ഫാക്ട് ചെക്ക്: അഫ്ഗാനിസ്ഥാനുമായി വ്യാപാര ബന്ധം നിർത്തിവെച്ചെന്ന് കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ പറഞ്ഞോ? പ്രചാരണം വ്യാജം
ഇറാനിലെ ആഭ്യന്തര സംഘർഷം കണക്കിലെടുത്താണ് നടപടിയെന്നാണ് പ്രചാരണം

Claim :
അഫ്ഗാനിസ്ഥാനുമായി വ്യാപാര ബന്ധം താത്കാലികമായി നിർത്തലാക്കിയെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽFact :
പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. വീഡിയോ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതാണ്.
ഇറാനുമായി ആഭ്യന്തര സംഘർഷവും അസ്ഥിരതയും തുടരുന്നതിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാനുമായുള്ള എല്ലാ വ്യാപാരവും നിർത്തിവച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിൻ്റെ വീഡിയോയാണ് പ്രചരിക്കുന്നത്. “ഇറാനിൽ ആഭ്യന്തര സംഘർഷവും കലാപവും തുടരുന്നതിനിടെ, ഇന്ത്യ അഫ്ഗാനിസ്ഥാനുമായുള്ള എല്ലാ വ്യാപാരവും അപ്രതീക്ഷിതമായി നിർത്തിവച്ചിരിക്കുകയാണ്. ഇത് പ്രദേശത്ത് വലിയൊരു ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ട്. വ്യാപാര മാർഗങ്ങൾ, വിതരണ ശൃംഖലകൾ, ഇന്ത്യൻ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള ഗുരുതരമായ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് വാണിജ്യ മന്ത്രി പിയൂഷ് ഗോയലിൻ്റെ നേതൃത്വത്തിൽ, ഈ തീരുമാനം എടുത്തത്. ഈ അടിയന്തര വ്യാപാര നിർത്തൽ, വളരുന്ന അസുരക്ഷിതാവസ്ഥ ഇന്ത്യയെ പിന്നോട്ട് പോകാൻ നിർബന്ധിതമാക്കുന്നുവെന്നും, താലിബാൻ ഭരണത്തിലിരിക്കുന്ന അഫ്ഗാനിസ്ഥാന്റെ ഏകാന്തത കൂടുതൽ ആഴപ്പെടുത്തുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. പോസ്റ്റും ലിങ്കും ചുവടെ
കൂടാതെ, ഇറാനിൽ വർധിച്ചുവരുന്ന കലാപവും അസ്ഥിരതയും കാരണം ഇന്ത്യ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം താൽക്കാലികമായി നിർത്തിവച്ചുവെന്ന് വ്യക്തമാക്കുന്ന ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഒരു കത്തും പ്രചരിക്കുന്നുണ്ട്.
വൈറൽ പോസ്റ്റുകളുടെ ആർക്കൈവ് ഇവിടെയും, ഇവിടെയും.
വസ്തുത പരിശോധന:
ഇറാനിലെ ആഭ്യന്തര സംഘർഷം കണക്കിലെടുത്ത് അഫ്ഗാനിസ്ഥാനുമായി ഇന്ത്യ വ്യാപാര ബന്ധം താൽക്കാലികമായി നിർത്തലാക്കിയെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണ്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ എഎൻഐ ഔദ്യോഗിക എക്സ് പേജിൽ പങ്കുവെച്ച വീഡിയോ കണ്ടെത്തി. 2026 ജനുവരി 12 ന് ഗുജറാത്തിൽ സൗരാഷ്ട്രയ്ക്കും കച്ചിനുമുള്ള വൈബ്രൻ്റ് റീജിയണൽ കോൺഫറൻസിൽ പങ്കെടുക്കുന്ന കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ എന്നതാണ് പോസ്റ്റ്. "2003 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈബ്രൻ്റ് ഗുജറാത്ത് ഉച്ചകോടി ആരംഭിച്ചപ്പോൾ, മറ്റ് സംസ്ഥാനങ്ങൾ അത് ഏറ്റെടുക്കുന്ന തരത്തിൽ ഈ പരീക്ഷണം ഇത്രയധികം വിജയകരമാകുമെന്ന് ആരും കരുതിയിരിക്കില്ല. വളർച്ചയ്ക്കും രാഷ്ട്രനിർമ്മാണത്തിനും അത്യന്താപേക്ഷിതമായ ഒരു മത്സര മനോഭാവം സംസ്ഥാനങ്ങൾക്കിടയിൽ ഉയർന്നുവരും... ഈ സമ്മേളനം പ്രാദേശിക വികസനത്തിന് വളരെയധികം ഉത്തേജനം നൽകും. ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, മേഖലയിലെ എല്ലാ വ്യവസായ മേഖലകൾ എന്നിവയ്ക്കും വളരെയധികം പ്രയോജനം ലഭിക്കും..." എന്നിങ്ങനെയാണ് മന്ത്രി പറയുന്നത്. ഇതിലെവിടെയും അഫ്ഗാനിസ്ഥാനോ ഇറാനോ പരാമർശിക്കുന്നതായി കണ്ടെത്താനായില്ല.
തുടർന്ന് വൈറൽ വീഡിയോ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതാണോ എന്നറിയാൻ ഹിയ ഡീപ്ഫേക്ക് വോയിസ് ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചു. പ്രചരിക്കുന്ന വീഡിയോയിലെ ശബ്ദം ഡീഫ്ഫേക്കാണെന്ന് വ്യക്തമായി.
വൈറൽ കത്തിനെ കുറിച്ചും ഞങ്ങൾ അന്വേഷിച്ചു. കീവേഡ് പരിശോധനയിൽ ഇറാനിലെ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾ കാരണം ഇന്ത്യ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം താൽക്കാലികമായി നിർത്തിവച്ചതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും പരിശോധിച്ചെങ്കിലും അത്തരമൊരു പ്രഖ്യാപനം കണ്ടെത്തിയില്ല. കൂടാതെ, ഇന്ത്യ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം നിർത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൻ്റെ സമീപകാല പ്രസ്താവനകളൊന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
വൈറൽ കത്തിൽ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി വിമൽ ആനന്ദ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. എന്നാൽ, മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, വിമൽ ആനന്ദ് നിലവിൽ ജോയിൻ്റ് സെക്രട്ടറിയാണ്. കൂടാതെ, പിഐബിയും പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയതായി കണ്ടെത്തി.
ഇതോടെ, അഫ്ഗാനിസ്ഥാനുമായി ഇന്ത്യ വ്യാപാര ബന്ധം താൽക്കാലികമായി നിർത്തലാക്കിയെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതാണെന്നും കത്ത് വ്യാജമാണെന്നും വ്യക്തമായി

