വസ്തുത പരിശോധന: പാരച്ച്യൂട്ട് വെളിച്ചെണ്ണയ്ക്ക് ഹലാൽ ലേബലോ?
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പാരച്ച്യൂട്ട് വെളിച്ചണ്ണയിൽ ഹലാൽ സെർട്ടിഫിക്കേഷൻ ലേബൽ പതിച്ചിട്ടില്ല

Claim :
പാരച്ച്യൂട്ട് വെളിച്ചെണ്ണയിൽ ഹലാൽ ലേബൽFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പാരച്ച്യൂട്ട് ഹലാൽ ലേബൽ പതിപ്പിച്ചിട്ടില്ല
ഇന്ത്യയിൽ ഏറെ പ്രചാരണത്തിലുള്ള ഹെയർ ഓയിലാണ് പാരച്ച്യൂട്ട് വെളിച്ചെണ്ണ. മാരികോ കമ്പനിയുടെ ബ്രാൻഡാണ് പാരച്ച്യൂട്ട്. 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയാണ് മാരികോ. 1992 മുതൽ മാരികോ പാരച്ച്യൂട്ട് വെളിച്ചെണ്ണ പുറത്തിറക്കുന്നുണ്ട്.
പാരച്ച്യൂട്ട് വെളിച്ചെണ്ണയെ ചുറ്റിപ്പറ്റിയാണ് സാമൂഹ്യ മാധ്യമങ്ങളിലെ തീവ്ര വലതുപക്ഷ അക്കൌണ്ടുകളിൽ നിന്ന് പുതിയ പ്രചാരണം. പാരച്ച്യൂട്ടിന്റെ വെളിച്ചെണ്ണ ഹലാൽ സെർട്ടിഫൈഡ് ആണെന്നും ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്താണ് പോസ്റ്റുകൾ. പാരച്ച്യൂട്ട് വെളിച്ചെണ്ണയുടെ ഹലാൽ സെർട്ടിഫൈഡ് എന്ന ലേബൽ പതിപ്പിച്ച 100 മില്ലി ലിറ്റർ കുപ്പിയുടെ ചിത്രം ചേർത്താണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ
വെളിച്ചെണ്ണയ്ക്ക് എന്തിനാണ് ഹലാൽ സെർട്ടിഫിക്കേഷനെന്നും ഇവ തമ്മിലെ ബന്ധമെന്തെന്നും ചോദിച്ച് ബഹിഷ്കരണാഹ്വാനവുമായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
വസ്തുത അന്വേഷണം:
പാരച്ച്യൂട്ട് കമ്പനി വെളിച്ചണ്ണ കുപ്പികളിൽ ഹലാൽ ലേബൽ പതിപ്പിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജമായി ചേർത്ത ലേബൽ അടങ്ങിയ ചിത്രമാണെന്ന് കണ്ടെത്തി.
ഹലാൽ എന്ന പദത്തിന്റെ അർഥവും വിശദാംശങ്ങളും അറിയാൻ കീവേഡ് പരിശോധന നടത്തി. അമേരിക്കൻ ഹലാൽ ഫൌണ്ടേഷൻ, ഹലാൽ റിസേർച്ച് ഫൌണ്ടേഷൻ വെബ്സൈറ്റിൽ നിന്ന് ലഭിച്ച വിവരം പ്രകാരം ഇസ്ലാം മതവിശ്വാസികൾക്ക് മത നിബന്ധന പ്രകാരം അനുവദിനീയമായത് എന്നാണ് ഹലാൽ എന്ന വാക്കിനർഥം. ഭക്ഷ്യവസതുക്കൾ, ജീവിതരീതി, പണമിടപാട് തുടങ്ങിയവയിൽ മതം നിഷ്കർഷിക്കുന്നതാണ് ഹലാൽ. മതം നിശിദ്ധമാക്കുന്നതിന് ഹറാം എന്നും പറയുന്നു. ഇസ്ലാമിക വിശ്വാസത്തിന് അനുസൃതമായി സംഭരിക്കുകയും സംസ്കരിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്ന ഭക്ഷണത്തെ സൂചിപ്പിക്കാൻ അനുവദിനീയം എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഹലാൽ സെർട്ടിഫിക്കേഷൻ. ജൂത മതത്തിൽ പിന്തുടരുന്ന കശ്രൂത, കോശർ ഭക്ഷ്യനിയമത്തിന് സമാനമാണ് ഭക്ഷണത്തിലെ ഹലാൽ നിയമം. ഭക്ഷണത്തിൽ പന്നിമാംസം, ലഹരിപദാർഥങ്ങൾ എന്നിവയാണ് പ്രധാനമായം നിശിദ്ധമായത്. അനുവദിനീയമായ മാംസത്തിന് കശാപ്പ് നിയമവും ബാധകമാണ്. വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ മദ്യം അടങ്ങിയിട്ടില്ലെങ്കിൽ ഹലാൽ വിഭാഗത്തിൽ പെടുമെന്നും കണ്ടെത്തി.
കമ്പനികൾ പുറത്തിറക്കുന്ന ഹെയർ ഓയിൽ പോലുള്ള ഭക്ഷ്യ ഉത്പന്നമല്ലാത്ത വസ്തുക്കൾക്ക് ഹലാൽ സെർട്ടിഫിക്കേഷന്റെ ആവശ്യമുള്ളതായുള്ള സൂചനകൾ കണ്ടെത്താനായില്ല. മതനിയമ പ്രകാരം നിഷിദ്ധമാകുന്ന ഉത്പന്നങ്ങളിൽ പെടുന്നതല്ല വെളിച്ചെണ്ണ.
ബഹിഷ്കരണ ആഹ്വാനവുമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഹലാൽ ലേബൽ പതിപ്പിച്ച പാരച്ച്യൂട്ട് കമ്പനിയുടെ വെളിച്ചണ്ണയുടെ വസ്തുത അറിയാൻ പ്രസ്തുത കമ്പനി പുറത്തിറക്കുന്ന വെളിച്ചണ്ണയുടെ കുപ്പികൾ പരിശോധിച്ചു. വിവിധ അളവുകളിലായി നീല നിറത്തിലുള്ള കുപ്പിയാണ് തുടക്കകാലം മുതൽ പാരച്ച്യൂട്ട് ഉപയോഗിച്ചുവരുന്നത്. വെളിച്ചെണ്ണയുടെ മറ്റു പതിപ്പുകളും പാരച്ച്യൂട്ടിനുണ്ട്. പാരച്ച്യൂട്ട് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കുപ്പികളുടെ ചിത്രം സൂക്ഷമമായി പരിശോധിച്ചു. പ്രചാരണത്തിലുള്ള നീല നിറത്തിലുള്ള കുപ്പിയുടെ ചിത്രം ലഭിച്ചു. പാരച്ച്യൂട്ട് ലോഗോ, 100 ശതമാനം പരിശുദ്ധ വെളിച്ചെണ്ണ എന്ന ടാഗ്ലൈൻ എന്നിവയാണ് കുപ്പിയുടെ മുൻവശത്ത്. വലതുവശത്തായി വെജിറ്റേറിയൻ ലേബൽ നൽകിയിട്ടുണ്ട്. പിൻവശത്ത് ചേരുവകളും കമ്പനി വിവരങ്ങൾ ഉൾപ്പടെ മറ്റു വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇതിൽ എവിടെയും ഹലാൽ സെർട്ടിഫിക്കേഷൻ കണ്ടെത്താനായില്ല. എക്സ് ഉപഭോക്താക്കൾ തന്നെ ഇത് ചൂണ്ടിക്കാണിച്ച് യഥാർഥ പാരച്ച്യൂട്ട് വെളിച്ചെണ്ണയുടെ കുപ്പിയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്
ഹലാൽ സർട്ടിഫിക്കേഷൻ ഏജൻസികളാണ് അനുവദിനീയമെന്ന സാക്ഷ്യപത്രം നൽകുന്നത്. ഇന്ത്യയിലെ ഉത്പന്നങ്ങൾക്കുൾപ്പടെ സെർട്ടിഫിക്കേഷൻ അനുവദിക്കുന്ന നിരവധി ഏജൻസികളുമുണ്ട്. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയുടെ ഹലാൽ ലേബലാണ് പ്രചരിക്കുന്ന പാരച്ച്യൂട്ട് വെളിച്ചെണ്ണയുടെ മുകളിൽ പതിപ്പിച്ചിട്ടുള്ളത്. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വെബ്സൈറ്റിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. കീവേഡ് പരിശോധനയിൽ ഹലാൽ ഇന്ത്യ പാരച്ച്യൂട്ടിന് ഹലാൽ സാക്ഷ്യപത്രം നൽകിയതായി കണ്ടെത്താനായില്ല.
മാരികോ കമ്പനിക്ക് ഹലാൽ സെർട്ടിഫിക്കേഷൻ ഉണ്ടോയെന്ന് പരിശോധിച്ചു. മാരികോ ഉത്പന്നങ്ങൾ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബറേഷൻ സെർട്ടിഫിക്കേഷൻ ഉള്ളതായി കണ്ടെത്തി.
ഇതിന് പുറമെ ഉത്പന്നങ്ങൾ ദേശീയ അന്തർദേശീയ ഭക്ഷ്യ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നും ഹലാൽ ആണെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മാരികോ കമ്പനിയുടെ ഉത്പന്നമായ ഹെയർ ഓയിൽ പാരച്ച്യൂട്ട് വെളിച്ചെണ്ണയുടെ കുപ്പിയിൽ ഹലാൽ ലേബൽ പതിപ്പിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. മാരികോ കമ്പനിക്ക് മറ്റു സുരക്ഷാ സെർട്ടിഫിക്കേഷനൊപ്പം ഹലാൽ സെർട്ടിഫിക്കേഷനും ഉണ്ടെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നുണ്ട്. തേങ്ങയിൽ നിന്ന് എടുക്കുന്ന വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഇസ്ലാം മതം നിശിദ്ധമാക്കുന്ന ഘടകങ്ങൾ ഇല്ലാത്തതിനാൽ ഹലാൽ എന്ന സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ലെന്ന് കണ്ടെത്താനായി. പാരച്ച്യൂട്ട് വെളിച്ചെണ്ണയുടെ വിപണിയിലുള്ള ഉത്പന്നങ്ങൾ പരിശോധിച്ചപ്പോൾ പ്രചാരണത്തിലുള്ള തരത്തിലുള്ള ലേബൽ കണ്ടെത്താനായില്ല. പ്രചരിക്കുന്ന ഹലാൽ ഇന്ത്യയുടെ ഹലാൽ ലേബൽ പ്രകാരം ഹലാൽ ഇന്ത്യ വെബ്സൈറ്റ് പരിശോധിച്ചപ്പോഴും പാരച്ച്യൂട്ട് എന്ന ബ്രാൻഡോ മാരികോ എന്ന കമ്പനിയോ രജിസ്റ്റർ ചെയ്തതായി കണ്ടെത്താനായില്ല. വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഹലാൽ ലേബലിങ് നിർബന്ധമല്ലെന്നും പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്നും കണ്ടെത്തി