വസ്തുത പരിശോധന: ഹിന്ദിയെ എതിർത്ത് പെരിയാർ സെന്ററിന് ഹിന്ദിയിൽ പേര് ?
ത്രിഭാഷ നയത്തെ എതിർക്കുകയും ഒരേ സമയം പെരിയാർ സെന്ററിന് ഹിന്ദിയിൽ പേര് നൽകുകയും ചെയ്തെന്നാണ് പ്രചാരണം

Claim :
ഹിന്ദിയെ എതിർത്ത് പെരിയാർ സെന്ററിന് ഹിന്ദിയിൽ പേര് നൽകുന്ന തമിഴ്നാട്Fact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പെരിയാർ സെന്റർ തമിഴ്നാട്ടിലല്ല മറിച്ച് ഡൽഹിയിലാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷ ഫോർമുല ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ കുട്ടികള്‍ മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിക്കണം എന്നതാണ് ത്രിഭാഷ നയം. 1968ലും സമാന നയം തമിഴ്നാട് നടപ്പാക്കിയിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് തമിഴ്നാടിന്റെ ആരോപണം. തമിഴ്നാട്ടില്‍ പ്രാബല്യത്തിലുള്ള ദ്വിഭാഷാ സംവിധാനത്തെ ചോദ്യം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ പ്രതികരിച്ചതോടെ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ത്രിഭാഷാ നയത്തെ പിന്തുടരാന് തമിഴ്നാട് തയ്യാറാകണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന. എന്‍ഇപി നടപ്പാക്കാന്‍ 2000 കോടി അനുവദിക്കും എന്നാണ് കേന്ദ്ര നിലപാട്. എന്നാൽ പതിനായിരം കോടി നൽകിയാലും എൻഇപി നടപ്പാക്കില്ലെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിലപാട്. ത്രിഭാഷ നയം എതിർക്കുന്ന തമിഴ്നാടിന്റെ മറ്റൊരു മുഖമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. പെരിയാർ സെന്ററിന് ഹിന്ദിയിൽ പേര് നൽകിയെന്ന തരത്തിൽ ചിത്രമുൾപ്പടെയാണ് പ്രചാരണം. ദ്രാവിഡ മോഡൽ ഹിന്ദിയെ തടയുന്നതാണ് ഇതെന്ന തരത്തിലാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ത്രിഭാഷ നയത്തിൽ കടുത്ത എതിർപ്പ് ഉന്നയിക്കുന്ന തമിഴ്നാട് പെരിയാർ സെന്ററിന് ഹിന്ദിയിൽ പേര് നൽകിയെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പെരിയാർ സെന്റർ തമിഴ്നാട്ടിൽ അല്ലെന്നും ഡൽഹിയിലാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ വസ്തുത അറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. കോളജ് ദുനിയ വെബ്സൈറ്റിൽ പെരിയാർ സെന്ററിന്റെ ചിത്രവും വിവരങ്ങളും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകുന്ന വെബ്സൈറ്റാണ് കോളജ് ദുനിയ. പെരിയാർ മാനേജ്മെന്റ് ആൻഡ് കമ്പ്യൂട്ടർ കോളജിന്റെ കെട്ടിടമാണ് ചിത്രത്തിലെന്ന് വ്യക്തമായി. ഡൽഹിയിലാണ് പെരിയാർ മാനേജ്മെന്റ് ഈൻഡ് കമ്പ്യൂട്ടർ കോളജ് എന്നും കോളജ് ദുനിയ വെബ്സൈറ്റിലുണ്ട്.
പെരിയാർ മാനേജ്മെന്റ് ഈൻഡ് കമ്പ്യൂട്ടർ കോളജ് ഡൽഹിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നടത്തിയ കീവേഡ് പരിശോധനയിൽ പിഎംസിസി ഡൽഹി ഔദ്യോഗിക വെബ്സൈറ്റ് ലഭിച്ചു. പെരിയാർ മാനേജ്മെൻ്റ് ആൻഡ് കമ്പ്യൂട്ടർ കോളേജ് (പിഎംസിസി) ഇരുപതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ തന്തൈ പെരിയാർ എന്നറിയപ്പെടുന്ന ഇ.വി. രാമസാമിയുടെ പേരിലുള്ള സ്ഥാപനമാണെന്ന് വെബ്സൈറ്റിലുണ്ട്. ഡൽഹിയിലെ ജസോലയിലാണ് സ്ഥാപനമെന്നും പറയുന്നുണ്ട്. പിഎംസിസി വെബ്സൈറ്റിൽ ഉപയോഗിച്ച ചിത്രം പ്രചാരണത്തിലുള്ള ചിത്രത്തിൽ കാണുന്ന കെട്ടിടത്തിന്റെ മറ്റൊരും ആങ്കിളിൽ നിന്നെടുത്ത ചിത്രമാണ്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കും പോലെ തമിഴ്നാട്ടിലല്ല പെരിയാർ സെന്ററെന്ന് വ്യക്തമായി.
ത്രിഭാഷ നയത്തിൽ കടുത്ത എതിർപ്പ് ഉന്നയിക്കുകയും പെരിയാർ സെന്ററിന് ഹിന്ദിയിൽ പേര് നൽകുകയും ചെയ്യുന്നുവെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. പ്രചാരണത്തിനായി ഉപയോഗിച്ച ചിത്രത്തിലുള്ള പെരിയാർ സെന്റർ തമിഴ്നാട്ടിൽ അല്ലെന്നും ഡൽഹിയിലെ ജസോലയിലെ പെരിയാർ മാനേജ്മെന്റ് ആൻഡ് കമ്പ്യൂട്ടർ സെന്ററാണെന്നും കണ്ടെത്താനായി.
ഭാഷാപഠനത്തിൽ മൂന്ന് ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട്, 1968ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് രൂപം കൊടുത്ത പദ്ധതിയാണ് ത്രിഭാഷ പദ്ധതി. പഠനപദ്ധതിയിൽ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദിയും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്നാണ് വ്യവസ്ഥ. ഈ നയത്തെ എതിർത്ത് നേരത്തെ രംഗത്തെത്തിയ സംസ്ഥാനമാണ് തമിഴ്നാട്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട് കടുത്ത എതിർപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വീണ്ടും ത്രിഭാഷ വിഷയം ചർച്ചയാകുകയാണ്. ദേശീയ വിദ്യാഭ്യാസ നയം എൻഇപി നടപ്പാക്കില്ലെന്നാണഅ തമിഴ്നാടിന്റെ പക്ഷം. ത്രിഭാഷാ നയം ഒരിക്കലും സ്വീകരിക്കില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിദി സ്റ്റാലിൻ വ്യക്തമാക്കി. പിഎം-ശ്രീ പദ്ധതിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒപ്പുവയ്ക്കാത്തതിനെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തമിഴ്നാട് സർക്കാറിന് കത്തയച്ചതിന് പിന്നാലെയാണ് പ്രതികരണം. ത്രിഭാഷയ്ക്കെതിരായ തമിഴ്നാടിന്റെ നിലപാടിനെ വിമർശിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്. എന്നാൽ കേന്ദ്രം ഭാഷ രാഷ്ട്രീയം കളിക്കുകയാണെന്നാണ് തമിഴ്നാടിന്റെ വാദം.