ഫാക്ട്ചെക്ക്: പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയ തീരം, വൈറൽ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല
വെള്ളക്കെട്ടിൽ പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞുകൂടിക്കിടക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്

Claim :
പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയ ഇന്ത്യൻ തീരംFact :
പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും 2022ൽ ഗ്വാട്ടിമാലയിൽ നിന്നുള്ളതാണെന്നും കണ്ടെത്തി
പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി വൃത്തിഹീനമായ ഒരു കടൽത്തീരത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന വാദത്തോടെയാണ് പ്രചാരണം. വെള്ളക്കെട്ടിൽ പ്ലാസ്റ്റിക്ക് മാലിന്യം അടിഞ്ഞുകൂടിക്കിടക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാൻ നിങ്ങൾ കാർബൺ നികുതി അടയ്ക്കുന്നു, ഉയർന്ന ഊർജ്ജ ബില്ലുകൾ, പ്ലാസ്റ്റിക് സ്ട്രോകൾക്ക് നിരോധനം, പെട്ടെന്ന് കീറുന്ന ഉപയോഗശൂന്യമായ പേപ്പർ ബാഗുകൾ... അതേ സമയം ഇന്ത്യയിൽ എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ഇന്ത്യയിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ പ്രചരിക്കുന്ന കടൽതീരത്ത് കുമിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ ദൃശ്യം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ദൃശ്യമല്ല.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ പരിശോധിച്ചു.
നേരത്തെയും ഇതേ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് ടെലിവിഷൻ നെറ്റ്വർക്കായ സിബിഎസിൻ്റെ ഔദ്യോഗിക എക്സ് പേജിൽ ഇതേ വീഡിയോ 2022 ജൂലൈ 22-ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 'ലോകത്തിലെ ഏറ്റവും മലിനമായ നദികളിലൊന്നായി കണക്കാക്കപ്പെടുന്ന റിയോ മോട്ടാഗുവയിൽ നിന്ന് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഗ്വാട്ടിമാലയുടെ കരീബിയൻ തീരങ്ങളിൽ അടിഞ്ഞുകൂടി' എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ഇതിൽ നിന്നും വൈറൽ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന സൂചന ലഭിച്ചു.
സിബിഎസ് ലോഗോയ്ക്കൊപ്പം 4ocean via Storyful എന്ന വാട്ടർമാർക്കും കാണാം. ലഭ്യമായ സൂചന പ്രകാരം നടത്തിയ പരിശോധനയിൽ 4Ocean എന്ന യൂട്യൂബ് ചാനലിൽ 2022 ജൂൺ 9-ന് അപ്ലോഡ് ചെയ്ത വീഡിയോ കണ്ടെത്തി. ഗ്വാട്ടിമാലയുടെ തീരങ്ങളിൽ ഇങ്ങനെയാണെന്ന് പറഞ്ഞാൽ എന്ന വിവരണത്തോടെയാണ് പോസ്റ്റ്. വീഡിയോയും വൈറൽ വീഡിയോയിലെയും കീ ഫ്രേമുകളുടെ താരതമ്യം ചുവടെ.
തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ വീഡിയോയുമായി ബന്ധപ്പെട്ടുള്ള മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ഗ്വാട്ടിമാല തീരത്ത് പ്ലാസ്റ്റികുകൾ അടിഞ്ഞുകൂടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ എന്ന തലക്കെട്ടോടെ സ്കോട്ടിഷ് സൺ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ സമാന വീഡിയോയാണ് ഉപയോഗിച്ചത്. 2022 ജൂൺ 23നാണ് സ്കോട്ടിഷ് സൺ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഫ്ലോറിഡ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ 4Ocean 2022 ജൂൺ 7നാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നും പറയുന്നു. വീഡിയോയുടെ വിവരണം പരിശോധിച്ചു. ലോകത്തിലെ ഏറ്റവും മലിനമായ നദികളിലൊന്നായി കണക്കാക്കപ്പെടുന്ന റിയോ മോട്ടാഗ്വയിൽ നിന്ന് ഗ്വാട്ടിമാലയിലെ കരീബിയൻ തീരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം ഒഴുകിയെത്തിയതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഫ്ലോറിഡ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ 4Ocean ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ജൂൺ നാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അവർ പറഞ്ഞു. മഴക്കാലത്ത്, ലോകത്തിലെ ഏറ്റവും മലിനമായ നദികളിലൊന്നായ റിയോ മോട്ടാഗ്വയിലൂടെ ദശലക്ഷക്കണക്കിന് പൗണ്ട് പ്ലാസ്റ്റിക് മാലിന്യം ഗ്വാട്ടിമാലയുടെ തീരത്ത് ഒഴുകിയെത്തുന്നുവെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു എന്നിങ്ങനെയാണ് വിവരണം.
ഇതോടെ പ്ലാസ്റ്റിക് മാലിന്യത്താൽ നിറഞ്ഞ ഇന്ത്യൻ തീരം എന്ന വാദത്തോടെ പ്രചരിക്കുന്ന മാലിന്യം അടിഞ്ഞുകൂടിയ തീരത്തിൻ്റെ ദൃശ്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യം ഇന്ത്യയിൽ നിന്നുള്ളതല്ല. മറിച്ച് 2022ൽ ഗ്വാട്ടിമാലയിലെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. ലോകത്തിലെ മലിന നദിയായ റിയോ മോട്ടാഗ്വയിൽ നിന്ന് ഗ്വാട്ടിമാലയിലെ കരീബിയൻ തീരത്തടിഞ്ഞ പ്ലാസ്റ്റിക്കുകളാണ് ദൃശ്യത്തിൽ. ഫ്ലോറിഡ ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ 4Ocean 2022 ജൂൺ 7ന് പകർത്തിയ ദൃശ്യമാണ് വൈറലാവുന്നതെന്നും വ്യക്തമായി.

