ഫാക്ട് ചെക്ക്: ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് വിമർശനമോ?
വിദ്വേഷ പരാമർശത്തിനാണ് ഷർമിഷ്ഠയെ അറസ്റ്റ് ചെയ്തത്

Claim :
ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ജഡ്ജിയുടെ വിമർശനംFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. ബിഹാർ പൊലീസിനെതിരെ പാട്ന ഹൈക്കോടതി ജഡ്ജി 2022ൽ ഉയർത്തിയ വിമർശനമാണ് പ്രചരിക്കുന്നത്
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സമൂഹ മാധ്യമ ഇൻഫ്ലുവൻസർ ഷർമിഷ്ഠ പനോലിയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച്’ പ്രതികരിക്കാതിരുന്ന സിനിമാ താരങ്ങളെ വിമര്‍ശിക്കുന്ന വീഡിയോയിലാണ് ഷര്‍മിഷ്ഠ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പാകിസ്താനെതിരെ ഇന്ത്യ എന്തിന് വെടിയുതിര്‍ത്തു എന്ന ഒരു ചോദ്യത്തിന് മറുപടി പറഞ്ഞ ഷര്‍മിഷ്ഠ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തെയും പ്രവാചകന് മുഹമ്മദ് നബിയെയും അപമാനിച്ചുവെന്നുമാണ് ആരോപണം. അധിക്ഷേപകരമായ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ്. വിഡിയോക്കെതിരെ പ്രതിഷേധം ഉയർന്നപ്പോൾ ഷർമിഷ്ഠ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞു. കൊൽക്കത്ത ഹൈക്കോടതി 2025 ജൂൺ 5 ന് അവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ടെന്നും അത് മറ്റൊരാളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലേക്ക് ആവാൻ പാടില്ലെന്നും നിരീക്ഷിച്ച് നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
അതേസമയം, ഷർമിഷ്ഠ പനോലിക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്ത വജാഹത് ഖാൻ ഖാദ്രി എന്ന യുവാവിനെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഗോൾഫ് ഗ്രീൻ പൊലീസ് സ്റ്റേഷനിലാണ് പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2025 ജൂൺ 2ന് ഹിന്ദു ദേവതകൾക്കും പാരമ്പര്യങ്ങൾക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ശ്രീറാം സ്വാഭിമാൻ പരിഷത്താണ് പരാതി നൽകിയത്. സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു വജാഹത് ഖാൻ ഖാദ്രിയുടെ പ്രവർത്തനമെന്നാണ് പൊലീസ് ആരോപണം.
അതിനിടെ, ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥനെ ജഡ്ജി ശാസിച്ചെന്ന അവകാശവാദവുമായി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയാണ്. അധികാരം ദുരുപയോഗം ചെയ്തതിന് ജഡ്ജി പൊലീസിനെ ശാസിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥനെ ജഡ്ജി ശാസിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ പാട്ന ഹൈക്കോടതി ജഡ്ജ് ബിഹാർ പൊലീസിനെ വിമർശിക്കുന്നതാണ്.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2022 ഡിസംബർ 7-ന് ബ്രീഫ്ലി എന്ന ഫേസ്ബുക്ക് പേജിൽ പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ബിഹാർ പോലീസ് ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗത്തെ പട്ന ഹൈക്കോടതി ജഡ്ജി രൂക്ഷമായി വിമർശിക്കുന്ന വീഡിയോ വൈറലാകുന്നു എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ജസ്റ്റിസ് രാജീവ് രഞ്ജൻ പ്രസാദാണ് വീഡിയോയിൽ. അധികാരത്തെ പറ്റി മാത്രമാണ് നിങ്ങൾക്ക് അറിയുന്നതെന്നും നിയമത്തെ പറ്റിയല്ലെന്നും വിമർശിച്ച ജഡ്ജി, സ്ത്രീയായ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്യാൻ എന്തിനാണ് നിങ്ങൾ തിടുക്കം കാണിച്ചതെന്ന് ചോദിക്കുന്നുണ്ട്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ ഇന്ത്യൻ കാനൂൻ എന്ന വെബ്സൈറ്റിൽ കേസിന്റെ വിശദാംശങ്ങൾ ലഭിച്ചു. 2022 നവംബർ 30-ന് "നിഭ സിൻഹ vs ദി സ്റ്റേറ്റ് ഓഫ് ബീഹാർ" കേസിൽ പട്ന ഹൈക്കോടതിയിലെ നടപടികളാണ് പേജിലുള്ളത്.
10,000 രൂപ കെട്ടിവെക്കാൻ ഇല്ലാത്തതിനാൽ പരാതിക്കാരന്റെ ഭാര്യയെ ഡോക്ടർ ചികിത്സിച്ചില്ലെന്നും ഗർഭസ്ഥ ശിശു മരിച്ചെന്നുമാണ് എഫ് ഐ ആർ. എസ് എസി, എസ് ടി ആക്ട് പ്രകാരമാണ് കേസ്. മെഡിക്കൽ അനാസ്ഥയില്ലെന്നും പൊലീസ് വേഗത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നുമാണ് ഹരജിക്കാരന്റെ വാദം. തിടുക്കത്തിൽ കേസെടുത്തെന്നും ഹരജിക്കാരൻ ഒരു ഡോക്ടർ ആയതിനാൽ സുപ്രീം കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രാഥമിക അന്വേഷണം ആവശ്യമായി വരുമായിരുന്നുവെന്നും ഈ കേസിൽ നേരിട്ട് ഹാജരായ പോലീസ് സൂപ്രണ്ട് അറസ്റ്റ് സമ്മതിച്ചതായും തുടർന്ന് 2016ൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കിയതായും റിപ്പോർട്ടിലുണ്ട്.
പാട്ന ഹൈക്കോടതിയുടെ യൂട്യൂബ് ചാനലിൽ പ്രസ്തുത കേസിന്റെ ഹിയറിങ് 2022 നവംബർ 30ന് പ്രക്ഷേപണം ചെയ്തതായി കണ്ടെത്തി. ഇതിൽ പ്രചരിക്കുന്ന വീഡിയോ ഭാഗം 4:47:33 എന്ന ടൈംലൈനിൽ കണ്ടെത്തി.
വിദ്വേഷ പരാമർശത്തിന് സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥനെ ജഡ്ജി ശാസിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ പാട്ന ഹൈക്കോടതി ജഡ്ജ് ബിഹാർ പൊലീസിനെ അധികാര ദുർവിനിയോഗത്തിനെ വിമർശിക്കുന്നതാണെന്ന് വ്യക്തമായി.
,