ഫാക്ട് ചെക്ക്: ബഹ്റൈനിലെ താമസകെട്ടിടങ്ങൾക്ക് നേരെ ഇറാൻ ആക്രമണം? വസ്തുതയെന്ത്
യുക്രൈനിലെ കീവിൽ റഷ്യൻ ഡ്രോണാക്രമണത്തിൻ്റെ ദൃശ്യമാണ് പ്രചരിക്കുന്നത്

Claim :
ബഹ്റൈനിലെ താമസ കെട്ടിടത്തിൽ ഇറാൻ ആക്രമണം നടത്തുന്ന ദൃശ്യംFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന വീഡിയോ യുക്രൈനിലെ കീവിൽ റഷ്യ നടത്തിയ ഡ്രോണാക്രമണത്തിൻ്റേതാണ്
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണവും ഇറാൻ്റെ പ്രത്യാക്രമണവും അതിരൂക്ഷമായി തുടരുകയാണ്. ഇറാൻ്റെ പരമോന്നത നേതാവായിരുന്ന അലി ഖാംനഈ ഉൾപ്പെടെയുള്ളവർ ഇസ്രായേൽ - യുഎസ് സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാൻ്റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിലേക്കും നീണ്ടു. യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ മിസൈല്‍ ശേഖരവും സൈനിക ശക്തിയും തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു. ഇറാന് വ്യോമസേനയോ നേവിയോ നിലവില്‍ ഇല്ലെന്നും മിസൈല്‍ ശേഷി അമേരിക്ക തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന് ഇനിയും ആക്രമണങ്ങള്‍ക്ക് തുനിഞ്ഞാല്‍ രാജ്യം പോലും ശേഷിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാനിൽ ഭരണമാറ്റവും സൈനിക ശേഷി ഇല്ലാതാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ ആക്രമണം നടത്തിയത്. എന്നാൽ യുദ്ധം തുടങ്ങിയത് അമേരിക്കയാണെന്നും അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഇറാന്റേതാണെന്നുമാണ് ഇറാൻ റെവല്യൂഷനറി ഗാർഡിൻ്റെ പ്രസ്താവന. ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാൻ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തു. മുജ്തബ ഖമനഈക്ക് 'അചഞ്ചലമായ പിന്തുണ' വാഗ്ദാനം ചെയ്തു റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ താമസകെട്ടിടങ്ങൾക്ക് നേരെ ഇറാൻ ആക്രമണം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാവുകയാണ്. കെട്ടിടത്തിന് നേരെ വ്യോമാക്രമണം നടക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
വൈറൽ വീഡിയോയുടെ ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
ബഹ്റൈനിൽ താമസകെട്ടിടങ്ങൾക്ക് നേരെ ഇറാൻ ആക്രമണം എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ യുക്രൈനിൽ നിന്നുള്ളതാണ്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. 2026 ജനുവരി 10 ന് КАШТАН NEWS എന്ന യൂട്യൂബ് ചാനലിൽ പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. കൂടുതൽ പരിശോധനയിൽ കഷ്താൻ ന്യൂസ് (КАШТАН NEWS) യുക്രൈനിലെ കീവിൽ നിന്നുള്ള ഒരു പ്രാദേശിക സ്വതന്ത്ര ഡിജിറ്റൽ മീഡിയ സ്ഥാപനമാണെന്ന് വ്യക്തമായി. ജനുവരി 9, 2026 കീവ്. ഒരു റഷ്യൻ ഡ്രോൺ ഒരു താമസ കെട്ടിടത്തിൽ ഇടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആക്രമണത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും വീഡിയോയിലില്ല.
ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിച്ചു. റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, 2026 ജനുവരി 9 ന് കീവ് ലക്ഷ്യമിട്ട് റഷ്യൻ ഡ്രോണുകൾ ആക്രമണം നടത്തികയും നാല് പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളിൽ താമസ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായി, യുക്രൈൻ തലസ്ഥാനത്തെ നിരവധി ജില്ലകളിൽ തീപിടുത്തങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി.
കൂടുതൽ വ്യക്തതയ്ക്കായി ബഹ്റൈനിലെ ഇറാൻ ആക്രമണത്തെകുറിച്ച് പരിശോധിച്ചു. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ജനവാസമേഖലയിൽ ഇറാൻ ഡ്രോണാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാൻ പ്രത്യാക്രമണം തുടങ്ങിയത് മുതൽ ബഹ്റൈനിൽ ഇത് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാർച്ച് രണ്ടിന് സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ മിസൈൽ തകർത്തതിനെത്തുടർന്ന് വീണ അവശിഷ്ടങ്ങൾ പതിച്ച് ബംഗ്ലാദേശ് സ്വദേശി കൊല്ലപ്പെട്ടിരുന്നു.
ഇതോടെ, ബഹ്റൈനിൽ താമസകെട്ടിടങ്ങൾക്ക് നേരെ ഇറാൻ ആക്രമണം എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വൈറൽ വീഡിയോ യുക്രൈനിലെ കീവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൻ്റേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

