വസ്തുത പരിശോധന: മഹാകുംഭ മേളയിലെ ജനത്തിരക്കോ?
പ്രചരിക്കുന്നത് മഹാകുംഭ മേളയിൽ നിന്നുള്ള ചിത്രമല്ല

Claim :
മഹാകുംഭ മേളയിലെ ജനത്തിരക്ക്Fact :
പ്രചരിക്കുന്ന പുരി ജഗന്നാഥ രഥയാത്രയിൽ നിന്നുള്ള ചിത്രം
ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ തുടരുന്ന മഹാകുംഭ മേളയ്ക്ക് നിരവധി ഭക്തരാണ് എത്തുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുൾപ്പടെ ജനുവരി 13ന് തുടങ്ങിയ ചടങ്ങിൽ എത്തിയിരുന്നു. ഫെബ്രുവരി 26നാണ് 144 വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാകുംഭ മേള അവസാനിക്കുക. മഹാകുംഭ മേളയിൽ നിന്നുള്ള ദൃശ്യങ്ങളും പങ്കെടുത്തവരുമായി ബന്ധപ്പെട്ടും നിരവധി വ്യാജ പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ മഹാകുംഭ മേളയിലെ ഭക്തരുടെ തിരക്കെന്ന അവകാശവാദത്തോടെയുള്ള ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സനാതന ധർമത്തെ ആചരിക്കാനും അനുഭവിക്കാനും ഇറങ്ങിയ നാൽപ്പത് കോടിയലധികം വരുന്ന ജനങ്ങളെന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം. കേരളത്തിലെ ജനസംഖ്യയുടെ പത്തിരട്ടി വരും മഹാകുംഭ മേളയ്ക്കെത്തിയ ഭക്തരുടെ എണ്ണമെന്നും ഇത് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ രണ്ടിരട്ടി വരുമെന്ന് അവകാശപ്പെട്ടാണ് ചിത്രം പ്രചരിപ്പിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
മഹാകുംഭ മേളയ്ക്കെത്തിയവരുടെ തിരക്കെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന ചിത്രം പ്രയാഗ് രാജിൽ നിന്നുള്ളതല്ലെന്നും കുംഭമേളയുമായി ബന്ധമില്ലെന്നും കണ്ടെത്തി.
ഇരുപത് ദിവസത്തിലധികമായി പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭ മേളയിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ മാധ്യമങ്ങളുൾപ്പടെ നൽകിയിട്ടുണ്ട്. എല്ലാ ചിത്രങ്ങളിലും സന്യാസിമാരുടെ വസ്ത്രത്തിന്റെ കാവി നിറമാണ് ശ്രദ്ധേയം. ആകാശദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രതത്തിലെ ജനങ്ങൾക്ക് കുംഭമേളയ്ക്കെത്തുന്ന ഭക്തരുടെ വസ്ത്രത്തിന്റെ നിറമില്ലാത്തത് ചിത്രം മറ്റേതെങ്കിലും പരിപാടിയിൽ നിന്നുള്ളതാകാമെന്ന സൂചന നൽകുന്നുണ്ട്. ചിത്രത്തിൽ റോഡിന്റെ ഇരുവശത്തും കെട്ടിടങ്ങളും കാണാം. ഇതും കുംഭമേള നഗരിയിൽ നിന്ന് ലഭിക്കുന്ന ആകാശദൃശ്യങ്ങളിൽ കാണാത്തതാണ്. കൂടാതെ, ഗംഗ, യമുന, സാവിത്രി നദികൾ ചേരുന്ന ത്രിവേണി സംഗമത്തിലാണ് കുംഭമേള നടക്കുന്നത്. പ്രചരിക്കുന്ന ചിത്രത്തിൽ നദിയോ സൂചനകളോ ഇല്ല. പ്രചാരണത്തിന്റെ വസ്തുത അറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ഇതാദ്യമായല്ല പ്രസ്തുത ചിത്രം പല അവകാശവാദങ്ങളോടെയും പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ചിത്രവുമായി ബന്ധപ്പെട്ട് തെലുഗു പോസ്റ്റ് 2024 ജനുവരി 25ന് പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യയിലെ ജനത്തിരക്കെന്ന അടിക്കുറിപ്പോടെ അന്ന് നടന്ന വ്യാജ പ്രചാരണത്തെക്കുറിച്ചാണ് വാർത്ത.
ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2023ൽ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. ജഗന്നാഥ രഥ യാത്ര എന്ന തലക്കെട്ടോടെ ഷില്ലോങ് ടൈംസ് 2023 ജൂൺ 21ന് ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ടൈംസ് ഓഫ് ഇന്ത്യയുടെ ടൈംസ് കണ്ടന്റിലും ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023 ജൂൺ 20ന് ഒഡീഷയിലെ പുരിയിൽ ജഗന്നാഥ രഥയാത്രയിൽ നിന്നുള്ള ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ടൈംസ് കണ്ടന്റ് നൽകിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി നടത്തിയ കീവേഡ് പരിശോധനയിൽ എകണോമിക് ടൈംസ് രഥയാത്രയെ കുറിച്ച് നൽകിയ വാർത്ത ലഭിച്ചു. പുരി രഥയാത്ര: ജഗന്നാഥന്റെയും ബലഭദ്രന്റെയും സുഭദ്രയുടെയും ദിവ്യയാത്ര ആഘോഷിക്കുന്ന 600 വർഷം പഴക്കമുള്ള ഉത്സവമെന്ന തലക്കെട്ടോടെ രഥയാത്രയുടെ ചരിത്രമുൾപ്പടെ ചേർത്താണ് എകണോമിക് ടൈംസ് വാർത്ത. കൂടുതൽ പരിശോധനയിൽ രഥയാത്രയുടെ സിഎൻഎൻ ന്യൂസ് 18 നൽകിയ തത്സമയ സംപ്രേഷണത്തിന്റെ യൂട്യൂബ് ലിങ് ലഭിച്ചു.
എഎൻഐ ന്യൂസ് പ്രസ്തുത ദിവസം പങ്കുവെച്ച വീഡിയോയും യൂട്യൂബിൽ നിന്ന് ലഭിച്ചു.
വീഡിയോ സൂക്ഷമമായി പരിശോധിക്കുമ്പോൾ പ്രചരിക്കുന്ന ചിത്രത്തിന്റെ സമാന പശ്ചാത്തലം കാണാം. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിലുള്ള കെട്ടിടങ്ങൾ ലഭ്യമായ വീഡിയോയിൽ രഥയാത്രയുടെ പശ്ചാത്തലത്തിൽ വ്യക്തമാണ്.
മഹാകുംഭ മേളയ്ക്കായി പ്രയാഗ് രാജിലെ എത്തിയ ഭക്തരുടെ തിരക്കെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രസ്തുത ചിത്രം പ്രയാഗ് രാജിൽ നിന്നുള്ളതല്ലെന്നും 2023 ജൂണിൽ ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മഹാകുംഭ മേളയ്ക്കായി പ്രയാഗ് രാജിലെത്തിയ ഭക്തരുടെ എണ്ണത്തെക്കുറിച്ചും അന്വേഷിച്ചു. ജനുവരി 29ലെ കണക്ക് പ്രകാരം പത്ത് കോടിയലധികം ഭക്തർ മഹാകുംഭ മേളയ്ക്കെത്തിയെന്ന് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭക്തരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണെന്നും എകണോമിക് ടൈംസ് പറയുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രയാഗ് രാജിൽ എത്തിയ ഭക്തരുടെ കണക്ക് എക്സിലൂടെ പങ്കുവെച്ചിരുന്നു.
നാൽപ്പത് കോടി ഭക്തർ പങ്കെടുക്കുമെന്നാണ് കണക്കെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഭക്തരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ സത്യമാണെന്നും എന്നാൽ പ്രചരിക്കുന്ന ചിത്രം മഹാകുംഭമേളയിൽ നിന്നുള്ളതല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.