വസ്തുത പരിശോധന: ഒൻപത് വയസ്സുള്ള ഗർഭിണിയായ മുസ്ലിം പെൺകുട്ടി?
വീഡിയോയിലുള്ള പെൺകുട്ടി ഇൻസ്റ്റഗ്രാം റീലിനായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

Claim :
ഒൻപത് വയസുള്ള ഗർഭിണിയായ മുസ്ലിം പെൺകുട്ടിFact :
പ്രചരിക്കുന്നത് ഇൻസ്റ്റഗ്രാം റീലിനായി ചിത്രീകരിച്ച വീഡിയോ
ബാല്യവിവാഹത്തിലും കുട്ടികളുടെ അവകാശത്തിലും കർശന നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കുട്ടികളുടെ സംരക്ഷണത്തിന് പോക്സോ നിയമവും ലംഘനത്തിന് കടുത്ത ശിക്ഷയും വിഭാവനം ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്ക് 18 വയസ്സും ആൺകുട്ടികൾക്ക് 21 വയസ്സുമാണ് ഏറ്റവും കുറഞ്ഞ വിവാഹപ്രായം. ഗർഭഛിദ്രം ഒഴിവാക്കാൻ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയും ഉൾപ്പടെ നിരോധിച്ചിട്ടുമുണ്ട്.
ഗർഭിണിയായ ഒരു പെൺകുട്ടിയുടെ ജെൻഡർ റിവീൽ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒൻപത് വയസ് മാത്രമുള്ള പെൺകുട്ടി, മുസ്ലിമായി ജനിച്ചു എന്നത് മാത്രമാണ് കുട്ടി ചെയ്ത പാതകം തുടങ്ങിയ അടിക്കുറിപ്പോടെയാണ് എക്സ്, ഫേസ്ബുക്ക് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് വൈറലാവുന്നത്. കാഴ്ചയിൽ പത്ത് വയസ്സിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന പെൺകുട്ടി ഗർഭിണിയായി നിറവയറുമായി കയ്യിലെ കളർ പോപ്പ് പൊട്ടിക്കുന്നതാണ് ദൃശ്യം. പിങ്ക് കളർ പോപ്പ് പൊട്ടുന്നതും കുട്ടി ആഹ്ലാദിക്കുന്നതും ദൃശ്യത്തിലുണ്ട്. ജനിക്കാനിരിക്കുന്ന കുട്ടിയുടെ ലിംഗനിർണയം പല രാജ്യങ്ങളിലും അനുവദിനീയമാണ്. ഇന്ത്യയിൽ ലിംഗനിർണയം നിയമവിരുദ്ധമാണ്. അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യൻ രാജ്യങ്ങളിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും ലിംഗനിർണയം നിയമവിരുദ്ധമല്ല. ലിംഗനിർണയത്തിന് ശേഷം കുട്ടിയുടെ ലിംഗം പ്രഖ്യാപിക്കുന്ന ചടങ്ങുകളും പലരും ചെയ്യാറുണ്ട്. പൊതുവെ നീല, പിങ്ക് എന്നീ നിറങ്ങളിലുള്ള എന്തെങ്കിലും വസ്തു കൊണ്ടോ പൊടികൾ കൊണ്ടോ ആണ് ലിംഗ പ്രഖ്യാപനം നടത്തുക. നീല നിറം ആൺകുട്ടിയാണെന്നും പിങ്ക് പെൺകുട്ടിയാണെന്നുമുള്ള സൂചനകൾ നൽകുന്നു. ചെറിയ ഒരു പെൺകുട്ടി തന്റെ വയറ്റിലുള്ള കുഞ്ഞിന്റെ ലിംഗം പ്രഖ്യാപിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
ബാഗ്ദാദിൽ നിന്നുള്ള ഒൻപത് വയസ്സുകാരിയായ സാഹിറ എന്ന പെൺകുട്ടിയാണെന്ന് മറ്റൊരു പോസ്റ്റിൽ അടിക്കുറിപ്പുണ്ട്.
വസ്തുത പരിശോധന:
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പെൺകുട്ടി ഗർഭിണിയല്ല. ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ പെൺകുട്ടി ചെയ്ത റീലാണ് പ്രചരിക്കുന്നതെന്ന് കണ്ടെത്താനായി.
പ്രചരിക്കുന്ന വീഡിയോയിലെ ബാക്ഗ്രൌണ്ട് മ്യൂസിക്കും ഫ്രേമും ഇൻസ്റ്റഗ്രാം റിലോ യൂടൂബ് ഷോട്സോ ആണെന്ന സൂചനകൾ നൽകുന്നുണ്ട്. പെൺകുട്ടിയെ കുറിച്ചറിയാൻ കീ ഫ്രേമുകൾ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. നിരവധി സമാന പോസ്റ്റുകൾ കണ്ടെത്താനായി. കൂടുതൽ പരിശോധനയിൽ നഹാൽ അബ്ബാറിൻ എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ട് കണ്ടെത്താനായി. പ്രചരിക്കുന്ന ദൃശ്യത്തിലെ പെൺകുട്ടിയുടെ വീഡിയോകളാണ് അക്കൌണ്ടിൽ. ഒരു ലക്ഷത്തിലധികം പേർ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടാണ് നഹാൽ അബ്ബാറിൻ എന്ന അക്കൌണ്ട്. ഇരുനൂറിലധികം കണ്ടന്റുകൾ അക്കൌണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതലും റീലുകളാണ്. പേർഷ്യൻ ഭാഷയാണ് പോസ്റ്റുകൾക്കും റീലുകൾക്കും ക്യാപ്ഷൻ നൽകാനും ഹൈലൈറ്റുകളിലും ഉപയോഗിച്ചതെന്ന് വ്യക്തമായി. ഒരു ദിവസത്തിൽ നിരവധി പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്ന സജീവമായ അക്കൌണ്ടാണ് നഹാൽ അബ്ബാറിന്റേത്.
2024 ജുലൈ 20ന് പ്രസ്തുത അക്കൌണ്ടിൽ നിന്ന് പങ്കുവെച്ച ജെൻഡർ റിവീൽ എന്ന് റീൽ കണ്ടെത്തി. രണ്ട് റീലുകളുൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രീതിയിൽ ഗർഭിണിയായ പെൺകുട്ടിയാണ്. പത്ത് ലക്ഷത്തിലധികം പേർ കണ്ട റീൽ പതിനെട്ട് ലക്ഷം പേർ പങ്കുവെച്ചിട്ടുണ്ട്.
വാസ്തവമറിയാൻ തുടർ ദിവസങ്ങളിൽ വന്ന നഹാലിന്റെ മറ്റു വീഡിയോകൾ പരിശോധിച്ചു. ജൂലൈ 20ന് മുൻപോ ശേഷമോ അപ്ലോഡ് ചെയ്ത വീഡിയോകൾ പെൺകുട്ടി ഗർഭിണിയായണെന്ന സൂചന ലഭിക്കുന്നില്ല. 2025 ജനുവരി 15ന് അപ്ലോഡ് ചെയ്ത റീലിന്റെ സ്ക്രീൻഷോട്ടാണ് ചുവടെ
അക്കൌണ്ട് ഹൈലൈറ്റുകളിൽ കൃത്യമായി കാര്യങ്ങൾ പുതുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇസ്താംബൂൾ എന്ന ആദ്യ ഹൈലൈറ്റിൽ ടർക്കിഷ് എയർലൈൻ ടിക്കറ്റ് നൽകിയിട്ടുണ്ട്. നഹാൽ സാദത്ത് അബ്ബാറിൻ എന്നാണ് പെൺകുട്ടിയുടെ പേരെന്ന് കണ്ടെത്താനായി. കൂടുതൽ പരിശോധിച്ചപ്പോൾ 2023 ഓഗസ്റ്റിൽ പെൺകുട്ടി പങ്കെടുത്ത അഭിനയ ക്ലാസുകളിലെ ചിത്രം ലഭിച്ചു. അഭിനയം പഠിക്കുന്ന കുട്ടിയാണ് നഹാലെന്ന സൂചനകൾ ഇതിൽ നിന്ന് ലഭിക്കുന്നുണ്ട്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന അക്കൌണ്ടിൽ രണ്ട് റീലിൽ മാത്രം ഗർഭിണിയായി പ്രത്യക്ഷപ്പെട്ടതിനാൽ റീൽ കണ്ടന്റിനായി ചെയ്തതാകാം വീഡിയോ എന്ന നിഗമനത്തിലെത്തി. നഹാൽ അബ്ബാറിന്റെ ഇൻസ്റ്റഗ്രാം ഹൈലൈറ്റിൽ പഠിച്ച പ്ലേ സ്കൂൾ ടാഗ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടു.
സോഫിയപ്ലേ ഹൌസ് എന്ന അക്കൌണ്ട് പരിശോധിച്ചപ്പോൾ ഇറാനിലെ പ്രധാന നഗരമായ ഇസ്ഫഹാനിലെ പ്ലേ സ്കൂളാണെന്ന് കണ്ടെത്തി. നഹാൽ അബ്ബാറിന്റെ ഇൻസ്റ്റഗ്രാമിൽ ഉപയോഗിച്ചതും പേർഷ്യൻ ഭാഷയാണ്. ഇറാൻ സ്വദേശിയാണ് നഹാൽ അബ്ബാറിനെന്നും പ്രചാരണത്തിലുള്ളതുപോലെ ബാഗ്ദാദ് സ്വദേശിയല്ലെന്നും കണ്ടെത്താനായി. ഇൻസ്റ്റഗ്രാം കണ്ടന്റിനൊപ്പം തന്നെ അഭിനയവും പഠിക്കുന്നയാളാണ് നഹാലെന്നും വിവരം ലഭിച്ചു.
പെൺകുട്ടികൾക്ക് ഒൻപത് വയസ്സിലും ആൺകുട്ടികൾക്ക് 15 വയസ്സിലും വിവാഹം അനുവദിക്കുന്ന രാജ്യമാണ് ഇറാൻ. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. മുസ്ലിമായി ജനിച്ചതാണ് കുട്ടി ചെയ്ത തെറ്റെന്ന തരത്തിൽ ഇപ്പോൾ പ്രചരാണത്തിന് ആധാരമായതും ഈ നിയമവ്യവസ്ഥയാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒൻപത് വയസ്സുകാരിയായ പെൺകുട്ടിയെന്ന പോസ്റ്റ് തെറ്റിധരിപ്പിക്കുന്നതാണ്. ദൃശ്യത്തിലുള്ളത് നഹാൽ അബ്ബാറിൻ എന്ന ഇറാൻ സ്വദേശിയായ പെൺകുട്ടിയാണെന്നും കുട്ടി ഗർഭിണിയല്ലെന്നും ഇൻസ്റ്റഗ്രാം കണ്ടന്റിനായി ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നതെന്നും കണ്ടെത്താനായി. നഹാൽ അബ്ബാറിൻ ബാഗ്ദാദ് സ്വദേശിയല്ലെന്നും ഇറാൻ സ്വദേശിയാണെന്നുമുള്ള സൂചനകളും വസ്തുത പരിശോധനയിൽ ലഭ്യമായി