ്ഞിട്ടുണ്ടോ എന്നറിയാൻ കീവേഡ് പരിശോധന നടത്തി. പ്രചരിക്കുന്ന വീഡിയോയിൽ ആധാർ ഉപയോഗിച്ച് പാസ് നൽകുന്ന കാര്യം മന്ത്രി പറയുന്നുണ്ട്. എന്നാൽ മറ്റൊരു കാര്യമെന്ന് സൂചിപ്പിച്ചാണ് 60 കി.മീ പരിധിയുടെ കാര്യം പറയുന്നത്. കീവേഡ് പരിശോധനയിൽ ദേശീയപാതകളിൽ 60 കിലോമീറ്റർ ദൂരത്തിൽ ഒരു ടോൾ പ്ലാസ മാത്രമേ ഉണ്ടാകൂ എന്നും ഒന്നിൽ കൂടുതൽ ടോൾ പ്ലാസകൾ ഉണ്ടെങ്കിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ അടച്ചുപൂട്ടുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞതായി ദ ഹിന്ദു 2022 മാർച്ച് 22ന് റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എക്സിൽ പങ്കുവെച്ച വീഡിയോയിൽ 60 കി.മീ ചുറ്റളവിൽ ഒന്നിലധികം ടോൾപ്ലാസ നിയമവിരുദ്ധമാണെന്ന് പറഞ്ഞതായും ദ ഹിന്ദു റിപ്പോർട്ടിലുണ്ട്. ഇകണോമിക് ടൈംസ് ഉൾപ്പടെ മറ്റു മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ എക്സ് അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്തുത വീഡിയോ പരിശോധിച്ചു.
2022 മാർച്ച് 22ന് സൻസദ് ടിവിയിൽ സംപ്രേഷണം ചെയ്ത ലോക്സഭയിൽ നിന്നുള്ള വീഡിയോയാണ് നിതിൻ ഗഡ്കരി പങ്കുവെച്ചത്. വീഡിയോയിൽ ടോൾബൂത്തിന്റെ സമീപത്ത് താമസിക്കുന്നവർക്ക് ആധാർ ഉപയോഗിച്ച് പാസ് നൽകുന്നതിനെ കുറിച്ചാണ് നിതിൻ ഗഡ്കരി ആദ്യം സംസാരിക്കുന്നത്. ഇതിന് പിന്നാലെ രണ്ടാമത്തെ കാര്യം എന്നെടുത്ത് പറഞ്ഞാണ് 60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസ മാത്രമേ ഉണ്ടാകൂവെന്നും ഒന്നിലധികം ടോൾപ്ലാസയുണ്ടെങ്കിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ അത് അടച്ചുപൂട്ടുമെന്നും മന്ത്രി പറയുന്നത്. ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. വൈറലായ വീഡിയോയിലുള്ളത് പോലെ രണ്ട് കാര്യങ്ങൾക്കും ബന്ധമില്ലെന്ന് വ്യക്തമായി. കൂടുതൽ വ്യക്തതയ്ക്കായി പ്രസ്തുത ദിവസത്തെ നിതിൻ ഗഡ്കരിയുടെ ലോക്സഭയിലെ പ്രസംഗം പരിശോധിച്ചു. നിതിൻ ഗഡ്കരിയുടെ യൂട്യൂബ് ചാനലിൽ മന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണരൂപം നൽകിയതായി കണ്ടെത്തി.
വീഡിയോയുടെ 25 മിനിറ്റ് 14 സെക്കൻഡിൽ ടോൾപ്ലാസയിൽ ആധാർ ഉപയോഗിച്ച് പാസ് നൽകുന്ന കാര്യം എംപിമാർ ആവശ്യപ്പെട്ടതായി നിതിൻ ഗഡ്കരി പറയുന്നുണ്ട്. തുടർന്ന് അടുത്ത വിഷയമായാണ് 60 കി.മീ പരിധിയിലുള്ള ഒന്നിലധികം ടോൾ പ്ലാസകൾ അടക്കുന്നതിനെക്കുറിച്ച് പറയുന്നത്. രണ്ട് വിഷയങ്ങളിലെ പ്രസ്താവനകളാണ് ഒന്നാക്കി പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി.
60 കി.മീ ദൂരത്തിൽ ടോൾബൂത്തുണ്ടെങ്കിൽ ടോൾ അടയ്ക്കേണ്ടെന്നും ആധാർ കാർഡ് ഉപയോഗിച്ച് പാസ് ചെയ്യാമെന്നും കേന്ദ്ര സർക്കാർ നിർദേശമെന്നത് തെറ്റിധരിപ്പിക്കുന്ന പ്രചാരണമാണ്. രണ്ട് വിഷയങ്ങളിലെ മന്ത്രിയുടെ പ്രസ്താവന ഒരുമിപ്പിച്ചാണ് പ്രചാരണമെന്ന് കണ്ടെത്തി

