വസ്തുത പരിശോധന: ഏകീകൃത സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞോ?
ഏഷ്യാനെറ്റ് ന്യൂസിന്റെ ഗ്രാഫിക്സ് കാർഡ് എഡിറ്റ് ചെയ്താണ് പ്രചാരണം

Claim :
ഏകീകൃത സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻFact :
പ്രചാരണം ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത കാർഡ് എഡിറ്റ് ചെയ്ത്
ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയ പാർട്ടിയാണ് സിപിഐഎം. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിമർശനം പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പാർട്ടി സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിക്കുമെന്നുൾപ്പെടെ സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചിരുന്നു. ഏകീകൃത സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നതോ ശരിയല്ല, ഏകീകൃത സിവിൽ കോഡിനെ എതിർക്കില്ല; പിണറായി വിജയൻ എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താ കാർഡാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏത് കാര്യത്തെയും ആദ്യം എതിർക്കുകയും പിന്നീട് നടപ്പിൽ വരുമെന്നായാൽ പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയാണ് സിപിഐഎമ്മിന്റെ രീതിയെന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം. പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ഏകീകൃത സിവിൽ കോഡിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താ കാർഡിൽ നൽകിയ രണ്ട് വാചകങ്ങൾക്ക് രണ്ട് ഫോണ്ടാണ്. ഫോണ്ടിലെ വ്യത്യാസം കാർഡ് വ്യാജമാണെന്ന സൂചന നൽകുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ചതാണ് വാർത്താ കാർഡെന്ന് പ്രചരിക്കുന്ന കാർഡിലുണ്ട്. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നതോ ശരിയല്ല എന്ന വാചകം ഉദ്ധരിച്ചതായി കാണിക്കുന്നുണ്ട്. തൊട്ട് താഴെ നൽകിയ വാചകം മുകളിൽ നൽകിയ വാചകത്തിൽ നിന്ന് വ്യത്യസ്തമായ ഫോണ്ട് ഉപയോഗിച്ച് ഉദ്ധരിക്കാതെയാണ് നൽകിയത്. കാർഡിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും പശ്ചാത്തലത്തിൽ അയോധ്യ രാമക്ഷേത്രവും നൽകിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജിൽ നടത്തിയ പരിശോധനയിൽ വാർത്തയുടെ യഥാർഥ കാർഡ് കണ്ടെത്തി. 2024 ജനുവരി 22നാണ് കാർഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യഥാർഥ കാർഡാണ് ചുവടെ
കാർഡിൽ യൂണിഫോം സിവിൽ കോഡിനെ എതിർക്കില്ല എന്ന വാക്യം ഇല്ല. ഇത് കൂട്ടിച്ചേർത്തതാണെന്ന് വ്യക്തമായി. വാർത്താ കാർഡിന് ആധാരമായ മുഖ്യമന്ത്രിയുടെ പ്രസ്താവന ഏതാണെന്ന് അന്വേഷിച്ചു. 2024 ജനുവരി 22ന് നടന്ന അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെയാണ് മുഖ്യമന്ത്രി വിമർശിക്കുന്നത്. മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയപരിപാടിയാക്കിയെന്നും മതവും രാഷ്ട്രീയവും തമ്മിലുള്ള വേർതിരിവ് നേർത്തുവരികയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. എല്ലാ മതങ്ങൾക്കും ഇന്ത്യന് ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള് ഒരു മതത്തെ മാത്രം ഉയര്ത്തിക്കാട്ടുന്നത് ശരിയല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് സംബന്ധിച്ച് മറ്റ് മാധ്യമങ്ങളും വാർത്ത നൽകിയതായി കണ്ടെത്തി.
കീവേഡ് പരിശോധനയിൽ ന്യൂ ഇന്ത്യൻ എക്സപ്രസ്, ഇകണോമിക് ടൈംസ് ഉൾപ്പടെയുള്ള ദേശീയ മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്താവന നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം 24 ന്യൂസ് നൽകിയ വാർത്തയിലുണ്ട്. ഇംഗ്ലിഷിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ലിങ്ക് ചുവടെ
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിനെ വിമർശിച്ച് മതചടങ്ങ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. 2024 ജനുവരി 22ന് നടത്തിയ പ്രസ്താവനയിൽ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചോ പിന്തുണയ്ക്കുന്നതിനെ കുറിച്ചോ മുഖ്യമന്ത്രി പറയുന്നില്ല.
ഏകീകൃത സിവിൽ കോഡിൽ മുഖ്യമന്ത്രിയുടെ നിലപാട് കൂടി പരിശോധിച്ചു. ഏകീകൃത സിവിൽ കോഡിനെതിരെ കേരളത്തിൽ ഭരണ - പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയതാണ്. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ പിന്തുണച്ചാണ് പാസാക്കിയത്. സഭയിലെ മുഴുവൻ അംഗങ്ങളും പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം, മത നിയമങ്ങളനുസരിച്ചുള്ള വ്യക്തിനിയമം പാലിച്ച് ജീവിക്കാനുള്ള അവകാശം കൂടി ഉൾപ്പെടുന്നതാണ്. അതിനെ വിലക്കുന്ന നിയനിർമാണെ മൌലികാവകാശ ലംഘനമാണെന്നായിരുന്നു പ്രമേയം. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തെങ്കിലും പ്രസ്താവന ഈയിടെ നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു. കീവേഡ് പരിശോധനയിൽ അത്തരത്തിലുള്ള ഒന്നും കണ്ടെത്താനായില്ല.
ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താ കാർഡ് തിരുത്തിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. യഥാർഥത്തിൽ അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്തത് മതചടങ്ങ് രാഷ്ട്രീയ ചടങ്ങാക്കിയെന്നാണ് വിമർശനം. പ്രസ്തുത പ്രസ്താവനയ്ക്ക് ഏകീകൃത സിവിൽ കോഡുമായി ബന്ധമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി