ഫാക്ട് ചെക്ക്: ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ചോ?
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായി എന്നായിരുന്നു പ്രതികരണം

Claim :
ഓപ്പറേഷൻ സിന്ദൂരിലെ പ്രതികരണത്തിന് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെതിരെ നടപടിFact :
പ്രചാരണം വ്യാജമാണ്. ക്യാപ്റ്റൻ ശിവകുമാർ പ്രതിരോധ അറ്റാഷെയായി തുടരുന്നതായി കണ്ടെത്തി
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയുടെ പ്രതികരണം വിവാദമായിരുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ തുടക്കത്തിൽ തന്നെ വ്യോമസേനയ്ക്ക് "ചില വിമാനങ്ങൾ" നഷ്ടപ്പെട്ടുവെന്ന് ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയായ ഇന്ത്യൻ നേവി ക്യാപ്റ്റൻ ശിവകാറിന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. ജൂണ്‍ 10-ന് ഇന്തൊനേഷ്യയിലെ UNSURYA യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു സെമിനാറിലായിരുന്നു ശിവകുമാറിന്റെ പ്രസ്താവന. . 'ഓപ്പറേഷന് സിന്ദൂര്‍ നടന്ന മെയ് ഏഴ് രാത്രിയില്‍ പാകിസ്താന്റെ ആക്രമണത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായി. പാകിസ്താന്റെ സൈനികതാവളങ്ങളെയോ സൈനിക ആസ്തികളെയോ ആക്രമിക്കരുത് എന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു,' ശിവകുമാര്‍ പറഞ്ഞു. 'ആ നിര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥരായതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ക്ക് ആ യുദ്ധവിമാനങ്ങള്‍ നഷ്ടമായത്,' ഇന്ത്യ-പാക് യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ പവര്‍ സ്ട്രാറ്റജീസ് എന്ന വിഷയത്തില്‍ സംസാരിക്കവേ ശിവകുമാറിന്റെ പ്രതികരണം.
ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ഇന്തൊനേഷ്യയിലെ ഇന്ത്യന്‍ എംബസി മുന്നോട്ടുവന്നു. അറ്റാഷെയുടെ സംഭാഷണത്തിലെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ വിവരങ്ങളാണ് റിപ്പോര്‍ട്ടുകളായി പുറത്തുവന്നതെന്ന് ഇന്ത്യന്‍ എംബസി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
അതിനിടെ വിവാദ പരാമർശത്തിൽ ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയ്ക്കെതിരെ ഇന്ത്യ നടപടിയെടുത്തെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്.
2025 ജൂൺ 10-ന് ജക്കാർത്തയിലെ യൂണിവേഴ്സിറ്റാസ് പെർട്ടഹാനനിൽ നടത്തിയ പ്രതികരണത്തിന് നാവിക ഉദ്യോഗസ്ഥനെ അടിയന്തരമായി തിരിച്ചുവിളിച്ചെന്ന അവകാശവാദത്തോടെയാണ് പോസ്റ്റ്. 2025 ജൂലൈ 7-ന് പുറത്തുവിട്ട ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ പകർപ്പെന്ന അവകാശവാദത്തോടെ കത്തും പ്രചരിക്കുന്നുണ്ട്.
പാകിസ്താനുമായുമായുള്ള വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്കുണ്ടായ അപമാനം അംഗീകരിക്കുകയും രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്തുകയും ചെയ്ത ഇന്തോനേഷ്യയിലെ പ്രതിരോധ അറ്റാഷെ ക്യാപ്റ്റൻ ശിവ് കുമാറിനെതിരെ ഇന്ത്യ നടപടി സ്വീകരിച്ചു.
അദ്ദേഹത്തെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കി, അവധിയിൽ പ്രവേശിപ്പിച്ചു.
ആധുനിക ഇന്ത്യയിൽ വസ്തുതകൾ പറയുന്നത് പോലും കുറ്റകരമാണ് എന്നാണ് വിവരണം. പോസ്റ്റും ലിങ്കും ചുവടെ:
വസ്തുത പരിശോധന:
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് പരാമർശം നടത്തിയതിന് ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയ്ക്കെതിരെ ഇന്ത്യ നടപടിയെടുത്തെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് വ്യാജ കത്താണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രചാരണത്തിന്റെ വസ്തുത അറിയാൻ നടത്തിയ കീവേഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ബന്ധപ്പെട്ട വാർത്ത റിപ്പോർട്ടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഉത്തരവുമായി ബന്ധപ്പെട്ടുള്ള പ്രസിദ്ധീകരണം ഉണ്ടോ എന്ന് പരിശോധിച്ചു. അറ്റാഷെയുടെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട ഒരു പത്രക്കുറിപ്പും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസ്സിയുടെ വെബ്സൈറ്റ് പരിശോധിച്ചു. എംബസി വിവരങ്ങളിൽ ഉദ്യോഗസ്ഥരുടെ പട്ടിക നൽകിയിട്ടുണ്ട്. ഇതിൽ പ്രതിരോധ അറ്റാഷെയായി ക്യാപ്റ്റൻ ശിവകുമാറിൻ്റെ പേര് തന്നെ നൽകിയതായി കാണാം. ഇതോടെ ശിവകുമാറിനെ തത്സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ലെന്ന് വ്യക്തമായി.
കൂടുതൽ അന്വേഷണത്തിൽ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്കിന്റെ എക്സ് ഹാൻഡിൽ പ്രചരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് കണ്ടെത്തി. ജൂലൈ 8 ന് പങ്കുവെച്ച പോസ്റ്റിൽ പ്രചാരണം വ്യാജമാണെന്ന് പറയുന്നുണ്ട്. ക്യാപ്റ്റൻ ശിവ് കുമാർ ജക്കാർത്തയിൽ ഡിഫൻസ് അറ്റാഷെയായി തുടരുന്നുണ്ടെന്നും അതിൽ പറയുന്നു. ക്യാപ്റ്റൻ റാങ്കിലുള്ള ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ നിയമനം പ്രതിരോധ മന്ത്രാലയ (നാവികസേന) ആസ്ഥാനത്തിന്റെ അധികാരപരിധിയിലാണ്. ഇതോടൊപ്പം, ഡിഫൻസ് അറ്റാഷെയെ നിയമിക്കുന്നതിലും പിൻവലിക്കുന്നതിലും ആഭ്യന്തര മന്ത്രാലയത്തിന് ഒരു പങ്കുമില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് പരാമർശം നടത്തിയതിന് ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയ്ക്കെതിരെ ഇന്ത്യ നടപടിയെടുത്തെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് വ്യാജ കത്താണെന്നും ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസിയിൽ പ്രതിരോധ അറ്റാഷെയായി ശിവകുമാർ തുടരുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

