ഫാക്ട് ചെക്ക്: ഓപ്പറേഷൻ സിന്ദൂരിൽ റഫാൽ വിമാനങ്ങൾ തകർന്നെന്ന് ഇന്ത്യ സമ്മതിച്ചോ?
മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ തകർന്നെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞതായാണ് പ്രചാരണം

Claim :
റഫാൽ തകർന്നെന്ന് വിദേശകാര്യ മന്ത്രിFact :
പ്രചാരണം വ്യാജം. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നൽകിയ അഭിമുഖത്തിലെ ഭാഗം എഡിറ്റ് ചെയ്ത് എഐ ഉപയോഗിച്ച് കൂട്ടിച്ചേർത്താണ് പ്രചാരണം
പഹൽഹമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ തകർത്തെന്നാണ് പാകിസ്താൻ വാദം. എന്നാൽ റഫാൽ തകർന്നിട്ടില്ലിന്നാണ് മാതൃ കമ്പനിയായ ഡിസോൾട് ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയേർ പറഞ്ഞത്. അതിനിടെ റഫാൽ തകർന്നെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സമ്മതിച്ചെന്ന അവകാശ വാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 19 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യ പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യയ്ക്ക് മൂന്ന് റഫാൽ വിമാനങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നത് കാണാം. തുടർന്ന് പാകിസ്താൻ നടത്തിയ ആക്രമണം അനീതിയാണെന്നും പറയുന്നുണ്ട്. പിന്നീട് അമേരിക്കൻ വിദേശാകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പാകിസ്താൻ ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചതായും പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. പാകിസ്താന്റെ പ്രത്യാക്രമണത്തെ തുടർന്ന് മൂന്ന് റാഫേൽ യുദ്ധവിമാനങ്ങളും മറ്റ് ഫൈറ്റർ ജെറ്റുകളും നഷ്ടപ്പെട്ടുവെന്ന് ആദ്യമായി സമ്മതിക്കാൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (എംഇഎ) നിർബന്ധിതമായി എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. പോസ്റ്റും ലിങ്കും ചുവടെ:


വസ്തുത പരിശോധന:
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താൻ ഇന്ത്യയുടെ റഫാൽ യുദ്ധ വിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സമ്മതിച്ചെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. വിദേശകാര്യ മന്ത്രിയുടെ മറ്റൊരു പ്രതികരണം എഡിറ്റ് ചെയ്താണ് പ്രചാരണം എന്ന് കണ്ടെത്തി.
വൈറലായ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, "രണ്ട് ദിവസം മുമ്പ് നമുക്ക് പാകിസ്താനോട് മൂന്ന് റാഫേൽ വിമാനങ്ങൾ നഷ്ടപ്പെട്ടിരുന്നു..." എന്ന് പറയുന്ന ഭാഗത്തെ ശബ്ദം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ യഥാർത്ഥ ശബ്ദവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടു. ക്ലിപ്പിൽ രണ്ട് വ്യത്യസ്ത ശബ്ദങ്ങൾ വ്യക്തമായി കേൾക്കാം. കൂടാതെ ജയശങ്കറിന്റെ ലിപ്-സിങ്കിൽ പൊരുത്തക്കേടുള്ളതായി അനുഭവപ്പെടുന്നുണ്ട്. ഇത് വീഡിയോ എഡിറ്റ് ചെയ്തതാണെന്ന സൂചന നൽകുന്നുണ്ട്.
പ്രചാരണത്തിൻ്റെ വസ്തുത അറിയാൻ വൈറൽ വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ റിവേഴ്സ്-ഇമേജിലൂടെ പരിശോധിച്ചപ്പോൾ 2025 ജൂലൈ 1 ന് ന്യൂസ് വീക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോ ലഭിച്ചു. 49 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ എസ് ജയ്ശങ്കറും ന്യൂസ് വീക്ക് സിഇഒ ദേവ് പ്രഗാദും തമ്മിലുള്ള സംഭാഷണമാണ്. വൈറൽ വീഡിയോയിലെ മന്ത്രിയുടെ വസ്ത്രവും പശ്ചാത്തലവും പ്രസ്തുത വീഡിയോയുമായി സമ്യം ഉള്ളതായി കാണാം.

വൈറൽ വീഡയോയിലെ ഭാഗം വീഡിയോയുടെ 43 മിനിറ്റ് അഞ്ച് സെക്കൻഡിൽ കാണാം . എന്നിരുന്നാലും, ഇന്ത്യ പാകിസ്താനോട് മൂന്ന് റഫാൽ ജെറ്റുകൾ നഷ്ടപ്പെട്ടതായി ജയ്ശങ്കർ പരാമർശിക്കുന്നില്ലന്ന് വ്യക്തമാണ്. യഥാർത്ഥ വീഡിയോയിൽ "നിങ്ങൾക്കറിയാവുന്ന കാര്യമാണ്, ആ രാത്രിയിൽ പാകിസ്താൻ തങ്ങളെ വലിയ തോതിൽ ആക്രമിച്ചു. അതിനുശേഷം തങ്ങൾ വളരെ വേഗത്തിൽ പ്രതികരിച്ചു. പിറ്റേന്ന് രാവിലെ, മിസ്റ്റർ റൂബിയോ തന്നെ വിളിച്ച് പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു." എന്നാണ് ജയ്ശങ്കർ പറയുന്നത്. വൈറൽ വീഡിയോയിലെ ഭാഗം ഇവിടെ ഉണ്ടെങ്കിലും റഫാൽ നഷ്ടപ്പെട്ടതായി വിദേശകാര്യ മന്ത്രി പറയുന്നില്ല. " നമുക്ക് മൂന്ന് റാഫേൽ വിമാനങ്ങൾ പാകിസ്താനോട് നഷ്ടപ്പെട്ടിരുന്നു" എന്ന വരി യഥാർത്ഥ വീഡിയോയുടെ ഈ ഭാഗത്ത് കൂട്ടിച്ചേർത്തതാണെന്ന സൂചന ലഭിച്ചു.
ഡീപ് ഫേക്കിലൂടെ ശബ്ദം കൂട്ടിച്ചേർത്തതാണോ എന്നറിയാൻ ഡീപ് വെയർ എഐ സ്കാന്നർ എന്ന എഐ ഡിറ്റക്ഷൻ പേജിലൂടെ പരിശോധിച്ചു. കൂട്ടിച്ചേർത്തതായി സൂചന ലഭിച്ചു ഭാഗമാണ് പരിശോധിച്ചത്. ഡീപ് ഫേക്കിലൂടെ മാറ്റം വരുത്തിയതാണെന്ന് വ്യക്തമായി.

കൂടുതൽ പരിശോധനയിൽ വിദേശകാര്യ മന്ത്രാലയം പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയതായി കണ്ടെത്തി. വിദേശകാര്യ മന്ത്രാലയത്തിൻ്റെ വസ്തുത പരിശോധന വിഭാഗമാണ് പ്രചാരണം വ്യാജമാണെന്ന് എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്.
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താൻ ഇന്ത്യയുടെ റഫാൽ യുദ്ധ വിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സമ്മതിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. ന്യൂസ് വീക്ക് സിഇഒ ദേവ് പ്രഗാദുമായുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ അഭിമുഖത്തിലെ പ്രതികരണത്തിൽ എഡിറ്റ് ചെയ്ത് പ്രസ്തുത ഭാഗം കൂട്ടിച്ചേർത്താണ് പ്രചാരണം എന്ന് കണ്ടെത്തി