ഫാക്ട്ചെക്ക്: പ്രചരിക്കുന്നത് കുപ്വാരയിലെ ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങളല്ല
ജമ്മു കാശ്മീരിൽ രണ്ട് ഭീകരരെ വധിച്ച സൈനിക ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങളെന്നാണ് പ്രചാരണം

Claim :
കുപ്വാരയിൽ നുഴഞ്ഞുകയറിയ ഭീകരരെ വധിക്കുന്ന ദൃശ്യംFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്നത് 2024ലെ അഖ്നൂർ ഓപ്പറേഷൻ്റെ ദൃശ്യങ്ങളാണ്
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. 2025 ഒക്ടോബർ 13നാണ് കുപ്വാര സെക്ടറിലെ നിയന്ത്രണ രേഖയിൽ നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സൈന്യം വെടിയുതിർത്തത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നതായും സുരക്ഷ വർധിപ്പിച്ചതായും ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.
ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചതെന്നും തിരച്ചിൽ പുരോഗമിക്കുന്നതായും ഇന്ത്യൻ സൈന്യം അറിയിച്ചു.
അതിനിടെ കുപ്വാരയിലെ ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ട് ഭീകരരും പാകിസ്താൻ സൈനിക കമാൻഡോകളാണെന്നാണ് വാദം. വീഡിയോയിൽ വെടിയൊച്ചകൾ കേൾക്കാം. ഒപ്പം സൈനിക വാഹനങ്ങളും കാണാം. പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.
ജമ്മു കാശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറിയ ഭീകരരെ സൈന്യം വധിക്കുന്ന ദൃശ്യങ്ങളെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് 2024ലെ വീഡിയോയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2024 ഒക്ടോബർ 28-ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സമാന വീഡിയോ കണ്ടെത്തി. വീഡിയോകളിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളുടെ താരതമ്യം ചുവടെ.
ജമ്മു ജില്ലയിലെ അഖ്നൂർ സെക്ടറിലെ ബട്ടാൽ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചതായി ദൃശ്യത്തിന് മുകളിൽ നൽകിയ വിവരണത്തിൽ പറയുന്നു. സുരക്ഷാസേനയ്ക്ക് നേരെ നേരത്തെ ആക്രമം നടത്തിയ സായുധ സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നതായും വെടിവെപ്പ് തുടരുന്നതായും വിവരണത്തിലുണ്ട്.
തുടർന്ന് നടത്തിയ പരിശോധനയിൽ രജൗരി ന്യൂസിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടെത്തി. ബട്ടാൽ പ്രദേശത്തെ അസാൻ ക്ഷേത്രത്തിന് സമീപം ഭീകരവാദികളെ കണ്ടതായി കരുതുന്നതായി വിവരണത്തിലുണ്ട്. സുന്ദർബാനി സെക്ടറിൽ സൈനിക വ്യൂഹത്തെ ഭീകരാവികൾ ലക്ഷ്യമിട്ടതായി പരിശോധന തുടരുന്നതായും 2024 ഒക്ടോബർ 28-ന് പങ്കുവെച്ച പോസ്റ്റിലുണ്ട്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ 2024 ഒക്ടോബർ 28 ന് ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമ റിപ്പോർട്ടുകൾ കണ്ടെത്തി. എൻഡിടിവി, ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം നിയന്ത്രണ രേഖയിലെ (എൽഒസി) ബട്ടാൽ പ്രദേശത്ത് സൈനിക ആംബുലൻസിന് നേരെ ഭീകരവാദികൾ വെടിയുതിർത്തു തുടർന്ന് സുരക്ഷാ സേന നടത്തിയ പരിശോധനയിൽ ഒരു ഭീകരനെ നിർവീര്യമാക്കി. അടുത്ത ദിവസം ജോഗ്വാൻ ഗ്രാമത്തിലെ അസാൻ ക്ഷേത്രത്തിന് സമീപം നടന്ന ആക്രമണത്തിൽ മറ്റ് രണ്ട ഭീകരരെ വധിച്ചെന്നും കണ്ടെത്തി.
2025 ഒക്ടോബർ 13ന് ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാർത്തകൾ പരിശോധിച്ചു. കുപ്വാര സെക്ടറിലെ നിയന്ത്രണ രേഖയിൽ നടത്തിയ തിരച്ചിലിനിടെ സൈന്യം വധിച്ച പേര് വിവരങ്ങൾ കണ്ടെത്താനായില്ല. മച്ചിൽ സെക്ടറിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതിനെ തുടർന്ന് സൈന്യം നടത്തി വെടിവയ്പ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടിലുണ്ട്.
ശൈത്യകാലത്തിന് മുന്നോടിയായി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ബിഎസ്എഫ് ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. സൈന്യം കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷ സേനക്ക് നിർദേശം നൽകി. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ദേശീയ തലസ്ഥാനത്ത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, യൂനിയൻ ഹോം സെക്രട്ടറി, ഇന്റലിജൻസ് ബ്യുറോ മേധാവി, ആർമി സ്റ്റാഫ് മേധാവി, ചീഫ് സെക്ട്രടറി, ഡി.ജി.പി (കേന്ദ്ര ആയുധ പൊലീസ് സേന), മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജമ്മു കാശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറിയ ഭീകരരെ സൈന്യം വധിക്കുന്ന ദൃശ്യങ്ങളെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രചരിക്കുന്നത് 2024 ഒക്ടോബറിൽ ജമ്മു കാശ്മീരിലെ അഖ്നൂറിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ട് ഭീകരരും പാകിസ്താൻ ആർമി സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ് (എസ്എസ്ജി) മുൻ കമാൻഡോകളാണെന്ന അവകാശവാദവും അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.

