ഫാക്ട് ചെക്ക്: അരുണാചലിൽ ചൈനീസ് സേനയുടെ അഭ്യാസം? പ്രചാരണം വ്യാജം
അരുണാചൽ വിഷയത്തിൽ ഇന്ത്യ ചൈന ഭിന്നിപ്പ് തുടരുന്നതിനിടെ ആണ് പ്രചാരണം

Claim :
അരുണാചലിൽ ചൈനീസ് സേനയുടെ അഭ്യാസംFact :
പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. വടക്കുകിഴക്കൻ ചൈനയിലാണ് പ്രവർത്തിക്കുന്ന പിഎൽഎ 78-ാം ഗ്രൂപ്പ് ആർമിയുടെ അഭ്യാസ വീഡിയോയാണ് പ്രചരിക്കുന്നത്
അരുണാചൽ പ്രദേശിനെച്ചൊല്ലി ഇന്ത്യയും ചൈനയും വീണ്ടും ഉരസലിൽ. ഷാങ്ഹായ് വിമാനത്താവളത്തിൽ ചൈനീസ് അധികൃതർ തടഞ്ഞുവെച്ചെന്നും ഇന്ത്യൻ പാസ്പോർട്ട് അംഗീകരിച്ചില്ലെന്നുമുള്ള അരുണാചലിൽ നിന്നുള്ള യുവതിയുടെ വെളിപ്പെടുത്തലാണ് പുതിയ പിരിമുറുക്കങ്ങൾക്ക് തുടക്കമിട്ടത്. അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്നായിരുന്നു ചൈനീസ് പ്രസ്താവന. സാങ്നാന് ചൈനയുടെ പ്രദേശമാണെന്നാണ് അവകാശവാദം. അരുണാചല് പ്രദേശ് എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഇന്ത്യയുടേതാണെ വസ്തുത ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ചൈന വാദിച്ചു. എന്നാൽ എത്ര നിരാകരിച്ചാലും അരുണാചൽ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഇടപെടലിലാണ് പ്രേമ വാങ്ജോം തോങ്ഡോക്കിനെ ചൈന വിട്ടയച്ചത്.
അതിനിടെ, അരുണാചൽ പ്രദേശിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനിക പരിശീലനം നടത്തുന്നുവെന്ന അവകാശ വാദത്തോടെ സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രാലയവും മൗനം പാലിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
അരുണാചൽ പ്രദേശിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനിക പരിശീലനം തുടങ്ങിയെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. വടക്കുകിഴക്കൻ ചൈനയിലാണ് പ്രവർത്തിക്കുന്ന പിഎൽഎ 78-ാം ഗ്രൂപ്പ് ആർമിയുടെ അഭ്യാസ വീഡിയോയാണ് പ്രചരിക്കുന്നത്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ പരിശോധിച്ചു. സിജിടിഎൻ യൂറോപ്പ് 2025 നവംബർ 13ന് പോസ്റ്റ് ചെയ്ത സമാന വീഡിയോ കണ്ടെത്തി. "ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യുടെ ഗ്രൗണ്ട് ഫോഴ്സ് യൂണിറ്റ് അടുത്തിടെ പുതിയ യുദ്ധ തന്ത്രങ്ങളുടെയും ദീർഘദൂര ഡ്രോണുകൾ, റോബോട്ടിക് നായ്ക്കൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് ഉപകരണങ്ങളുടെയും തത്സമയ-ഫയർ ഡ്രിൽ നടത്തി. യുദ്ധക്കളത്തിലെ തന്ത്രങ്ങൾ, മൈൻ നിർവീര്യമാക്കൾ, പ്രത്യാക്രമണം തുടങ്ങി നിരവധി ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന ഈ ഡ്രിൽ, യഥാർത്ഥ യുദ്ധ സാഹചര്യങ്ങൾ നേരിടുന്നതിനാണ് നടത്തിയത്. നൂതന സൈനിക തന്ത്രങ്ങളുടെ പരീക്ഷണമായിരുന്നു ഡ്രിൽ. ആധുനിക യുദ്ധ സാഹചര്യം നേരിടാൻ കമാൻഡോമാർക്കും സൈനികർക്കുമുള്ള പരിശീലനമാണ് നടന്നത്" എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നൂതന ഡ്രോണുകളും റോബോട്ടിക് നായ്ക്കളെയും ഉപയോഗിച്ച് പീപ്പിൾസ് ലിബറേഷൻ ആർമി സൈനിക അഭ്യാസങ്ങൾ നടത്തുന്നതാണ് വീഡിയോയിൽ. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള സൈനിക വിന്യാസമാണെന്ന് വിവരണത്തിലില്ല. പിഎൽഎയുടെ 78-ാമത് ഗ്രൂപ്പ് ആർമിയുടെ ഒരു ഗ്രൗണ്ട് ഫോഴ്സ് യൂണിറ്റാണ് ഫയർ ഡ്രിൽ നടത്തിയതെന്ന് വിവരണത്തിൽ പറയുന്നുണ്ട്.
ചൈനയുടെ സൈനിക ഘടനയെ കുറിച്ച് പരിശോധിച്ചു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം 78-ാം ഗ്രൂപ്പ് ആർമി മംഗോളിയ, റഷ്യ, ഉത്തര കൊറിയ എന്നിവയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ ചൈനയിലാണ് പ്രവർത്തിക്കുന്നത്. ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാർബിനിലാണ് ആസ്ഥാനം. അതേസമയം, അരുണാചൽ പ്രദേശും ഇന്ത്യയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയും (എൽഎസി) പിഎൽഎയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിന് കീഴിലാണ്.
ഡ്രില്ലിനെ കുറിച്ച് ചൈനീസ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടും പരിശോധിച്ചു. ഇതിലെവിടെയും ഇന്ത്യ - ചൈന അതിർത്തിയിലെ സൈനിക അഭ്യാസത്തെ കുറിച്ച് പരാമർശമില്ലെന്ന് കണ്ടെത്തി.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയും പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ അരുണാചൽ പ്രദേശിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനിക പരിശീലനം തുടങ്ങിയെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ പിഎൽഎയുടെ 78-ാം ഗ്രൂപ്പ് ആർമിയുടെ സൈനിക അഭ്യാസമാണ്. ഇന്ത്യൻ അതിർത്തിയിൽ നിയമിക്കപ്പെട്ട സൈനികരല്ല പിഎൽഎയുടെ 78-ാം ഗ്രൂപ്പ് എന്ന് അന്വേഷണത്തിൽ വ്യക്തമായി.

