ഫാക്ട് ചെക്ക്: പണി പൂർത്തിയായ കോട്ടയം ആകാശപാതയുടെ ദൃശ്യം എഐ നിർമിതം
കേരളത്തിലെ റോഡുകൾ എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്

Claim :
കേരളത്തിലെ ആകാശപാതFact :
പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് കണ്ടെത്തി
കോട്ടയം നഗരത്തിൽ അഞ്ചു റോഡുകൾ ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ ആളുകൾക്ക് റോഡിനു കുറുകെ കടക്കാനാണ് ആകാശപാത നിർമാണം ആരംഭിച്ചത്. 5.75 കോടി ചെലവിട്ട് സ്കൈ വാക്ക് പദ്ധതി നടപ്പാക്കാൻ 2016 ലാണ് സർക്കാർ അനുമതി നൽകിയത്. തൂണുകൾ തുരുമ്പിച്ച് വീഴാറായെന്നും ജനങ്ങളുടെ സുരക്ഷയെ കരുതി പൊളിച്ചു കളയണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജിയും സമർപ്പിക്കപ്പെട്ടു. 2024 ജൂണിൽ ആകാശപാത പദ്ധതി നടപ്പിലാക്കാനാവില്ലെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയതോടെ പദ്ധതിയുടെ സാധ്യത അടഞ്ഞു. പദ്ധതിയുടെ ബാക്കി നിർമാണങ്ങൾ നടത്തുന്നതിനായി ഏറ്റെടുക്കേണ്ടിയിരുന്ന സിഎസ്ഐ സഭയുടെ സ്ഥലം ലഭിച്ചില്ല. ഹെഡ് പോസ്റ്റ് ഓഫീസ് സ്ഥലം വിട്ടുകിട്ടിയില്ലെന്നുമാണ് സർക്കാർ വാദം.
ആകാശപാത പൊളിച്ച് മാറ്റുമെന്ന മന്ത്രി കെ ബി ഗണേഷ് കുമാർ പ്രഖ്യാപിക്കുകയും ചെയ്തു. 2024 ഡിസംബറിൽ ആകാശപാത പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട് നൽകി. തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെൻ്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.
അതിനിടെ പണിപൂർത്തിയായ കോട്ടയം ആകാശപാതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കോട്ടയം സ്കൈവാക്ക് എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
കോട്ടയം ആകാശപാതയുടെ ദൃശ്യമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് കണ്ടെത്തി.
വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിട്ടതും ദിശ മാറി പോകുന്നതും ശ്രദ്ധയിപ്പെട്ടു. വീഡിയോയുടെ ക്വാളിറ്റിയും എഐ ഉപയോഗിച്ച് നിർമിച്ച വീഡിയോയാണെന്ന സൂചന നൽകുന്നുണ്ട്. തുടർന്ന് വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ nirmalchandrasekhar എന്ന ഇൻസ്റ്റഗ്രാം പേജിൽ സമാന വീഡിയോ കണ്ടെത്തി. കോട്ടയം ആകാശപാതയുടെ പണി പൂർത്തിയായിരുന്നെങ്കിൽ എന്നാണ് 2025 ഡിസംബർ 21ന് പോസ്റ്റ് ചെയ്ത വീഡിയോയുടെ വിവരണം. കൂടെ എഐ വീഡിയോ എന്നും നൽകിയതായി കാണാം.
കൂടുതൽ വിവരങ്ങൾക്കായി പ്രസ്തുത അക്കൌണ്ട് പരിശോധിച്ചു. എഐ ഉപയോഗിച്ച് നിർമിച്ച നിരവധി വീഡിയോകൾ പേജിലുണ്ട്. എഐ വിദഗ്ധനാണെന്ന് ബയോയിൽ നൽകിയതായും കാണാം.
കോട്ടയം ആകാശപാതയുടെ തൽസ്ഥിതി അറിയാൻ കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ വന്ന ആകാശപാത പൊളിച്ചുനീക്കണമെന്ന ബലപരിശോധനാ റിപ്പോർട്ടിനെ കുറിച്ച് 2024 നവംബറിൽ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ലഭിച്ചു. ആകാശപാതയുടെ മേൽക്കൂരയും തുരുമ്പെടുത്ത പൈപ്പുകളും പൊളിച്ചുനീക്കണമെന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശപ്രകാരം, പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എഞ്ചിനീയറിങ് റിസർച്ച് സെൻ്റർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സമിതിയുടെ ബലപരിശോധന റിപ്പോർട്ടിൽ നിർദേശിച്ചു. അടിസ്ഥാന തൂണുകൾ ഒഴികെ മറ്റ് തൂണുകൾക്കെല്ലാം പരിശോധനയിൽ ബലക്ഷയം കണ്ടെത്തി. ഇവ മുഴുവനും നീക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. ആകാശപാത പൂർത്തീകരിക്കുന്നത് അസാധ്യമാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചിരുന്നു.
ഗൂഗിൾ മാപ്പിൽ പരിശോധിച്ചപ്പോൾ പണി പാതിവഴിയിൽ നിലച്ച തുരുമ്പെടുത്ത ആകാശപാത സാറ്റലൈറ്റ് ഇമേജസിൽ വ്യക്തമായി കാണാം. ഇതോടെ കോട്ടയം ആകാശപാതയുടെ പണി പൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി.
വീഡിയോയിലെ എഐ സാന്നിധ്യം ഉറപ്പാക്കാൻ എഐ ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചു. വീഡിയോ പൂർണമായും എഐ ഉപയോഗിച്ച നിർമിച്ചതാണെന്ന് വ്യക്തമായി.
കോട്ടയം ആകാശപാതയുടെ ദൃശ്യമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. വൈറൽ വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് കണ്ടെത്തി

