വസ്തുത പരിശോധന: സിപിഐഎം പരിപാടിയിൽ ശ്രീ റാം ജയ് റാം ആലപിച്ചോ?
യഥാർഥത്തിൽ പരിപാടിയിൽ പാടിയ ഹിന്ദി ഗാനം എഡിറ്റ് ചെയ്താണ് പ്രചാരണം

Claim :
സിപിഐഎം പ്രവർത്തകർ ശ്രീ റാം ജയ് റാം ആലപിക്കുന്നുFact :
യഥാർഥ വീഡിയോയിൽ സിപിഐഎം പ്രവർത്തകർ പാടുന്നത് പഴയ ഹിന്ദി സിനിമാഗാനമാണെന്ന് കണ്ടെത്തി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ് പാർട്ടിയുടെ മതവിശ്വാസത്തിലെ നിലപാട് എന്നും ചർച്ചാ വിഷയമാണ്. പ്രവർത്തകർക്ക് മതവിശ്വാസം പുലർത്താമെന്ന് സിപിഐഎം നേതൃത്വം പറയാറുണ്ടെങ്കിലും വിശ്വാസത്തെ അകറ്റിനിർത്തുന്ന പാർട്ടിയാണ് സിപിഐഎം എന്ന വിമർശനങ്ങളും ഉയരാറുണ്ട്. സിപിഐഎം വേദിയിൽ പ്രവർത്തകർ 'ശ്രീ റാം ജയ് റാം' എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നുവെന്ന അവകാശവാദവുമായി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാർട്ടിയുടെ അരിവാൾ ചുറ്റിക ചിഹ്നമുള്ള ചുവന്ന പതാകകളും പോസ്റ്ററുകളും കൊണ്ട് അലങ്കരിച്ച വേദിയിൽ പ്രവർത്തകർ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് ഭക്തഗാനം ആലപിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
അവസാന പിടിവള്ളിയാണെന്നും വടക്കെ ഇന്ത്യയിൽ ജയ് ശ്രീറാം വിളിച്ച് തുടങ്ങിയെന്നും ആരോപിച്ചാണ് പോസ്റ്റും. എക്സ് പോസ്റ്റും ലിങ്കും ചുവടെ
അർബൻ നക്സലുകൾ രാം ഭജൻ പാടുന്നു? ഹിന്ദുക്കളുടെ ഐക്യം മാർക്സ് ലെനിൻ പിന്തുടർച്ചക്കാരെ കൊണ്ടും രാം ഭജൻ ആലപിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയും പോസ്റ്റ് പ്രചരിക്കുന്നുണ്ട്
വസ്തുത പരിശോധന:
സിപിഐഎം പ്രവർത്തകർ ജയ് റാം ശ്രീ റാം ആലപിക്കുന്ന വീഡിയോ എഡിറ്റഡ് ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രവർത്തകർ പഴയ ഹിന്ദി സിനിമയിലെ ഗാനം പാടുന്നത് എഡിറ്റ് ചെയ്ത് ജയ് റാം ശ്രീ റാം എന്ന ഗാനമാക്കിയാണ് പ്രചാരണം.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലെ ഗാനവും ഗായകന്റെ ചുണ്ടിന്റെ ചലനവും ശരീര ഭാഷയും തമ്മിൽ വ്യത്യാസമുള്ളതായി സൂക്ഷ്മ പരിശോധനയിൽ വ്യക്തമായി. വീഡിയോ എഡിറ്റ് ചെയ്തതിന്റെ സൂചനകൾ ഇതിൽ നിന്ന് ലഭ്യമായി. വൈറൽ വീഡിയോയുടെ കീഫ്രേമുകൾ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. സമാനമായ നിരവധി പോസ്റ്റുകൾ ലഭിച്ചു. എന്നാൽ ദിബ്യേന്ദു ദാസ് എന്ന എക്സ് അക്കൌണ്ടിൽ പങ്കുവെച്ച വീഡിയോയുടെ ഓഡിയോ മാറ്റമുള്ളതായി ശ്രദ്ധയിൽപ്പെട്ടു. സിപിഐഎം വെസ്റ്റ് ബംഗാൾ എന്ന എക്സ് അക്കൌണ്ട് ടാഗ് ചെയ്തിട്ടുണ്ട്. പോസ്റ്റിൽ ജയ് റാം ശ്രീ റാമിന് പകരം നീൽ ഗഗൻ പർ ഉദേ ബാദൽ എന്ന ഗാനമാണ് ഗായകൻ പാടുന്നത്. മുഹമ്മദ് റാഫിയും ആശാ ഭോസ്ലെയും ആലപിച്ച പ്രശസ്തമായ ഹിന്ദി ഗാനമാണ് നീൽ ഗഗൻ പർ ഉദേ ബാദൽ. നിലഞ്ജൻ ദാസ് എന്ന എക്സ് അക്കൌണ്ടിൽ വന്ന ജയ് റാം ശ്രീ റാം ഓഡിയോയുള്ള പോസ്റ്റിന് മറുപടിയായാണ് ദിബ്യേന്ദു ദാസ് വീഡിയോ പങ്കുവെച്ചത്. ഓൾ ഇന്ത്യ ത്രിണമൂൽ കോൺഗ്രസ് ഐടി, സാമൂഹ്യ മാധ്യമ വിങ്ങിന്റെ സംസ്ഥാന സെക്രട്ടറിയാണഅ നിലഞ്ജൻ ദാസ്. തൃണമൂൽ കോൺഗ്രസിന്റെ ഐടി സെല്ലിലെ ജീവനക്കാർ വെസ്റ്റ് ബംഗാളിലെ സിപിഐഎമ്മിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് ദിബ്യേന്ദു ദാസിന്റെ മറുപടി പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ
പ്രസ്തുത പരിപാടിയെക്കുറിച്ചറിയാൻ കീവേഡ് പരിശോധന നടത്തി. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മേദിനിപൂരിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നവംബർ 17ന് സിപിഐഎം സംഘടിപ്പിച്ച പരിപാടിയുടെ വേദിയിലാണ് ഈ ഗാനം ആലപിച്ചതെന്ന് കണ്ടെത്തി. സിപിഐഎം വെസ്റ്റ് ബംഗാൾ എന്ന ഫേസ്ബുക്ക് പേജിൽ പ്രസ്തുത വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. രാജ്യത്തും സംസ്ഥാനത്തും നടക്കുന്ന പീഡനങ്ങൾക്കെതിരെ, പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ, തൊഴിലില്ലായ്മയ്ക്കെതിരെ നന്ദിഗ്രാം ബ്ലോക്ക് 1 ലെ തെഖാലി ബസാർ ഏരിയയിൽ സംഘടിപ്പിച്ച റോഡ് മീറ്റിങ്ങെന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.
സിപിഐഎം പരിപാടിയിൽ ജയ് റാം ശ്രീ റാം ആലപിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. വസ്തുത പരിശോധനയിൽ നവംബർ 17ന് സിപിഐഎം പശ്ചിമബംഗാളിലെ നന്ദിഗ്രാമത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആലപിച്ച ഹിന്ദി ഗാനമാണ് എഡിറ്റ് ചെയ്ത് ജയ് റാം ശ്രീ റാം എന്നാക്കിയതെന്നും കണ്ടെത്താനായി.