ഫാക്ട് ചെക്ക്: പാകിസ്താൻ സൈനിക മേധാവി നിയന്ത്രണ രേഖയിൽ?
പാകിസ്താൻ ആക്രമണത്തിനൊരുങ്ങുന്നുവെന്ന വാദത്തോടെയാണ് പ്രചാരണം

Claim :
പാകിസ്താൻ സൈനിക മേധാവി നിയന്ത്രണ രേഖയിൽFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നത്. 2022ൽ അസീം മുനീർ രാഖ്ചിക്രി സെക്ടറിലെ സൈനികരെ സന്ദർശിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - പാകിസ്താൻ അതിർത്തി സംഘർഷഭരിതമായി തുടരുകയാണ്. ഇന്ത്യയുടെ പ്രത്യാക്രമണ ഭീഷണിയിൽ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് പാകിസ്താൻ. നേരത്തെ ചൈന പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനിടെ കാശ്മീരിലെ നിയന്ത്രണ രേഖ പാകിസ്താൻ സൈനിക ജനറൽ അസീം മുനീർ സന്ദർശിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാക് സൈനിക മേധാവി ആർമി പോസ്റ്റ് സന്ദർശിക്കുന്നതും സൈനികരെ കാണുന്നതുമായി ദൃശ്യം ഉപയോഗിച്ചാണ് പ്രചാരണം. ജനറൽ അസിം മുനീർ എൽഒസിയിൽ എത്തിയതോടെ ഇന്ത്യ ഭയന്നു വിറച്ചു. പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ നിയന്ത്രണ രേഖയ്ക്ക് സമീപം കാലുകുത്തിയതോടെ ഇന്ത്യൻ ജനതയും മാധ്യമങ്ങളും ഒരുപോലെ ഭയന്നു, ന്യൂ ഡൽഹിയിലുടനീളം ഞെട്ടലുണ്ടാക്കിയ നീക്കം എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഇന്ത്യ പാകിസ്താൻ യുദ്ധഭീതി നിലനിൽക്കെ പാകിസ്താൻ സൈനിക മേധാവി കാശ്മീരിലെ നിയന്ത്രണ രേഖ സന്ദർശിച്ചെന്ന അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തി. അസീം മുനീർ ആർമി പോസ്റ്റ് സന്ദർശിക്കുന്ന ദൃശ്യം 2022ലേതാണെന്ന് വ്യക്തമായി.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. സമാന ദൃശ്യം 2022ൽ എക്സിൽ പോസ്റ്റ് ചെയ്തതായ കണ്ടെത്തി. ആദിത്യ രാജ് കൌൾ എന്ന എക്സ് അക്കൌണ്ടിൽ 2022 ഡിസംബർ 3നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്താൻ നിയമവിരുദ്ധമായി അധിനിവേശം നടത്തുന്ന ജമ്മു കാശ്മീരിലെ രാഖ്ചിക്രി സെക്ടറിലെ എൽഒസിയിൽ പാകിസ്താന്റെ പുതിയ കരസേനാ മേധാവി ജനറൽ സയ്യിദ് അസിം മുനീർ സന്ദർശനം നടത്തി. അതിർത്തിയിലെ നിരുത്സാഹപ്പെട്ടിരിക്കുന്ന പാകിസ്താൻ സൈനികരെ പ്രോത്സാഹിപ്പിക്കാൻ എല്ലാ കരസേനാ മേധാവികളും വർഷത്തിൽ രണ്ടുതവണ ചെയ്യുന്ന ഇന്ത്യക്കെതിരായ ഒരു പതിവ് മുന്നറിയിപ്പ് അദ്ദേഹം നൽകുന്നു എന്നാണ് വിവരണം
പാകിസ്താൻ ഇന്റലിജൻ ഡയറക്ടറേറ്റിന്റെ എക്സ് അക്കൌണ്ടിലും 2022 ഡിസംബർ 3ന് സമാന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ ജനറൽ അസിം മുനീർ എൽഒസിയിലെ രാഖ്ചിക്രി സെക്ടറിലെ സൈനികരെ സന്ദർശിക്കുന്നതിനെക്കുറിച്ച് പാകിസ്താൻ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പ്രസ്താവന പുറത്തിറക്കിയതായി പാകിസ്താൻ മാധ്യമമായ ദി ഡോൺ 2022 ഡിസംബർ 3-ന് പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട് ലഭിച്ചു. ഡോൺ റിപ്പോർട്ടിലും പ്രചരിക്കുന്ന വീഡിയോയിലെ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി.
ഇന്ത്യ പാകിസ്താൻ യുദ്ധഭീതി നിലനിൽക്കെ പാകിസ്താൻ സൈനിക മേധാവി കാശ്മീരിലെ നിയന്ത്രണ രേഖ സന്ദർശിച്ചെന്ന അവകാശവാദം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 2022ൽ ചുമതലയേറ്റ അസീം മുനീർ രാഖ്ചിക്രി സെക്ടറിലെ സൈനികരെ സന്ദർശിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി

