ഫാക്ട് ചെക്ക്: മാലിദ്വീപിൽ കീഴടങ്ങൂ എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി മോദിയുടെ ചിത്രം? വാസ്തവമെന്ത്?
കീഴടങ്ങൂ എന്ന തലക്കെട്ടോടെ മാലിദ്വീപ് പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ പ്രദർശിപ്പിച്ച ചിത്രമെന്നാണ് പ്രചാരണം

Claim :
മാലിദ്വീപ് പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ കീഴടങ്ങൂ എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി മോദിയുടെ ചിത്രംFact :
പ്രചാരണം വ്യാജമാണ്. മാലിദ്വീപ് പ്രതിരോധ മന്ത്രാലയത്തിൽ പ്രദർശിപ്പിച്ച പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്ത് ചേർത്തതാണ് 'കീഴടങ്ങൂ' എന്ന തലക്കെട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനം പൂർത്തിയായിരിക്കുകയാണ്. മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി. ദ്വിദിന സന്ദർശനത്തിനായി 2025 ജൂലൈ 25ന് മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് മാലി പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തില് ഊഷ്മള വരവേൽപാണ് നൽകിയത്. തുടർന്ന് ഇരു നേതാക്കളും നടത്തിയ കൂടികാഴ്ചയിൽ എട്ട് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 4850 കോടി രൂപ മാലദ്വീപിന് വായ്പ നൽകാനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ളതാണ് കരാറുകൾ. മാലിദ്വീപിന്റെ ഏറ്റവും വിശ്വസ്ത പങ്കാളിയാണ് ഇന്ത്യയെന്ന് പ്രസിഡന്റ് മുയിസു പറഞ്ഞു. പ്രധാനമന്ത്രി മോദി കൂടെ പങ്കെടുത്ത വാർത്ത സമ്മേളനത്തിലാണ് പ്രതികരണം. ഇന്ത്യയുമായുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്നും ഇന്ത്യ രാജ്യത്തിന്റെ ദീർഘകാലമായുള്ള പങ്കാളിയാണെന്നും മുയിസു പറഞ്ഞു. മുഹമ്മദ് മുയിസു അധികാരത്തിലെത്തിയ ശേഷം സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടിനെ തുടർന്ന് വഷളായ ഇന്ത്യ - മാലദ്വീപ് ബന്ധം മുയിസു, ഇന്ത്യയിലെത്തി മോദിയുമായി നേരിട്ട് ചർച്ച നടത്തിയ ശേഷമാണ് മെച്ചപ്പെട്ടത്.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കീഴടങ്ങാൻ ആവശ്യപ്പെടുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മാലി പ്രതിരോധ മന്ത്രാലയത്തിന്റെ ചുമരിൽ മോദിയുടെ ചിത്രവും മുകളിൽ കീഴടങ്ങൂ (സറണ്ടർ) എന്നെഴുതിയതുമായ ചിത്രമാണ് പ്രചരിക്കുന്നത്. എക്സിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ വിവരണം (ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്തത്) ചുവടെ.
ഈ ചിത്രം ഒരു കെട്ടിടത്തിന്റെയല്ല, മറിച്ച് ഒരു മാനസികാവസ്ഥയുടെതാണ് - കീഴടങ്ങുക??
മാലിദ്വീപ് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമരിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒരു ചിത്രമുണ്ട്, അതിൽ കീഴടങ്ങൂ എന്ന് എഴുതിയിരിക്കുന്നു??
ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ ഒരു തമാശയായി മാറിയതിനെക്കുറിച്ച് ഇപ്പോഴും എന്തെങ്കിലും സംശയമുണ്ടോ?
👉 ഇത് നയതന്ത്രമാണോ അതോ അടിമത്തത്തിന്റെ പുതിയ യുഗമാണോ?
👉 പ്രധാനമന്ത്രിയുടെ മൗനം ഇപ്പോൾ ദേശീയ താൽപ്പര്യമാണോ അതോ ദേശീയ അപമാനത്തിന് സമ്മതമാണോ?
ഒരു ചെറിയ ദ്വീപ് രാജ്യം ഇന്ത്യയെ ഇങ്ങനെ അപമാനിക്കുമ്പോൾ,
വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്.
ഒരു രാജ്യത്തിന്റെ അന്തസ് കെട്ടിപ്പടുക്കുന്നത് അതിന്റെ വിദേശനയത്തിന്റെ പരസ്യത്തിലൂടെയല്ല, മറിച്ച് പ്രശസ്തിയിലൂടെയാണ്.
പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദർശനത്തോട് അനുബന്ധിച്ച് മാലിദ്വീപിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ കീഴടങ്ങൂ (സറണ്ടർ) എന്നെഴുതി മോദിയുടെ ചിത്രം എന്ന തരത്തിലെ പ്രചാരണം വ്യാജമാണ്. കീഴടങ്ങൂ എന്ന വാക്ക് എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2025 ജൂലൈ 25 ന് ടൈംസ് നൗ എക്സിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ലഭിച്ചു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന ദിവസം മാലിദ്വീപിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടം ഇന്ന് ഇങ്ങനെയാണ് കാണപ്പെടുന്നത്." എന്ന വിവരണത്തോടെയാണ് പോസ്റ്റ്. എന്നാൽ പ്രസ്തുത ചിത്രത്തിൽ വൈറൽ പോസ്റ്റിലെ കീഴടങ്ങൂ (സറണ്ടർ) എന്ന എഴുത്ത് ഇല്ല എന്നത് ശ്രദ്ധയിപ്പെട്ടു.
കൂടുതൽ പരിശോധനയിൽ "സറണ്ടർ" എന്ന വാക്ക് ഇല്ലാതെ യഥാർത്ഥ ചിത്രം ഉൾപ്പെടുന്ന നിരവധി വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു. ഇന്ത്യ ടിവി ഹിന്ദി റിപ്പോർട്ടിൽ എഎൻഐ ചിത്രമാണെന്ന് ക്രഡിറ്റ് നൽകിയതായി കാണാം.
റിപ്പോർട്ടുകൾ പ്രകാരം, മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ദ്വിദിന സന്ദർശന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് മാലിദ്വീപ് നൽകിയത്. മാലെയിലെ പ്രതിരോധ മന്ത്രാലയ കെട്ടിടത്തിൽ മോദിയുടെ വലിയ ചിത്രം പ്രദർശിപ്പിച്ചിരുന്നു. നേരത്തെ മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ "ഇന്ത്യ ഔട്ട്" കാമ്പെയിൻ പ്രോത്സാഹിപ്പിച്ചിരുന്ന മാലിദ്വീപ്, പിന്നീട് മുയിസുവിന്റെ ഇന്ത്യ സന്ദർശനത്തോടെയാണ് നയതന്ത്ര ബന്ധം സുഗമമാക്കിയത്. പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദർശനം പ്രധാന നയതന്ത്ര മാറ്റത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ടിലുണ്ട്. പ്രസിഡന്റ് മുയിസുവും സുപ്രധാന മന്ത്രിമാരും വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് മോദിയെ സ്വാഗതം ചെയ്തത്.
കൂടാതെ, മാലിദ്വീപ് ദേശീയ പ്രതിരോധ സേനയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വൈറൽ പോസ്റ്റിൽ കാണുന്ന ചിത്രത്തിന് സമാനമായ, എന്നാൽ കീഴടങ്ങൂ (സറണ്ടർ) എന്ന വാചകം ഇല്ലാതെ, പ്രതിരോധ മന്ത്രാലയ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രം പോസ്റ്റിലുണ്ട്. ഇതോടെ വൈറൽ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദർശനത്തോട് അനുബന്ധിച്ച് മാലിദ്വീപിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ കീഴടങ്ങൂ (സറണ്ടർ) എന്നെഴുതി മോദിയുടെ ചിത്രം എന്ന തരത്തിലെ പ്രചാരണം വ്യാജമാണ്. പ്രധാനമന്ത്രിയുടെ ചിത്രം പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ കീഴടങ്ങൂ എന്ന വാക്ക് എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

