ഫാക്ട് ചെക്ക്: ഐപിഎല്ലിനിടെ ധോണി വിരമിക്കൽ പ്രഖ്യാപിച്ചോ?
മോശം പ്രകടനത്തിനിടെ വിരമിക്കൽ പ്രഖ്യാപിച്ചെന്നാണ് പ്രചാരണം

Claim :
ഐപിഎല്ലിനിടെ ധോണി വിരമിക്കൽ പ്രഖ്യാപിച്ചുFact :
പ്രചാരണം വ്യാജം. ധോണി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് കണ്ടെത്തി
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് അഞ്ചിൽ നാല് മത്സരങ്ങളാണ് പരാജയപ്പെട്ടത്. 2025 ഏപ്രിൽ 8ന് കിങ്സ് ഇലവൻ പഞ്ചാബിനെതിരെ 18 റൺസിനാണ് ചെന്നൈ പരാജയപ്പെട്ടത്. ഇതോടെ മുൻ ക്യാപ്റ്റൻ കൂടിയായാ ധോണിക്കെതിരെ വിമർശനം കടുക്കുകയാണ്. ചെപ്പോക്കിൽ സ്വന്തം തട്ടകത്തിൽ ഡൽഹിക്കെതിരെ 25 റൺസിന് പരാജയപ്പെട്ടതോടെ എം എസ് ധോണി വലിയ വിമർശനങ്ങളാണ് നേരിട്ടത്. 26 പന്തിൽ നിന്ന് 30 റൺസ് മാത്രമാണ് മുൻ നായകന് നേടാനായത്. ഫിനിഷർ റോളിൽ മികവ് പുലർത്താനാകാത്താനും ടീമിനെ വിജയത്തിലെത്തിക്കാനും ധോണിക്ക് സാധിക്കുന്നില്ലെന്നാണ് വിദഗ്ധരുടെ ഉൾപ്പടെ വിമർശനം. ധോണിക്ക് ക്രിക്കറ്റിൽ ടച്ച് നഷ്ടപ്പെട്ടാണ് മുൻ ചെന്നൈ താരം കൂടിയായ മാത്യു ഹെയ്ഡൻ അഭിപ്രായപ്പെട്ടത്. ൽ തന്നെ ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കണമായിരുന്നുവെന്നാണ് മനോജ് തിവാരി അഭിപ്രയാപ്പെട്ടത്. 10 ഓവർ ബാറ്റ് ചെയ്യാൻ ആരോഗ്യപ്രശ്നങ്ങളാൽ സാധിക്കുന്നില്ലെന്ന കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ വിശദീകരണവും വിമർശനത്തിനടയായിരുന്നു. അതിനിടെയാണ് മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചത്. ഐപിഎല്ലിൻ നിന്ന് ധോണി വിരമിച്ചെന്നും സീസൺ അവസാനിക്കും വരെ ഉപദേശകനായി തുടരുമെന്നുമാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ
വസ്തുത പരിശോധന:
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിങ് ധോണി വിരമിച്ചെന്ന പ്രഖ്യാപനം വ്യാജമാണെന്ന് കണ്ടെത്തി. ഔദ്യോഗികമായി ഇത്തരത്തിൽ ഒരു പ്രഖ്യാപനവും താരം നടത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
2025 ഏപ്രിൽ ഒന്ന് മുതൽ സമൂഹ മാധ്യമങ്ങളിൽ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഏപ്രിൽ 8ന് നടന്ന കിങ്സ് ഇലവൻ പഞ്ചാബ് - ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ധോണി കളിച്ചതായി കണ്ടെത്തി. യഷ് ഠാക്കൂറാണ് ധോണിയുടെ വിക്കറ്റെടുത്തത്. 27 റൺസ് മാത്രമാണ് ധോണിക്ക് നേടാനായതെന്നും കണ്ടെത്തി. വിരമിക്കൽ പ്രഖ്യാപനത്തിന്റെ വസ്തുത അറിയാൻ ധോണിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൌണ്ടുകൾ പരിശോധിച്ചു. ധോണിയുടെ ഇൻസ്റ്റഗ്രാം പേജിലോ ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക പേജിലോ വിരമിക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ കീവേഡ് പരിശോധനയിലും ധോണി വിരമിക്കൽ പ്രഖ്യാപിച്ചതായുളള വാർത്തകൾ കണ്ടെത്തിയില്ല. എന്നാൽ ഐപിഎല്ലിൽ തുടരുന്നതുമായി ബന്ധപ്പെട്ട് താരം വ്യക്തത വരുത്തിയതായി ചില റിപ്പോർട്ടുകൾ ലഭിച്ചു. സീസണിനിടെ വിരമിക്കാൻ പദ്ധതിയില്ലെന്ന താരത്തിന്റെ വെളിപ്പെടുത്തൽ ഇൻഡ്യ ടുഡെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റിലാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.
എന്തായാലും ഇപ്പോൾ വിരമിക്കുന്നില്ല. ഞാൻ ഇപ്പോഴും ഐപിഎലിൽ തുടരുകയല്ലേ. ഏറ്റവും ലളിതമായ രീതിയിലാണ് ഞാൻ എന്റെ കരിയറിനെ കാണുന്നത്. ഒറ്റ വർഷത്തെ കാര്യം മാത്രം പ്ലാൻ ചെയ്താണ് ഈ ഘട്ടത്തിൽ മുന്നോട്ടു പോകുന്നത്. ഇപ്പോൾ എനിക്ക് 43 വയസ്സുണ്ട്. ഈ വർഷം ജൂലൈയിൽ 44 വയസ് തികയും. സത്യത്തിൽ കളത്തിൽ തുടരണോ എന്നു തീരുമാനിക്കുന്നത് ഞാനല്ല. എന്നേക്കൊണ്ട് കളി തുടരാനാകുമോ ഇല്ലയോ എന്ന കാര്യം ശരീരം നൽകുന്ന സൂചനകൾ കൂടി അനുസരിച്ചിരിക്കുമെന്നും ധോണി പറഞ്ഞു. ഇപ്പോൾ എന്താണ് ചെയ്യാനാകുക എന്നു മാത്രമാണ് ഈ ഘട്ടത്തിൽ നോക്കുന്നത്. അടുത്ത വർഷത്തെ കാര്യം തീരുമാനിക്കാൻ 8 – 10 മാസം കിട്ടുമല്ലോ എന്നുമാണ് ധോണി പറഞ്ഞത്. ക്രിക്കറ്റിലേക്ക് എത്തിയതിനെ കുറിച്ചും വളർച്ചയും ധോണി രാജ് ഷമാനിയുമായി സംസാരിക്കുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനിടെ ധോണി വിരമിക്കുന്നില്ലെന്ന് വ്യക്തമായി
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിങ് ധോണി വിരമിച്ചെന്ന പ്രഖ്യാപനം വ്യാജമാണെന്ന് കണ്ടെത്തി. ഏപ്രിൽ ഒന്ന് മുതൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഏപ്രിൽ എട്ടിന് കിങ്സ് ഇലവൻ പഞ്ചാബിനെതിരെയും ധോണി കളിച്ചിരുന്നു. വിരമിക്കലുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും താരം ഔദ്യോഗികമായി നടത്തിയിട്ടില്ല. ഐപിഎല്ലിലെ മോശം പ്രകടനത്തിൽ ക്രിക്കറ്റ് വിദഗ്ധരുടെ ഉൾപ്പടെ കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴും വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി മുൻ ക്യാപ്റ്റൻ തന്നെ രംഗത്തെത്തി. തന്റെ ശരീരം അനുവദിച്ചാൽ ക്രിക്കറ്റിൽ തുടരുമെന്നാണ് രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റിൽ ധോണി വ്യക്തമാക്കിയത്.

