വസ്തുത പരിശോധന: അഗ്നിസ്നാനം ചെയ്യുന്ന യോഗി? വാസ്തവമെന്ത്

Claim :
ഗംഗാസ്നാനത്തിന് മുൻപ് അഗ്നിസ്നാനം ചെയ്യുന്ന യോഗിയുടെ ബിബിസി പുറത്തുവിട്ട വീഡിയോFact :
പ്രചരിക്കുന്നത് 2004ൽ പുറത്തിറങ്ങിയ ഡോക്യുമന്ററി
ഹിന്ദുമതം വിശ്വാസികളുടെ തീർഥാടനകേന്ദ്രമായ പ്രയാഗ് രാജിൽ മഹാകുംഭ മേള നടക്കുകയാണ്. 12 വർഷത്തിലൊരിക്കൽ നടത്തി വരുന്ന ഹിന്ദു ഉത്സവമാണ് കുംഭമേള. 144 വർഷത്തിലൊരിക്കൽ നടത്തിവരുന്ന ഉത്സവമാണ് മഹാകുംഭ മേള. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്ന മഹാ കുംഭമേളയാണ് ഇത്തവണ ആഘോഷിക്കുന്നത്. കോടിക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ഈ ഉത്സവത്തിൽ ലക്ഷക്കണക്കിന് സന്യാസിമാരും ഋഷിമാരുമുൾപ്പെടെ പങ്കുചേരുന്നുണ്ട്. അതേ സമയം മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
ഗംഗാസ്നാനത്തിന് മുൻപ് അഗ്നി സ്നാനം ചെയ്യുന്ന സന്യാസിയെന്ന രീതിയിൽ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായി ബിബിസി നൽകിയ റിപ്പോർട്ടെന്ന തരത്തിലാണ് പ്രചാരണം
‘ഹരിദ്വാർ കുംഭത്തിൽ എത്തിയ സിദ്ധ സന്യാസി ഗംഗസ്നാനത്തിന് മുമ്പ് അഗ്നിസ്നാനം ചെയ്യുന്നത് കണ്ടു. ബിബിസി റിപ്പോർട്ട് ഉറക്കമില്ലാത്ത രാത്രികൾ നൽകി, മറ്റ് മതങ്ങളെ അപേക്ഷിച്ച് രാവും പകലും എപ്പോഴും ഹിന്ദു മത സംസ്കാരത്തെ തരംതാഴ്ത്തുന്ന ബിബിസി, അതേ ബിബിസി ഇന്നലെ അതിൻ്റെ ചാനലിൽ സംപ്രേക്ഷണം ചെയ്തു’ എന്നിങ്ങനെ കുറിപ്പോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ
‘ഇദ്ദേഹം ജല സ്നാനത്തിന് മുമ്പ് അഗ്നി സ്നാനം ചെയ്യുകയാണ്. ഈ രംഗം വീക്ഷിച്ച BBC ചാനലുകാര് പോലും അത്ഭുത സ്തബ്ധരാണ്. എന്നും കിട്ടുന്ന അവസരങ്ങളിൽ എല്ലാം സനാതന ധർമ്മത്തിനും ഹിന്ദുവിനെതിരെ ചാനലിലൂടെ പ്രഘോഷിച്ചു കൊണ്ടിരിക്കുന്നവരാണ് BBC. ഇപ്പോൾ ഈ ദൃശ്യം പോലും അവർ ചാനലിലൂടെ പ്രക്ഷേപണം ചെയ്തു കഴിഞ്ഞു. സനാതനധർമ്മം എന്ന സംസ്കാരത്തിന് അതീതമായി ശ്രേഷ്ഠതയാർന്ന മറ്റൊരു സംസ്കാരവും ഇല്ല’ തുടങ്ങിയ അടിക്കുറിപ്പോടെ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
വസ്തുത പരിശോധന:
പ്രചരിക്കുന്ന വീഡിയോ ബിബിസി സംപ്രേക്ഷണം ചെയ്തതല്ലെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. തമിഴ്നാട്ടിലെ തഞ്ചാവൂര് ജില്ലയിലുള്ള യോഗി രാംഭാവ് എന്ന സന്യാസിയെ പറ്റി 2007ല് പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണിത്.
പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള കീ ഫ്രേമുകൾ റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. 2008 ജുലൈ 8ന് പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയുടെ ലിങ്ക് ലഭിച്ചു. ഇന്ത്യ ഡിവൈൻ എന്ന യൂടൂബ് പേജിൽ ദ ഫയർ യോഗി ഓഫ് തഞ്ചൂർ എന്ന അടിക്കുറിപ്പിൽ പ്രസിദ്ധീകരിച്ച രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ലഭിച്ചു. ദ ഫയർ യോഗി എന്നാണ് വീഡിയോ തലക്കെട്ട്. അഗ്നിയെ നിയന്ത്രിക്കാൻ പ്രത്യേക ശ്വസനരീതി ഉപയോഗിക്കാനുള്ള അസാധാരണമായ കഴിവുള്ള ഒരു യോഗിയെ കുറിച്ചുള്ള 47 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻ്ററിയാണ് ഫയർ യോഗിയെന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. 45 വർഷത്തിനിടെ 1000 ദിവസം യോഗി ഈ അഗ്നി സ്നാനം ചെയ്തിട്ടുള്ള യോഗിയുടെ ഭക്ഷ്യരീതിയെക്കുറിച്ചും അടിക്കുറിപ്പിലുണ്ട് . ഇപ്പോൾ പ്രചാരണത്തിലുള്ളത് പോലെ ബിബിസി ഇപ്പോൾ പുറത്തുവിട്ട വീഡിയോ അല്ലെന്ന് വ്യക്തമായി.
ദൈർഘ്യമേറിയ പതിപ്പിനായി കീവേഡ് പരിശോധന നടത്തി. നരസിംഹദേവ് എന്ന യൂടൂബിൽ 2011ൽ പ്രസിദ്ധീകരിച്ച സമാന വീഡിയോയുടെ ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള പതിപ്പ് കണ്ടെത്താനായി.
കൂടുതൽ പരിശോധനയിൽ 2004ൽ പുറത്തിറങ്ങിയ ദ ഫയർ യോഗി; സ്റ്റോറി ഓഫ് ആൻ എക്സ്ട്രാ ഓർഡിനറി ജേണി എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങൾ ലഭിച്ചു. വേൾഡ് കാറ്റ് എന്ന പേജിലാണ് ഡോക്യുമെന്ററയുടെ വിശദാംശങ്ങളുള്ളത്. 3ഡി മാക്സ് മീഡിയയുടെ കീഴിൽ മൈക് വാസൻ, ലിൻഡ്സെ കെല്ലി, രംഭൌ എന്നിവരാണ് ഡോക്യുമെന്ററി നിർമിച്ചത്. യോഗി രംഭൌസ്വാമിയുടെ അഗ്നി സ്നാനത്തെ കുറിച്ചും ശാരീക പരിശോധനയും രാസപരിശോധനയും വിശദാംശങ്ങളുമാണ് ഡോക്യുമെന്ററിയിലെന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.
2007ൽ ലോസ് ആഞ്ജലസിലെ ഗോൾഡൻ ട്രഷേഴ്സ് എന്ന കമ്പനി വീണ്ടും ഇതേ ഡോക്യുമെന്ററി വിതരണം ചെയ്തതായി കണ്ടെത്തി. ആമസോൺ വെബ്സൈറ്റിൽ ദ ഫയർ യോഗി ഡോക്യുമെന്ററിയുടെ ഡിവിഡി കണ്ടെത്തി. 2007ൽ പുറത്തിറങ്ങിയ പതിപ്പിന്റേതാണ് ഡിവിഡി.
യോഗി രംഭാവ് സ്വാമിയെക്കുറിച്ച് കീവേഡ് പരിശോധന നടത്തി. ശ്രീ കാമകോടി മണ്ഡലി എന്ന വെബ്പേജിൽ രംഭൌസ്വാമിയുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. തമിഴ് നാട്ടിലെ തഞ്ചാവൂര് സ്വദേശിയായ യോഗി രാംഭാവ് ആണ് ഈ സന്യാസി. കഴിഞ്ഞ കുറേ വര്ഷങ്ങളായി വെള്ളവും പഴവും മാത്രമാണ് ഭക്ഷിക്കുന്നതെന്നും അവകാശപ്പെടുന്നുണ്ട്. 2004 ലാണ് യോഗി രംഭാവ് സ്വാമിയെക്കുറിച്ച് ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. 2007ൽ മറ്റൊരു പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.
ഗംഗാസ്നാനത്തിന് മുൻപ് അഗ്നിസ്നാനം ചെയ്യുന്ന യോഗിയെക്കുറിച്ച് ബിബിസി പുറത്തുവിട്ട വീഡിയോ എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റിധരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോ ബിബിസി പുറത്തുവിട്ടതല്ല. ദൃശ്യങ്ങൾക്ക് കുംഭമേളയുമായി ബന്ധമില്ലെന്നും വസ്തുത അന്വേഷണത്തിൽ കണ്ടെത്താനായി.