ഫാക്ട് ചെക്ക്: ഒരു കോടി ഇന്ത്യക്കാരെ ക്ഷണിച്ച് നെതന്യാഹു? പ്രചാരണം വ്യാജം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി നടത്തിയ പ്രസ്താവനയെന്ന തരത്തിലാണ് പ്രചാരണം

Claim :
ഒരു കോടി ഇന്ത്യക്കാരെ ഇസ്രായേലിലേക്ക് ക്ഷണിച്ച് നെതന്യാഹുFact :
പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. നെതന്യാഹു അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമായി
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു കോടി ഇന്ത്യക്കാരെ ഇസ്രായേലിലെത്തിക്കുമെന്ന് നെതന്യാഹു പറഞ്ഞെന്ന വാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ഇന്ത്യയിലെ ജനസംഘ്യയെ കുറിച്ചു ഇസ്രയേലിൻ്റെ ജനപ്രീതിയെക്കുറിച്ചും ഇന്ത്യയുമായുള്ള സഹകരണത്തെകുറിച്ചും നെതന്യാഹു സംസാരിക്കുന്നത് കേള്‍ക്കാം. എന്നാൽ വീഡിയോയിൽ ഒരു കോടി ഇന്ത്യക്കാരെ വിളിച്ച് വരുത്തി ഇസ്രായേൽ താമസിപ്പിക്കുമെന്ന് പറയുന്നില്ല. എങ്കിലും വീഡിയോയുടെ വിവരണത്തിലാണ് അവകാശവാദം. "ഇന്ത്യയില്‍ നിന്ന് ഏകദേശം ഒരു കോടി ഇന്ത്യക്കാരെ വിളിച്ചുവരുത്തി ഇവിടെ (ഇസ്രായേലില്‍) താമസിപ്പിക്കുമെന്നാണ് നെതന്യാഹു പറയുന്നത്. ഇതോടെ ഇസ്രായേൽ ജനസംഘ്യയുടെ 50 ശതമാനം ഇന്ത്യക്കാരാകും " എന്നാണ് വിവരണം. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
ഒരു കോടി ഇന്ത്യക്കാരെ വിളിച്ച് വരുത്തി ഇസ്രായേൽ സ്ഥിരമായി താമസിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞെന്ന തരത്തിലെ പ്രചാരണം വ്യാജമാണ്. നെതന്യാഹു അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് കണ്ടെത്തി.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറല്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ പ്രസംഗത്തില്‍ ഒരിടത്തും ഒരു കോടി ഇന്ത്യക്കാരെ ഇസ്രയേലില്‍ സ്ഥിരതാമസമാക്കാന്‍ ക്ഷണിക്കുകയാണെന്ന് നെതന്യാഹു പറയുന്നില്ലെന്ന് വ്യക്തമായി.''അടുത്ത ആഴ്ച ഇവിടെ വരുന്നത് ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? നരേന്ദ്ര മോദി. ഇസ്രയേലും ഇന്ത്യയും തമ്മില്‍ വലിയൊരു സഖ്യമുണ്ട്. എല്ലാത്തരം സഹകരണത്തെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. അവരുടെ ജനസംഖ്യ 1.5 ബില്യണ്‍ ആണ്. ഇന്ത്യയില്‍ ഇസ്രയേലിൻ്റെ ജനപ്രീതി കുതിച്ചുയരുകയാണ്. നിങ്ങള്‍ക്കറിയാമോ? പക്ഷേ നിങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതിനുപുറമെ, ഒന്നിനുപുറകെ ഒന്നായി, മറ്റ് നിരവധി രാജ്യങ്ങള്‍ ഞങ്ങളിലേക്ക് വരുന്നു'' 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നെതന്യാഹു ഇങ്ങനെയാണ് പ്രസംഗിക്കുന്നത്.
പ്രസ്തുത പ്രസംഗത്തിൻ്റെ തുടർ ഭാഗത്തെവിടെയെങ്കിലും ഇന്ത്യക്കാരെ ഇസ്രായേലിലെത്തിക്കുന്നത് നെതന്യാഹു പരാമർശിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. വൈറല്‍ വീഡിയോയുടെ കീ ഫ്രെയ്മുകള് ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ യുട്യൂബ് പേജില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഇസ്രയേലിൻ്റെ പ്രതിരോധ വ്യവസായത്തെക്കുറിച്ചാണ് പ്രധാനമായും നെതന്യാഹു സംസാരിക്കുന്നത്. ഇസ്രായേലിൽ നിക്ഷേപം നടത്താൻ ജർമൻ ചാൻസിലർ ആഗ്രഹം പ്രകടിപ്പിച്ചെന്നും അർജൻ്റീനയെ പ്രശംസിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ വീഡിയോയിലെവിടെയും ഒരു കോടി ഇന്ത്യക്കാരെ ഇസ്രായേലിലേക്ക് ക്ഷണിക്കുന്നതായി കാണുന്നില്ല. നെതന്യാഹുവിൻ്റെ പ്രസംഗത്തിൻ്റെ പൂർണരൂപം ഇവിടെ.
വ്യക്തതയ്ക്കായി ഇസ്രായേൽ പ്രധാനമന്ത്രി സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നറിയാൻ കീ വേഡ് പരിശോധന നടത്തി. പ്രസ്തുത പരാമർശമുണ്ടായാൽ പ്രധാന വാർത്തയാകുമായിരുന്നു. എന്നാല്‍ ഇത്തരം പരാമര്‍ശം നെതന്യാഹു നടത്തിയതായി റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. വൈറൽ പോസ്റ്റിൽ പരാമർശിക്കുന്ന പത്ത് കോടി ഇന്ത്യക്കാർ എത്തുന്നതോടെ ഇസ്രായേൽ ജനസംഘ്യയുടെ 50 ശതമാനം ഇന്ത്യക്കാരാകും എന്ന വാദവും പരിശോധിച്ചു. 2025 ഡിസംബറിലെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഏകദേശം ഒരു കോടി പത്ത് ലക്ഷമാണ് ഇസ്രയേലിലെ നിലവിലെ ജനസംഖ്യയെന്ന് ഇസ്രായേല്‍ സര്‍ക്കാരിൻ്റെ വെബ്സൈറ്റില്‍ വ്ക്തമാക്കുന്നുണ്ട്. ഇസ്രായേലിൻ്റെ ജനസംഘ്യക്ക് തുല്യമായ അളവിൽ മറ്റ് രാജ്യത്ത് നിന്നുള്ളവരെ ക്ഷണിക്കില്ലെന്നത് വ്യക്തം.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ഫെബ്രുവരി 25 നാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രായേലിൽ എത്തുന്നത്. ഏകദേശം ഒമ്പത് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇസ്രായേലിലെത്തുന്നത്. 2017ലായിരുന്നു ആദ്യ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി, ഇസ്രായേൽ പ്രധാനമന്ത്രി, പ്രാദേശിക ഭീഷണികളെ നേരിടുന്നതിനായി സഖ്യകക്ഷി രാജ്യങ്ങളുടെ ഒരു ശൃംഖല രൂപപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഹെക്സഗൺ അലയൻസും നിർദേശിച്ചിട്ടുണ്ട്. ഇസ്രായേൽ, ഇന്ത്യ, മെഡിറ്ററേനിയനിൽ നിന്ന് ഗ്രീസും സൈപ്രസും, അറബ് രാഷ്ട്രങ്ങൾ, ആഫ്രിക്കൻ രാഷ്ട്രങ്ങൾ, ഏഷ്യൻ രാഷ്ട്രങ്ങൾ എന്നിവ അടങ്ങിയതാണ് ഹെക്സഗൺ അലയൻസ്
ഇതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഒരു കോടി ഇന്ത്യാക്കാരെ സ്ഥിരതാമസത്തിന് ഇസ്രായേലിലേക്ക് ക്ഷണിച്ചുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. നെതന്യാഹു അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വസ്തുത അന്വേഷണത്തിൽ വ്യക്തമായി.

