ഫാക്ട് ചെക്ക്: വളർത്തമ്മയെ കാണാൻ കേരളത്തിലെത്തിയ സൌദി യുവാവ്? പ്രചരിക്കുന്ന കഥയുടെ വസ്തുതയെന്ത്
സൌദി ഇൻഫ്ലുവൻസറായ ഹാഷിം അബ്ബാസ് സിനിമാതാരം വിജയ കുമാരിയെ സന്ദർശിച്ച ചിത്രമാണ് പ്രചരിക്കുന്നത്

Claim :
വളർത്തമ്മയെ കാണാനെത്തിയ സൌദി യുവാവ്Fact :
പ്രചാരണം വ്യാജമാണ്. സൌദി ഇൻഫ്ലുവൻസറായ ഹാഷിം അബ്ബാസ് സിനിമാതാരം വിജയ കുമാരിയെ സന്ദർശിച്ച ചിത്രമാണ് പ്രചരിക്കുന്നത്
അറബ് വസ്ത്രം ധരിച്ച ഒരാൾ വൃദ്ധയായ ഒരു സ്ത്രീയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സൗദി അറേബ്യക്കാരനായ യുവാവ് തന്നെ കുട്ടിക്കാലത്ത് വളർത്തിയ ഹിന്ദു സ്ത്രീയെ അന്വേഷിച്ച് കേരളത്തിലെത്തിയെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ. ഒരു വ്യദ്ധയെ യുവാവ് നെറുകയിൽ ചുംബിക്കുന്ന ചിത്രമാണ് വൈറലാവുന്നത്.
വർഷങ്ങൾക്ക് മുമ്പ്, സൗദി അറേബ്യയിൽ, കേരളത്തിൽ നിന്നുള്ള ഒരു ഹിന്ദു സ്ത്രീ കുട്ടികളെ പരിപാലിച്ചിരുന്നു. സ്വന്തം കുഞ്ഞിനേക്കാൾ അവൾ ഒരു കൊച്ചുകുട്ടിയെ സ്നേഹിച്ചിരുന്നു.
കാലം കടന്നുപോയി, കുട്ടി വളർന്നു, അവൾ ഇന്ത്യയിലേക്ക് മടങ്ങി. പക്ഷേ ആ കുട്ടി ഇപ്പോൾ ഒരു യുവാവായി മാറിയിരുന്നു, എന്നിട്ടും അവൻ ഒരിക്കലും തൻ്റെ അമ്മയുടെ ഓർമ്മകൾ മറന്നില്ല.
മാസങ്ങളോളം അവൻ അന്വേഷിച്ചു, അന്വേഷിച്ചു, ഒടുവിൽ ഒരു വിമാന ടിക്കറ്റ് ബുക്ക് ചെയ്തു നേരെ കേരളത്തിലേക്ക് പോയി. വാതിൽപ്പടിയിലെത്തിയപ്പോൾ അവൻ്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു - അമ്മ അവനെ തിരിച്ചറിയുമോ? അവൾ ഇപ്പോഴും ആ പഴയ സ്നേഹം ഓർക്കുമോ?
അവനെ കണ്ടയുടനെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ “ബീറ്റ!” എന്ന് കൈനീട്ടി വിളിച്ചു. അവൻ ഓടിച്ചെന്ന് കുട്ടിക്കാലത്തെപ്പോലെ അവരെ മുറുകെ കെട്ടിപ്പിടിച്ചു. മകൻ കരയാൻ തുടങ്ങി, അവർ സ്നേഹത്തോടെ അവൻ്റെ നെറ്റിയിൽ ചുംബിച്ചു.
മതവും രാജ്യവും മറന്നു, അമ്മയും മകനും തമ്മിലുള്ള സ്നേഹം മാത്രം അവശേഷിച്ചു.
എന്നിങ്ങനെയാണ് ചിത്രത്തോടൊപ്പം പ്രചരിക്കുന്ന കഥ(ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്തത്). പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
വളർത്തമ്മയെ അന്വേഷിച്ച് സൌദിയിൽ നിന്നെത്തിയ യുവാവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. സൌദി ഇൻഫ്ലുവൻസറായ ഹാഷിം അബ്ബാസ് സിനിമാതാരം വിജയ കുമാരിയെ സന്ദർശിച്ച ചിത്രമാണ് പ്രചരിക്കുന്നത്.
വൈറൽ കഥയുടെ യാഥാർഥ്യമറിയാൻ ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. 2023 ഓഗസ്റ്റ് 18 ന് ഹാഷിം അബ്ബാസ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലഭിച്ചു. ഓണമാശംസിച്ച് പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്ന് ചിത്രത്തിലെ യുവാവ് ഹാഷിം അബ്ബാസാണെന്ന് സ്ഥിരീകരിച്ചു.
അബ്ബാസിൻ്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കിട്ട വീഡിയോകളിൽ കേരളത്തിൽ നിന്നുള്ള നിരവധി വീഡിയോകളുണ്ട്. കൊണ്ടോട്ടി പൂരം എന്ന മലയാള സിനിമയിൽ അദ്ദേഹം ഒരു പ്രധാന വേഷം ചെയ്തതായും ശ്രദ്ധയിൽപ്പെട്ടു. കൂടാതെ മലയാളം റീലുകൾ സൃഷ്ടിക്കുന്നതിലൂടെയും സ്റ്റേജിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മലയാളം ഗാനങ്ങൾ ആലപിക്കുന്നതിലൂടെയും മലയാളികൾക്ക് അബ്ബാസ് പരിചിതനാണ്. എന്നിരുന്നാലും, ഈ പോസ്റ്റുകളിലൊന്നും വൈറൽ അവകാശവാദവുമായി സാമ്യമുള്ള ഒരു സംഭവവും പരാമർശിക്കുന്നില്ല.
ചിത്രത്തിലുള്ള പ്രായമായ സ്ത്രീ വിജയ കുമാരിയാണ്, എംഎൽഎയും നടനുമായ മുകേഷിൻ്റെ അമ്മ കൂടിയാണ് വിജയ കുമാരി. ഹാഷിം അബ്ബാസും വിജയകുമാരിയും ചേർന്ന് ഒരു മലയാളം ഗാനം ആലപിക്കുന്ന ഒരു പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. വിജയ കുമാരിയുടെ മകൻ മുകേഷ് എംഎൽഎ പങ്കുവച്ചതാണ് വീഡിയോ. കൊല്ലത്തെ എൻ്റെ വീട് സന്ദർശിച്ച് എൻ്റെ അമ്മയോടും കുടുംബത്തോടും ഒപ്പം കുറച്ച് സമയം ചെലവഴിച്ച എന്റെ പ്രിയപ്പെട്ട സഹോദരൻ ഹാഷിം അബ്ബാസിന് സ്വാഗതം... ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. സൗദി അറേബ്യയിൽ നിന്നുള്ള ഒരു നല്ല ഗായകനും സോഷ്യൽ മീഡിയ സെലിബ്രിറ്റിയുമാണ് ഹാഷിം. എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
വ്യക്തതയ്ക്കായി കീ വേഡുകൾ ഉപയോഗിച്ചും പരിശോധിച്ചു. എന്നാൽ അത്തരമൊരു വാർത്തയോ റിപ്പോർട്ടോ ലഭിച്ചില്ല.
ഇതോടെ, വളർത്തമ്മയെ അന്വേഷിച്ച് സൌദിയിൽ നിന്നെത്തിയ യുവാവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കഥ അടിസ്ഥാനരഹിതമാണ്. സൌദി ഇൻഫ്ലുവൻസറായ ഹാഷിം അബ്ബാസ് സിനിമാതാരം വിജയ കുമാരിയെ സന്ദർശിച്ച ചിത്രമാണ് പ്രചരിക്കുന്നത്.

