ഫാക്ട് ചെക്ക്: കേരളത്തിന് വിഷുക്കൈനീട്ടമായി 980 ഇ ബസ്? വാസ്തവമറിയാം

Claim :
കേരളത്തിന് വിഷുക്കൈനീട്ടമായി 980 ഇ ബസ്Fact :
പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. കേന്ദ്രം ഈ വർഷം ഇ ബസുകൾ അനുവദിച്ചിട്ടില്ല. 2023ൽ ഇ ബസുകൾ അനുവദിച്ചെങ്കിലും കേരളം താത്പര്യം അറിയിച്ചിരുന്നില്ല.
2023ലാണ് കേന്ദ്രസർക്കാർ 'പ്രധാനമന്ത്രി ഇ ബസ് സേവ' ആരംഭിച്ചത്. 3 ലക്ഷം മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള 100 നഗരങ്ങളിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് 10,000 ബസുകൾ എന്നതായിരുന്നു ആദ്യഘട്ടത്തിൽ പദ്ധതി ലക്ഷ്യമിട്ടത്. രണ്ടാം ഘട്ടത്തിലേക്ക് കടന്ന പിഎം ഇ-ബസ് സേവാ പദ്ധതി -2ന് കീഴിൽ 1,021 ഇലക്ട്രിക് ബസുകൾക്കുള്ള ഓർഡർ ലഭിച്ചതായാണ് പ്രാദേശിക നിർമാതാക്കളായ ജെബിഎം അറിയിച്ചതെന്ന് സസ്റ്റൈനബിൾ ബസ് റിപ്പോർട്ടിലുണ്ട്. അതിനിടെ 2025ലെ വിഷുവിന് മുന്നോടിയായി കേരളത്തിന് ഇ ബസുകൾ നൽകാനൊരുങ്ങുകയാണ് കേന്ദ്രം എന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്. 5000 പേർക്ക് തൊഴിൽ ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ഇ ബസ് പദ്ധതിയിലൂടെ സംസ്ഥാനത്തിന് 980 ഇ ബസ്സുകൾ നൽകുന്നുവെന്നാണ് പ്രചാരണം. ജനസംഖ്യ അടിസ്ഥാനത്തിൽ പത്ത് നഗരങ്ങളിലാണ് ബസ് നൽകുന്നതെന്നും പോസ്റ്റിലുണ്ട്. കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷുക്കൈനീട്ടം.
980 E ബസ്സുകൾ. കേരളത്തിൽ 5000 പേർക്ക് തൊഴിൽ ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി.ഡ്രൈവർ ഉൾപ്പെടെ എല്ലാം കേന്ദ്രസർക്കാർ നൽകും 🙏 പക്ഷേ ഇത് ഞമ്മന്റെ ആണെന്ന് പിണറായി പറയുന്നതിനു മുമ്പ് എല്ലാ രാജ്യസ്നേഹികളും ഇത് പ്രചരിപ്പിക്കുക. നമ്മുടെ നാട്ടിലും എത്തട്ടെ ഇത്തരം ഇലക്ട്രോണിക് ബസുകൾ വന്ദേമാതരം.
ഭാരത് മാതാ കീ ജയ്🙏
എന്ന വിവരണത്തോടെയാണ് പോസ്റ്റ്. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി കേരളത്തിന് കേന്ദ്രം 950 ബസുകൾ അനുവദിക്കുന്നുവെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. നിലവിൽ കേന്ദ്രം കേരളത്തിന് ഇ ബസുകൾ അനുവദിച്ചിട്ടില്ലെന്നും രണ്ട് വർഷം മുൻപ് അനുവദിച്ചതിൽ കേരളം താത്പര്യം അറിയിച്ചില്ലെന്നും കണ്ടെത്താനായി.
1:28 മിനിട്ട് ദൈർഘ്യമുള്ള വാർത്ത രൂപത്തിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ലെമൺ ന്യൂസ് മലയാളം എന്ന ചാനലിന്റെ ലോഗോയും വീഡിയോയിൽ വ്യക്തമാകും. ലഭ്യമായ വിവരം പ്രകാരം നടത്തിയ അന്വേഷണത്തിൽ ലെമൺ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു. പിണറായിയുടെ നെഞ്ചത്ത് തന്നെ. 950 ബസിറക്കി കേന്ദ്ര സര്ക്കാര് എന്നാണ് 2023 സെപ്റ്റംബർ 27ന് പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട്.
ഇതേ ചാനലിൽ തുടർവാർത്തയും നൽകിയതായി കണ്ടെത്തി. Modi | പിണറായി 950 ഇ-ബസുകള് കൈവിട്ടു ? കേരളത്തിന് വാരിക്കോരി നല്കിയിട്ടും. KSRTC കട്ടപ്പുറത്ത് ? എന്ന തലക്കെട്ടോടെ 2023 ഒക്ടോബർ 2നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാലാവധി കഴിഞ്ഞ കെഎസ്ആർടിസിക്ക് 950 ബസുകൾ വാടകയ്ക്ക് നൽകാമെന്ന കേന്ദ്ര വാഗ്ദാനം കേരളം തള്ളിയതിനെ കുറിച്ചാണ് പറയുന്നത്. വാടകയുടെ നാല്പത് ശതമാനം കേന്ദ്രം വഹിക്കുമെന്നും ബാക്കിയാണ് സംസ്ഥാനം നൽകേണ്ടതെന്നും പരാമർശിക്കുന്നുണ്ട്.
ലഭ്യമായ വിവരം പ്രകാരം നടത്തിയ കീ വേഡ് പരിശോധനയിൽ പദ്ധതിയുടെ വിശദാംശങ്ങൾ ലഭിച്ചു. 2023 ഒക്ടോബർ 6ന് മനോരമ ഓൺലൈൻ നൽകിയ വാർത്തയിൽ പ്രധാനമന്ത്രിയുടെ ഇ-ബസ് സേവാ പദ്ധതിയുടെ ഭാഗമായ 950 ഇ ബസുകൾ കേരളത്തിലെ പത്ത് നഗരങ്ങളിലേക്ക് ലഭിക്കുമെന്ന് പറയുന്നുണ്ട്. എന്നാൽ 2023 ഒക്ടോബർ 28ന് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 950 ബസ് അനുവദിച്ചിട്ടും കേരളം താത്പര്യം അറിയിച്ചില്ല എന്ന് നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കെഎസ്ആർടിസി 90 കോടി മുടക്കി 370 ഡീസൽ ബസുകൾ വാങ്ങുന്നതായും വാർത്തയിലുണ്ട്. ഇ-ബസുകൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഫെയിം1, ഫെയിം 2 പദ്ധതികളിൽ സംസ്ഥാനം താത്പര്യമറിയിക്കാത്തതിനാൽ പിഎം ഇ സേവയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പിഎം ഇ സേവ പദ്ധതിയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ 950 ബസുകൾ വാടകയ്ക്കാണ് ലഭിക്കുകയെന്ന് വ്യക്തമായി . കേരളകൗമുദിയുടെ റിപ്പോർട്ട് പ്രകാരം സ്വകാര്യ കമ്പനിയുടെ 38,000 ഇലക്ട്രിക് ബസുകളാണ് സംസ്ഥാനങ്ങൾക്ക് വാടകയ്ക്ക് നൽകുകയെന്നും കിലോമീറ്ററിന് 54 രൂപ സ്വകാര്യ കമ്പനിക്ക് വാടകയായി നൽകണമെന്നും പറയുന്നുണ്ട്. കേന്ദ്ര സർക്കാർ ഇതിലേക്ക് 22 രൂപ നൽകും. ബാക്കി 28 രൂപ സംസ്ഥാന സർക്കാർ നൽകണം. കണ്ടക്ടറെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കണ്ടക്ടർക്ക് കിലോമീറ്ററിന് 8 രൂപ വെച്ച് സംസ്ഥാന സർക്കാർ ശമ്പളം നൽകണമെന്നും റിപ്പോർട്ടിലുണ്ട്.
2024 ജനുവരി 19ന് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇലക്ട്രിക് ബസുകൾ ലാഭകരമല്ലാത്തതിനാൽ പിഎം ഇ സേവാ പദ്ധതിയിലൂടെ ലഭിക്കുന്ന ബസുകൾ ബാധ്യതയായിത്തീരും എന്ന് കെഎസ്ആർടിസി ഭയക്കുന്നു എന്നാണ് പറയുന്നത്. ഇ ബസ് ബാധ്യതയാകുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയും വിവാദമായിരുന്നു.
2025ലെ വിഷുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമായി കേരളത്തിന് കേന്ദ്രം 950 ബസുകൾ അനുവദിക്കുന്നുവെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. രണ്ട് വർഷം മുൻപാണ് ബസുകൾ അനുവദിച്ചതെന്നും കേരളം താത്പര്യം അറിയിക്കാത്തതിനാൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി