ഫാക്ട് ചെക്ക്: ഗാന്ധി പ്രതിമ തകർത്തത് ബംഗ്ലാദേശിലല്ല, ബിഹാറിൽ
ബംഗാളിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്

Claim :
ബംഗ്ലാദേശിൽ ഗാന്ധി പ്രതിമ തകർത്തുFact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്
ജനകീയ പ്രക്ഷോഭത്തിനിടെ രാജ്യംവിട്ട ശൈഖ് ഹസീനക്ക് അഭയം നൽകിയതോടെ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ശൈഖ് ഹസീനക്കെതിരെ പ്രക്ഷോഭം നയിച്ച വിദ്യാർഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയവർ ഇന്ത്യയിലേക്ക് കടന്നെന്നും ബംഗ്ലാദേശ് അവകാശപ്പെട്ടിരുന്നു. ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെയുണ്ടായ അതിക്രമങ്ങൾക്കെതിരെ ഇന്ത്യ രംഗത്തെത്തുകയും ചെയ്തു.
അന്തരിച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് ഇന്ത്യ പിന്തുണയും അറിയിച്ചു. ഖാലിദ സിയയുടെ അനുശോചന കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2026 ഫെബ്രുവരി 12ന് ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യ നയത്തിൽ വലിയ മാറ്റം വരുത്തിയത്. മുഹമ്മദ് യൂനിസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ പ്രവർത്തനത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ബിഎൻപിക്ക് ഇന്ത്യ പരസ്യ പിന്തുണ നൽകിയിരിക്കുന്നത്.
അതിനിടെ, മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ട രീതിയിൽ ഒരു ചിത്രവും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
"(ബംഗ്ലാദേശിന്) 55 കോടി രൂപ നൽകുന്നതിനായി അദ്ദേഹം നിരാഹാര സമരം നടത്തി. ഹിന്ദുക്കളിൽ നിന്ന് പൂർണ്ണമായ അഹിംസ ആവശ്യപ്പെടുകയും മുസ്ലീങ്ങൾക്ക് അവരുടെ മതം സംരക്ഷിക്കാനുള്ള അവകാശങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. അദ്ദേഹം "പ്രീണനത്തിന്റെ പിതാവ്" ആയിരുന്നു. ഇന്ന്, ബംഗ്ലാദേശികൾ STSJ (സർ താൻ സേ ജൂഡ) ചെയ്തുകൊണ്ട് ഗാന്ധിയോടുള്ള ആദരവ് പ്രകടിപ്പിച്ചു. അഭിനന്ദനങ്ങൾ ബാപ്പു. തലയില്ലാത്ത ഗാന്ധിഗിരി നീണാൾ വാഴട്ടെ!" എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ
വസ്തുത പരിശോധന:
ബംഗ്ലാദേശിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ 2026 ജനുവരി 16 ന് ബിജെപിയുടെ പശ്ചിമ ബംഗാൾ ഹാൻഡിൽ ഉൾപ്പെടെ എക്സിൽ പോസ്റ്റ് ചെയ്ത പ്രതിമയുടെ അതേ ഫോട്ടോ ലഭിച്ചു. ജനുവരി 15 ന് പശ്ചിമ ബംഗാളിലെ ചകുലിയയിലാണ് സംഭവം നടന്നതെന്ന് പോസ്റ്റുകളിൽ പറയുന്നു. "ഇന്നലത്തെ അക്രമത്തിനിടെ ചകുലിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ടു. രാഷ്ട്രപിതാവിൻ്റെ തല വേർപെട്ട് രാത്രി മുഴുവൻ നിലത്ത് കിടന്നു, ഭരണകൂടം തിരിഞ്ഞുനോക്കിയില്ല. രാവിലെയോടെ, അത് നിശബ്ദമായി നീക്കം ചെയ്തു". എന്നാണ് വിവരണം
2026 ജനുവരി 16 ന് എബിപി ആനന്ദ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലും സമാന ദൃശ്യം ഉൾപ്പെടുത്തിയിട്ടുണ്ട്. 2026 ജനുവരി 15 ന് നടന്ന വോട്ടർ പട്ടികയുടെ എസ്ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) ഹിയറിങ്ങിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിക്കപ്പെടുകയും ചെയ്തെന്നാണ് റിപ്പോർട്ടിലുള്ളത്. പ്രതിഷേധക്കാർ ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസറുടെ (ബിഡിഒ) ഓഫീസ് കൊള്ളയടിച്ചതായും പ്രദേശത്ത് നാശനഷ്ടങ്ങളുണ്ടായതായും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ജനുവരി 15 ന് നടന്ന ആൾക്കൂട്ട ആക്രമണത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി ജനുവരി 17 ന് ടെലിഗ്രാഫും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ദിനാജ്പൂരിലെ ചകുലിയയിലുള്ള ഗോൾപോഖർ-II ബ്ലോക്കിൻ്റെ വോട്ടർ പട്ടിക എസ്ഐആറുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാൻ ബിഡിഒ ഓഫീസിൽ പ്രതിഷേധക്കാർ തീയിട്ടതായും റിപ്പോർട്ടിലുണ്ട്.
ജനുവരി 16 ന് ബംഗാളിയിലെ പ്രാദേശിക മാധ്യമമായ കെ ടിവിയും ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയതാണ് റിപ്പോർട്ട്.
ഇതോടെ ബംഗ്ലാദേശിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പശ്ചിമ ബംഗാളിലെ ദിനാജ്പൂരിലെ ചകുലിയയിൽ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ (എസ്ഐആർ) ഹിയറിങ്ങിനിടെ നടന്ന പ്രതിഷേധത്തിനിടെ തകർന്ന പ്രതിമയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്.

