ഫാക്ട് ചെക്ക്: കാശ്മീരിൽ സൈനികരുടെ കൂട്ടരാജിയെന്ന പ്രചാരണം വ്യാജം
എൻഡിടിവിയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ആദിത്യ രാജ് കൌളിൻ്റെ വാർത്താവതരണം എഡിറ്റ് ചെയ്താണ് പ്രചാരണം

Claim :
കാശ്മീരിൽ സൈനികരുടെ കൂട്ടരാജിFact :
പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. എൻഡിടിവി വാർത്ത ഡീപ്ഫേക്കിലൂടെ എഡിറ്റ് ചെയ്താണ് പ്രചാരണം
കാശ്മീരിൽ 72 മണിക്കൂറിനുള്ളിൽ 15 ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ രാജിവച്ചെന്ന എൻഡിടിവി വാർത്തയെന്ന തരത്തിൽ ഒരു വാർത്ത ബുള്ളറ്റിൻ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എൻഡിടിവി സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ ആദിത്യ രാജ് കൗളാണ് വാർത്ത അവതരിപ്പിക്കുന്നത്. കാശ്മീരിൽ സൈനികരെ നിയമവിരുദ്ധമായി വിന്യസിച്ചതാണ് രാജിക്ക് കാരണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ആദിത്യ രാജ് പറയുന്നതായി കാണാം. ഒരു മേജർ അർഷാദ് റഹ്മാൻ ഖാൻ്റെ കത്ത് എന്ന് പ്രത്യേകം പരാമർശിക്കുന്നതായും കാണാം. ബ്രേക്കിങ്: കശ്മീരിലെ നിയമവിരുദ്ധ ജോലികളുടെ പേരിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 15 ഇന്ത്യൻ സൈനിക ഓഫീസർമാർ രാജിവച്ചു. കേന്ദ്രത്തിൻ്റെ അനുമതിയോടെ നടക്കുന്ന അതിക്രമങ്ങൾക്ക് ഭാവിയിൽ യുദ്ധക്കുറ്റങ്ങൾക്ക് വരെ വിചാരണ ചെയ്യപ്പെട്ടേക്കാമെന്ന് ഈ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
കാശ്മീരിൽ ഇന്ത്യൻ സൈനികർ രാജിവെച്ചെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
പ്രചാരണത്തിൻ്റെ വാസ്തവം അറിയാൻ വീഡിയോയിൽ സൂചിപ്പിക്കുന്ന മേജർ അർഷദ് ഖാൻ്റെ ഉൾപ്പടെ രാജിയുമായി ബന്ധപ്പെട്ട് കീ വേഡുകൾ ഉപയോഗിച്ച് പരിശോധിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വാർത്തകളോ റിപ്പോർട്ടോ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2025 നവംബർ 17-ന് എൻഡിടിവിയുടെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോ ലഭിച്ചു. അതിൽ ആദിത്യ രാജ് കൗളിനെ സമാനമായി വസ്ത്രം ധരിച്ചിരിക്കുന്നതായി കാണാം. വൈറൽ വീഡിയോയിലെ പശ്ചാത്തലവും സമാനമാണ്. വീഡിയോയിൽ, ആദിത്യ കൗൾ ഇറ്റാലിയൻ അന്വേഷണാത്മക മാധ്യമ പ്രവർത്തക ഫ്രാൻസെസ്ക മരിനോയോട് തൻ്റെ പുസ്തകത്തെക്കുറിച്ചും 2025 നവംബർ 10-ലെ ഡൽഹി സ്ഫോടനവുമായി ജെയ്ഷെ-മുഹമ്മദിൻ്റെ സാധ്യമായ ബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഫ്രം പുൽവാമ ടു പേബാക്ക്, ദ ഇൻസൈഡ് സ്റ്റോറി എന്ന മരിനോയുടെ പുസ്തകത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. രാഷ്ട്ര തലസ്ഥാനത്ത് നടന്ന ആദ്യത്തെ ചാവേർ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, വർഷങ്ങളായി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭീകരവാദ ബ്ലൂപ്രിൻ്റിൻ്റെ ഭാഗമായിരുന്നു അതെന്നും മരിനോ വിശദീകരിക്കുന്നുണ്ട്. "ഇന്ത്യയെ ലക്ഷ്യം വയ്ക്കാൻ മാത്രമാണ് ജെയ്ഷെ മുഹമ്മദ് നിൽക്കുന്നത്, ആക്രമണങ്ങൾ നടത്തിയില്ലെങ്കിൽ, അവരുടെ പ്രസക്തിയും ഫണ്ടിങ്ങും നഷ്ടപ്പെടും." മരിനോ പറഞ്ഞു. ഈ അഭിമുഖത്തിലെവിടെയും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ രാജിയെക്കുറിച്ച് പരാമർശിക്കുന്നതായി കണ്ടെത്താനായില്ല.
എൻഡിടിവി വെബ്സൈറ്റിലും പ്രസ്തുത അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങളെ കുറിച്ച് പരാമർശമുണ്ട്. ഇന്ത്യയെ ലക്ഷ്യം വെക്കാൻ മാത്രമാണ് അവർ നിലകൊള്ളുന്നത്, ഡൽഹി സ്ഫോടനത്തിൽ ജെയ്ഷെയുടെ ബന്ധത്തെകുറിച്ച് ഇറ്റാലിയൻ മാധ്യമ പ്രവർത്തക എന്ന തലക്കെട്ടിലാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിലും വൈറൽ വീഡിയോയിൽ പരാമർശിച്ച സൈനികരുടെ രാജിയെ കുറിച്ച് പരാമർശിക്കുന്നില്ല.
തുടർന്ന് പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ആദിത്യ രാജ് കൗളിൻ്റെ ചുണ്ടുകളുടെ ചലനവും വാക്കുകളും പൊരുത്തപ്പെടുന്നില്ലെന്ന് ശ്രദ്ധയിപ്പെട്ട്. ലഭ്യമായ സൂചന പ്രകാരം വീഡിയോയുടെ ഡീപ് ഫേക്ക് സാധ്യത പരിശോധിച്ചു. ഹിയ ഡീപ്ഫേക്ക് വോയിസ് ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന വീഡിയോയിലെ ശബ്ദം എഐ ഉപയോഗിച്ച് നിർമിച്ച ഡീപ്ഫേക്ക് വീഡിയോയാണെന്ന് വ്യക്തമായി.
കാശ്മീരിൽ 72 മണിക്കൂറിൽ 15 ഇന്ത്യൻ സൈനികർ രാജിവെച്ചെന്ന പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് കണ്ടെത്തി. എൻഡിടിവി വാർത്ത ബുള്ളറ്റിനിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ആദിത്യ രാജ് കൌൾ അവതരിപ്പിച്ച വാർത്തയെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

