ഫാക്ട് ചെക്ക്: മമത ബാനർജിയെ പിന്തുണയ്ക്കുന്ന ബംഗ്ലാദേശ് പൌരൻ? പ്രചാരണം വ്യാജം
എസ്ഐആറിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രചാരണം

Claim :
മമത ബാനർജിയെ പിന്തുണയ്ക്കുന്ന ബംഗ്ലാദേശ് പൌരൻFact :
പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണ്
രാജ്യത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ്ഐആർ പ്രഖ്യാപിച്ചത് മുതൽ രാഷ്ട്രീയ വിവാദങ്ങൾ ഉയരുകയാണ്. നിയമാനുസൃത വോട്ടർമാരെ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരെ പട്ടികയിൽ നിന്ന് പുറത്താക്കുകയാണ് എസ്ഐആർ കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അവകാശപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഐആറിലൂടെ പശ്ചിമ ബംഗാളിനെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. വടക്കൻ ബംഗാളിലെ അതിർത്തി ജില്ലയായ മാൾഡയിൽ എസ്ഐആറിനെതിരെ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അമിത് ഷായ്ക്കെതിരെ മമത രംഗത്ത് എത്തിയത്. '' എസ്ഐആറിലൂടെ ബിജെപി സ്വന്തം ശവക്കുഴി തോണ്ടുകയാണ്. അവർക്ക് ബംഗാളിനെ കീഴടക്കാൻ കഴിയില്ല. ബംഗാളിലെ ജനങ്ങൾ ഒരിക്കലും നിങ്ങളെ പിന്തുണയ്ക്കില്ല. ബംഗാൾ, ബീഹാറിൽ നിന്ന് വ്യത്യസ്തമാണ്''- മമത പറഞ്ഞു.
ബംഗാളിൽ എസ്ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ആളുകളെ ഭയപ്പെടുത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു. സംസ്ഥാന സർക്കാരിനെ തളര്ത്താനും തെരഞ്ഞെടുപ്പിന് മുമ്പ് വികസന പദ്ധതി താളം തെറ്റിക്കാനുമാണ് ബിജെപി ശ്രമമെന്നും മമത കുറ്റപ്പെടുത്തി.
തൃണമൂൽ കോൺഗ്രസിന് വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയാണെന്നാണ് ബിജെപി വിമർശനം. വർഷങ്ങളായി, തൃണമൂൽ കോൺഗ്രസ് അനധികൃത നുഴഞ്ഞുകയറ്റത്തിൽ നിന്നും വ്യാജ വോട്ടർമാരിൽ നിന്നും നിശബ്ദമായി നേട്ടമുണ്ടാക്കിയെന്നും ഇപ്പോൾ എസ്ഐആർ വഴി വോട്ടർ പട്ടിക പരിഷ്കരിക്കുകയും വ്യാജ എൻട്രികൾ നീക്കം ചെയ്യുകയും ചെയ്യുന്നതിനാൽ, മമത പരിഭ്രാന്തിയിലാണെന്നും തങ്ങളെ അധികാരത്തിൽ നിലനിർത്തിയ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനാണ് ടിഎംസിയുടെ ശ്രമമെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
അതിനിടെ, ഒരു മുസ്ലീം പുരുഷൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മേൽ വസ്ത്രം ധരിക്കാത്ത തൊപ്പി ധരിച്ച ഒരാളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. ബംഗ്ലാദേശിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്നയാൾ മമത ബാനർജിയെ പിന്തുണയ്ക്കുന്നുവെന്നും ഉടൻ തങ്ങൾ പശ്ചിമ ബംഗാൾ ഭരിക്കുമെന്നും പറയുന്നതായി കേൾക്കാം. "ഞാൻ സൂപ്പർ പവർ ബംഗ്ലാദേശിൽ നിന്നാണ്. ഞാൻ കൊൽക്കത്തയിലാണ് താമസിക്കുന്നത്, മമത ബാനർജിയെ പൂർണ്ണമായും പിന്തുണയ്ക്കുന്നു. ഞങ്ങൾ ബംഗ്ലാദേശികൾ, ഉടൻ തന്നെ പശ്ചിമ ബംഗാളിൽ ഭരിക്കും. എൻ്റെ വാക്കുകൾ ഓർത്തുവെച്ചോ." എന്നാണ് പറയുന്നത്. പോസ്റ്റും ലിങ്കും ചുവടെ
വൈറൽ പോസ്റ്റിൻ്റെ ആർക്കൈവ് ഇവിടെ.
വസ്തുത പരിശോധന:
മമത ബാനർജിയെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്ന ബംഗ്ലാദേശ് പൌരൻ്റെ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. എഐ ഉപയോഗിച്ച് നിർമിച്ച വീഡിയോയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ പുറകിൽ ഭാവവ്യത്യസമില്ലാതെ നിൽക്കുന്നയാളെ കാണാം. പുറകിൽ വാഹനങ്ങളുടെ നീക്കത്തിൽ അസ്വാഭാവികത കാണാം. എന്നാൽ വീഡിയോയ്ക്ക് മുകളിൽ വലത് കോണിൽ 'SORA' എന്ന വാട്ടർമാർക്ക് കാണാം. ടെക്സ്റ്റ് വിവരണങ്ങളിൽ നിന്ന് റിയലിസ്റ്റിക് വീഡിയോകൾ സൃഷ്ടിക്കുന്ന ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലാണ് സോറ, ഇത് വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാവാമെന്ന സൂചന നൽകുന്നു
തുടർന്ന് വീഡിയോയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാധ്യത സ്ഥിരീകരിക്കാൻ ഹൈവ് മോഡറേഷൻ എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് ഞങ്ങൾ വീഡിയോ പരിശോധിച്ചു. 99.9 ശതമാനം കോൺഫിഡൻസ് സ്കോറോടെ വൈറൽ വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമായി.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ കടുത്ത വിമർശനമുന്നയിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പിന്തുണയ്ക്കുന്ന ബംഗ്ലാദേശ് പൌരനെന്ന പ്രചാരണം അടിസ്ഥാന രഹിതമാണന്ന് കണ്ടെത്തി. പശ്ചിമ ബംഗാളിൽ ബംഗ്ലാദേശ് ഭരണം പിടിക്കുമെന്ന് ഉൾപ്പടെ പറയുന്ന മുസ്ലിമിൻ്റെ വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി.

